ബ്രസീലിനായി ചരിത്രമെഴുതി നെയ്മർ

ബ്രസീലിന് വേണ്ടി ചരിത്രമെഴുതി പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ. ബ്രസീലിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നെയ്മർ. സെനഗലിനെതിരായ സൗഹൃദമത്സരത്തിലാണ് ഈ നേട്ടം നെയ്മർ സ്വന്തമാക്കിയത്. ബ്രസീൽ സെനഗൽ മത്സരം സമനിലയിൽ പിരിഞ്ഞു. 27ആം വയസിലാണ് ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി ഈ നേട്ടം നെയ്മർ കുറിക്കുന്നത്.

100 മത്സരങ്ങൾ തികച്ച നെയ്മർ 61 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിനു പുറമേ 41 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് നെയ്മർ. ഇതിഹാസ താരങ്ങളായ പെലെയും റോണോൾഡോയുമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്. 77 ഗോളുകളാണ് പെലെ 92 മത്സരങ്ങളിൽ നിന്നായി നേടിയിട്ടുള്ളത്. പെലെയുടെ റെക്കോർഡ് മറികടക്കാൻ നെയ്മറിനാകുമെന്നാണ് ബ്രസീലിയൻ ആരാധകർ പ്രതിക്ഷിക്കുന്നത്.

Exit mobile version