ജർമ്മൻ കപ്പ് ഡോർട്ട്മുണ്ടിന്

ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബൊറുസിയ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പ് സ്വന്തമാക്കി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കിട്ടാതെ പോയ ജർമ്മൻ കപ്പ് ബ്ലാക്ക് ആൻഡ് യെല്ലോസ് ഇന്ന് സ്വന്തമാക്കി. ഡോർട്ട്മുണ്ടിന് വേണ്ടി ഒസ്മാൻ ഡെംബെലെയും ഓബ്മയാങ്ങും ഗോൾ നേടിയപ്പോൾ ആന്റെ റെബിക് ഫ്രാങ്ക്ഫർട്ടിന്റെ ആശ്വാസ ഗോൾ നേടി.

ഒളിമ്പിക്ക് സ്റ്റേഡിയത്തിലെ ആയിരക്കണക്കിനാരാധകരെ സാക്ഷി നിർത്തിയാണ് ഈഗിൾസ് ജർമ്മൻ കപ്പിനിറങ്ങിയത്. 2006 ന് ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫർട്ട് ഫൈനലിൽ എത്തുന്നത്. ടാറ്റൂ വിവാദത്തിൽ പെട്ട് ക്ലബ്ബിന് പുറത്ത് പോയ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ലോണീ താരം വരേലയ്ക്ക് പകരം മെദോജെവിക്കിനെയാണ് ഫ്രാങ്ക്ഫർട്ട് കോച്ച് നീകൊ കോവാക് കളത്തിലിറക്കിയത്. നൂറി സാഹിന് പകരം മതിയാസ് ഗിന്റെർ ഇറങ്ങി.

ഇത്തവണയും സൂപ്പർതാരം പിയറെ-എമെറിക് ഓബ്മയാങ്ങ് ബ്ലാക്ക് ആൻഡ് യെല്ലോസിനെ വിജയത്തിലേക്ക് നയിച്ചു. തുടക്കത്തിൽ തന്നെ ഇരുടീമുകളും അക്രമിച്ചു കളിച്ചു. ഡോർട്ട്മുണ്ടിന്റെ അക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് മാർകോ റൂസായിരുന്നു. ഇടത്തു കൂടി രണ്ട് തവണ ഫ്രാങ്ക്ഫർട്ടിന്റെ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞു. ഗോൾ അപ്പോളും അകന്നു നിന്നു. എന്നാൽ 8മത്തെ മിനുറ്റിൽ ഒസ്മാൻ ഡംബെലെയിലൂടെ ഡോർട്ട്മുണ്ട് ലീഡുനേടി. എന്നാൽ വീണ്ടും ഗോൾ നേടാൻ ഉള്ള ഡോർട്ട്മുണ്ടിന്റെ ശ്രമങ്ങൾ ഫ്രാങ്ക്ഫർട്ടിന്റെ പ്രതിരോധനിര പരാജയപ്പെടുത്തി. എന്നാൽ 29ആം മിനുറ്റിൽ ആന്റെ റെബിക്കിലൂടെ ഫ്രാങ്ക്ഫർട്ട് സമനില പിടിച്ചു. മെക്സിക്കൻ പ്ലെയ് മേക്കർ മാർകോ ഫാബിയൻ ഗാസിനോവികിനെ കബളിപ്പിച്ച് റെബികിന് കൊടുത്തത്. ഡോർട്ട്മുണ്ട് ഗോൾ കീപ്പർ ബുർകിയുമായി മുഖാമുഖം കണ്ട റെബികിന് പിഴച്ചില്ല. രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചു വരവ് നടത്തിയിട്ടുള്ള ഫ്രാങ്ക് ഫർട്ടിന് ഇക്കുറി അത് ആവർത്തിക്കാനായില്ല. അമേരിക്കൻ യുവതാരം പുളിസിക് കളത്തിലിറങ്ങിയ ശേഷം ഉണർന്ന് കളിക്കുവാൻ ഡോർട്ട്മുണ്ടിനായി. എന്നാൽ ഫ്രാങ്ക്ഫർട്ട് ഗോളി ലുക്കാസ് ഹ്രാഡ്കെയ് ക്രിസ്റ്റ്യൻ പുളിസികിനെ ബോക്സിൽ വീഴ്ത്തിയപ്പോൾ ഡോർട്ട്മുണ്ടിന് പെനാൽറ്റി ലഭിച്ചു. പെനാൽറ്റി എടുത്ത ഒബ്മയാങ്ങിന് ലക്ഷ്യം പിഴച്ചില്ല. കളിയവസാനിക്കാൻ അഞ്ച് മിനുറ്റ് ബാക്കി നിൽക്കുമ്പോൾ വീണ്ടും ഓബ്മയാങ്ങിന് അവസരം ലഭിച്ചെങ്കിലും  പോസ്റ്റിൽ തട്ടി ഗോളകന്നു. ഈ വിജയത്തോടു കൂടി തുടർച്ചയായ മൂന്ന് ഫൈനൽ പരാജയമെന്ന ചീത്തപ്പേര് ഡോർട്ട്മുണ്ടിന് മാറികിട്ടി. ഫ്രാങ്ക്ഫർട്ടിന് ഒരു ജർമ്മൻ കപ്പിനായിനിയും കാത്തിരിക്കണം. ഡോർട്ട്മുണ്ട് വിജയിച്ചതോടു കൂടി ഫ്രയ്ബർഗ് യൂറോപ്പ ലീഗിൽ കടന്നു.