Picsart 23 05 19 02 02 11 573

ബ്രൈറ്റണെ തോൽപ്പിച്ചു, ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് തൊട്ടരികിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായക വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അരികിൽ എത്തി. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രൈറ്റണെ തകർത്തു കൊണ്ടാണ് ന്യൂകാസിൽ യു സി എൽ യോഗ്യത എന്ന സ്വപ്നത്തിന് അടുത്ത് എത്തിയത്. ഇനി ഒരു വിജയം മതി ന്യൂകാസിലിന് ടോപ് 4 യോഗ്യത ഉറപ്പിക്കാൻ.

ഇന്ന് 22ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ന്യൂകാസിൽ ലീഡ് എടുത്തത്. 45ആം മിനുട്ടിൽ മുൻ ബ്രൈറ്റൺ താരം ഡാനി ബേർണിന്റെ ഗോളിൽ അവർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉണ്ടാവിലൂടെ ബ്രൈറ്റൺ ഒരു ഗോൾ തിരിച്ചടിച്ചത് കളി ആവേശത്തിലാക്കി. ബ്രൈറ്റൺ സമനില കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ലഭിച്ച ഒരു കൗണ്ടറിലൂടെ 89ആം മിനുട്ടിൽ കാലം വിൽസൺ ന്യൂകാസിലിന്റെ മൂന്നാം ഗോൾ നേടി.

ഇഞ്ച്വറി ടൈമിൽ സമാനമായ രീതിയിൽ ബ്രൂണോ ഗുമിറസും വല കുലുക്കി. ഇതോടെ സ്കോർ 4-1. ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 36 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയം നേടിയാൽ ന്യൂകാസിലിന് ടോപ് 4 ഉറപ്പിക്കാം.

ഇന്നത്തെ തോൽവിയോടെ ബ്രൈറ്റൺ 58 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. അവരുടെ യൂറോപ്യൻ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം.

Exit mobile version