ബ്രസീലിന് തകർപ്പൻ ജയം

ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അർജന്റീന- ബ്രസീൽ മത്സരത്തില്‍ ബ്രസീലിനു 3-0 ൻറെ തകർപ്പൻ ജയം. ബ്രസീലിനു വേണ്ടി കൊട്ടീഞ്ഞോ(25), നെയ്‌മർ(45+), പൗളിഞ്ഞോ(58) എന്നിവർ ഗോൾ നേടി. ഈ തോൽവിയോട് കൂടി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയുടെ നില പരുങ്ങലിൽ ആയി. കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം പുറത്തിരുന്ന മെസ്സിയുടെ തിരിച്ചുവരവിനും അർജന്റീനയെ രക്ഷിക്കാനായില്ല.

അർജന്റീനക്കെതിരെ രണ്ടാമത്ത ഗോൾ നേടിയ നെയ്‌മർ ദേശിയ ടീമിന് വേണ്ടി 50 ഗോൾ തികച്ചു. 2014 ലെ ലോകകപ്പിൽ ജർമനിക്കെതിരെ 7-1 തോറ്റ ഗ്രൗണ്ടിലേക്ക് ബ്രസീലിനു ഇത് മാധുര്യം നിറഞ്ഞ തിരിച്ചു വരവായി. ദുംഗയുടെ കീഴിൽ കോപ്പ അമേരിക്ക ഗ്രൂപ്പ് കളികളിൽ പുറത്തായ ബ്രസീൽ അതിനു ശേഷം തുടർച്ചയായി 5 മത്സരങ്ങൾ പുതിയ കോച്ചിന് കീഴിൽ വിജയിച്ചു.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനു 11 കളികളിൽ നിന്ന് 24 പോയിന്റ് ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വാക്കു 23 പോയിന്റ് ഉണ്ട്. അതേ സമയം അർജന്റീന 16 പോയിന്റുകളുമായി 6 സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത സ്ഥാനത്തിന് പുറത്തു നിൽക്കുന്ന അർജന്റീനക്ക് അടുത്ത ആഴ്ച കൊളംബിയക്കെതിരെ നടക്കുന്ന കളി നിർണായകമാണ്.

മറ്റു സൗത്ത് അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഉറുഗ്വ 2-1 നു ഇക്കഡോറിനെ തോൽപ്പിച്ചു. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി സാഞ്ചസിന്റെ അഭാവത്തിൽ കൊളംബിയക്കെതിരെ ഗോൾ രഹിത സമനില വഴങ്ങി.
മറ്റു മത്സരങ്ങളിൽ പെറു 4-1 പരാഗ്വയെയും വെനുസുല 5-0 ബൊളീവിയയെയും തകർത്തു