ആരാധകരെ അറിയണം കേരള ബ്ലാസ്റ്റേഴ്സ്!

Crowd stand for the national anthem during match 4 of the Indian Super League (ISL) season 2 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium, Kochi, India on the 6th October 2015. Photo by Sandeep Shetty / ISL/ SPORTZPICS
- Advertisement -

എന്തു ചരിത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സിനുള്ളത്? ഏതു സൂപ്പർസ്റ്റാറാണ് മഞ്ഞ ജേഴ്സി അണിഞ്ഞിറങ്ങാനുള്ളത്? എത്ര കിരീടങ്ങളാണ് ഈ ടീമിന്റെ ഷെൽഫിലുള്ളത്? ഒന്നുമില്ല, ഒരു സൂപ്പർ താരവുമില്ല. എന്നിട്ടും ചാമ്പ്യൻസ് ലീഗ് നേടിയ ക്ലബുകൾക്കു പോലും പലപ്പോഴും കിട്ടാത്ത ആരാധകരുടെ സാഗരമാണ് കേരളത്തിന്റെ ഒരേയൊരു ഐഎസ്എൽ ടീമിനു വേണ്ടി ഗ്യാലറിയിലേക്ക് ഓരോ മത്സരത്തിനും ഒഴുകി എത്തുന്നത്.

നിരാശ സുനിശ്ചിതമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലങ്ങൾ ആ ആരാധകർക്ക് ഇപ്പോൾ ശീലമായി തുടങ്ങിയിരിക്കുന്നു. കളിയുള്ള ദിവസത്തെ കലൂർ സ്റ്റേഡിയത്തെ അറിയണം ഈ നിരാശയുടെ ആഴമറിയാൻ. ഉച്ച വെയിലിറങ്ങും മുന്നേ കൊച്ചി മുഴുവനായി കലൂരിലേക്ക് ഒതുങ്ങും. തെരുവു നിറയെ‌ മഞ്ഞ ജേഴ്സികൾ. കൊച്ചിയിലെ പേരുകേട്ട ട്രാഫിക് ബ്ലോക്കുകൾക്കിടയിൽ ബൈക്കുകളിലും കാറുകളിലും സിഗ്നൽ കാത്ത് നിൽക്കുന്ന മഞ്ഞക്കൊടികൾ പറക്കുന്നുണ്ടാകും. കലൂർ സ്റ്റേഡിയത്തിന് കിലോമീറ്ററുകളിപ്പുറം വരെ പാർക്കിംഗ് കിട്ടാത്തതിൽ തളരാതെ ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ചും ആർപ്പു വിളിച്ചും നടന്നു വരുന്ന കൂട്ടങ്ങൾ. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നു വരുന്നവർക്കും ഒരൊറ്റ മഞ്ഞ നിറം.

സ്റ്റേഡിയത്തിനു ചുറ്റും ചായം പൂശിയ മുഖങ്ങളും തലകളും. ചായം പൂശാത്തവരെ തേടി കൈയിൽ ചായവുമായി പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ. ബ്ലാക്കിന് ടിക്കറ്റ് വിൽക്കുന്നവർ ജേഴ്സി വിൽക്കുന്നവർ, ബ്ലാസ്റ്റേഴ്സ് ബലൂണുകൾ, തോരണങ്ങൾ, ഹെഡ് ബാന്റുകൾ… അങ്ങനെ അങ്ങനെ ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകന്റേയും വികാരം കച്ചവടമാക്കുന്ന കലൂർ സ്റ്റേഡിയത്തിന്റെ പുറം.

അകത്ത് ബാൻഡുകളും വിസിലുകളുമായി മഞ്ഞയണിഞ്ഞവർ മാത്രം. ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും വേണ്ടിയല്ലാത്ത ഒരു ശബ്ദവും കേൾക്കാൻ പാടില്ലാന്ന് ഉറപ്പിക്കാൻ ബാൻഡുകൾ കളിക്കു കുറേ മുന്നേ കൊട്ടു തുടങ്ങും. കളിക്കാർ പരിശീലനത്തിനു വേണ്ടി കലൂരിന്റെ ടർഫിൽ ഇറങ്ങുന്നതു മുതൽ അങ്ങോട്ട് ആരവങ്ങളേയുള്ളൂ. എതിർ പകുതിയിൽ എവിടെ കേരളത്തിനു പന്തു കിട്ടിയാലും ഗ്യാലറി മുഴുവൻ ആകാംക്ഷയോടെ എഴുന്നേൽക്കും. ബ്ലാസ്റ്റേഴ്സ് ത്രീ ക്ലാപ്പ് ചാന്റും പ്രശസ്തമായ സച്ചിൻ ചാന്റും ഇടയ്ക്കിടെ അറുപതിനായിരവും ഒരുമിച്ചു പാടും. മെക്സിക്കൻ തിരമാലകളുടെ അനുകരണം കളി നിൽക്കുന്ന സമയങ്ങളിൽ ഗ്യാലറിയെ പ്രദക്ഷിണം വെക്കും.

ഇന്നും വിജയമില്ലാന്ന് മനസ്സിലായി തുടങ്ങുമ്പോൾ ക്ഷീണിക്കുന്ന ആരവങ്ങൾക്കിടയിൽ നിന്ന് ആരേലും മെല്ലെ പറഞ്ഞു തുടങ്ങും “ഹ്യൂമിനെ ഒക്കെ ആരേലും വിൽക്കുമോ?”. ഹ്യൂമേട്ടന്റെ പേരവസാനിക്കും മുന്നേ പിഴേയ്സൺ എന്ന പേരും ആളുകൾക്കിടയിൽ നിന്നുയരും. വീണ്ടും ബ്ലാസ്റ്റേഴ്സിനു പന്തു കിട്ടും ആവേശം അടക്കിപിടിച്ച ആരാധകർ വീണ്ടും എഴുന്നേറ്റു നിന്ന് ആർപ്പു വിളിച്ചു. “ഹോസുവിനെ എന്തിനാണ് അങ്ങ് ലെഫ്റ്റ് ബാക്കിൽ കൊണ്ടിടുന്നത്” “വിനീതെങ്കിലും ഉണ്ടായിരുന്നെങ്കിൽ..” “അല്ലേലും ഇവർക്ക് വേണ്ടി ചങ്കു പൊട്ടി വിളിക്കുന്ന നമ്മളെ പറയണം”… വീണ്ടും കേരളത്തിന്റെ മുന്നേറ്റം ആർപ്പുവിളികളുടെ ആവർത്തനം.

അവസാനത്തെ  വിസിൽ മുഴങ്ങുമ്പോള്‍ ഓർമ്മിക്കാനായി ആരാധകർക്ക് ഗ്യാലറിയിലെ അനുഭവം മാത്രമേ കാണൂ. ഇന്നത്തെ കുറവുകൾ പറഞ്ഞ് അടുത്ത കളിക്ക് ഇനിയൊരു കുട്ടിയും വരില്ലാന്നും പറഞ്ഞ് ആരാധകർ മെല്ലെ കലൂർ വിടും. അടുത്ത കളിക്കും ഇതേ ആവേശത്തിൽ ഇതിലും ആൾക്കാരോടെ കലൂരിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങും.

ആരാധകർക്ക് എന്താണ് കിട്ടുക? ലോകത്തെ തന്നെ ഏറ്റവും മികച്ച ആരാധകർ എന്ന സന്ദർശക ടീമിന്റെ അഭിപ്രായം. ക്ഷമ ചോദിച്ചുള്ള സ്വന്തം കളിക്കാരുടെ പതിവു ട്വീറ്റുകൾ. വൈരികളായ എതിർ ടീം ആരാധകരുടെ കൈയിൽ നിന്നുള്ള പരിഹാസവും. ഗ്യാലറി ടിക്കറ്റിന് നൂറു ശതമാനം വിലകൂട്ടിയിട്ടും പ്രതിഷേധിക്കാതെ ഗ്യാലറി നിറഞ്ഞു തന്നെ നിർത്തുന്നതിന് ആരാധകർക്ക് ഇതാണോ ടീം നൽകേണ്ടത്.

കേരള ബ്ലാസ്റ്റേഴ്സിനു മുൻപ് കേരളത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിച്ച ക്ലബിനെ എല്ലാവരുമൊന്നും ചിലപ്പോൾ ഓർക്കുന്നുണ്ടാവില്ല. എൻപി പ്രദീപും അനിൽ കുമാറും എം പി സക്കീറും  അവരുടെ പ്രതാപത്തിൽ ബൂട്ടണിഞ്ഞ വിവാ കേരള. ഇന്നത്തെ ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം വിനീത് ആദ്യമായി ദേശീയ തലത്തിൽ പന്തു തട്ടിയ ക്ലബ്. ആ വിവാ കേരളയ്ക്കും പഴയ എഫ് സി കൊച്ചിൻ ക്ലബിനും സംഭവിച്ചത് കേരളത്തിൽ ഇനിയും ആവർത്തിക്കുമോ എന്ന ഭയം ഫുട്ബോളിനെ അറിയുന്ന മലയാളിക്ക് വരുന്നുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ആ‌ ക്ലബുകളെ ഒക്കെ നയിച്ചത് മത്സര ഫലങ്ങളായിരുന്നു. ബ്ലാസ്റ്റേഴ്സും ആ വഴിയിലേക്ക് നടക്കരുത്. ഒന്നു കൂടെ ഉയർത്തെഴുന്നേൽക്കാൻ മാത്രം കരുത്ത് കേരള ഫുട്ബോളിന് ഇനിയുമുണ്ടോ എന്നുറപ്പില്ല. കേരളാ ഫുട്ബോൾ ഇതിഹാസങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്ന പഴയ മൈതാനമല്ല.

ഏതോ ലോക്കൽ ചാനൽ ക്യാമറയ്ക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലുള്ള ഒരു കൂട്ടം പറഞ്ഞു  “ഞങ്ങൾക്ക് വേണ്ടത് ഈ ഫലങ്ങളല്ല, ഇതേ പോലുള്ള ബോറൻ കളികളുമല്ല, സത്യമാണത്, പക്ഷെ അതു കൊണ്ട് ഞങ്ങൾ കളി കാണാതെയിരിക്കില്ല, കാരണം ഞങ്ങടെ നാടിന് വേണ്ട കളി ഫുട്ബോൾ ആണ്” ഇങ്ങനെ പറയുന്ന ആരാധകർക്ക് വേണ്ടിയെങ്കിലും… കേരളാ ഫുട്ബോളിനു വേണ്ടിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തെഴുന്നേൽക്കേണ്ടി ഇരിക്കുന്നു.

Advertisement