Local Sports News in Malayalam

ബ്ലാസ്റ്റേഴ്സ് ആരാധകരെ, ചാന്റ്സ് ഗ്യാലറി ഏറ്റുപാടുന്ന കാലം വരും

ഐ എസ് എല്ലിലെ ആദ്യ മത്സരം. നെമാഞ്ച ലാകിച് പെസിച് എന്ന സെർബിയൻ താരത്തിന്റെ അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തൽ കൂടെ… മാഞ്ചസ്റ്ററിലെ സ്റ്റെഫോർഡ് എൻഡിൽ നിന്ന് ഉറക്കെ ഉയർന്നിരുന്ന അതേ ചാന്റ് കലൂരിലെ ഈസ്റ്റ് ബ്ലോക്കിൽ നിന്ന്…

“നെമാഞ്ച ഓഹ് നെമാഞ്ച ഓഹ്.. ഹി കംസ് ഫ്രം സെർബിയ, ഹി വിൽ ഫ*** മർഡർ യ”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ നെഞ്ചോട് ചേർത്ത ഡിഫൻസിലെ ഉരുക്കുകോട്ടയായ നെമാഞ്ച വിഡിചിനു വേണ്ടി പാടിയ ആ ചാന്റ് കലൂരിലും ഉയർന്ന് കേട്ടപ്പോൾ വർഷങ്ങളായി യൂറോപ്യൻ ഫുട്ബോൾ കണ്ട് വളർന്ന ഒരു ചെറിയ ഹൃദയത്തിന് വലിയ സന്തോഷം തന്നെ ലഭിച്ചു. ഈസ്റ്റ് ബ്ലോക്കിൽ ആ ചാന്റ് തുടങ്ങിയ അത്രപേർ ചിലപ്പോൾ അത് മുഴുവിപ്പിച്ചു കാണില്ല, പക്ഷെ അതിൽ നിരാശയില്ല. നാലു വർഷമായി നടക്കുന്ന ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ് ആരാധകരിൽ നിന്ന് ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് 3 ക്ലാപ്സ് ചാന്റും, സച്ചിൻ ചാന്റും അല്ലാതെ എന്തെങ്കിലും കേൾക്കാൻ കഴിയുന്നത്.

മറ്റു ക്ലബുകളെ പോലെ സ്റ്റേഡിയത്തിലെ ഏതേലും നാലു റോയിൽ ഒതുങ്ങുന്ന ആരാധകരല്ല കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത് എന്നതു തന്നെയാണ് ചാന്റ്സ് ഏകോപിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. അരലക്ഷത്തോളം വരുന്ന കാണികളിൽ ഭൂരിഭാഗവും സാധാരണക്കാരായ മനസ്സിൽ ഫുട്ബോളിനോട് സ്നേഹം മാത്രമുള്ള ആൾക്കാരാണ്. യൂറോപ്യൻ ഫുട്ബോളും ചാന്റ് സംസ്കാരവും ഒന്നും ആ പാവങ്ങൾക്ക് മനസ്സിലാകാത്തതിന് അവരെ അധിക്ഷേപിച്ചിട്ടോ അവരോട് കോപം കൊണ്ടിട്ടോ കാര്യമില്ല. അവരുടെ എതിർപ്പുകൾ നിഷകളങ്കമായി വരുന്നതാണ് എന്ന് മഞ്ഞപ്പടയും ചാന്റ്സ് പാടാൻ ഒരുമിക്കുന്നവരും മനസ്സിലാക്കണം.

ആദ്യ തവണ തന്നെ ‘ചാന്റ് സ്റ്റേഡിയം മുഴുവനും ഏറ്റുപ്പാടുന്നില്ല’ എന്ന് പറഞ്ഞ് നിരാശപ്പെടുകയല്ല ആരാധകർ ചെയ്യേണ്ടത്. ചാന്റ്സ് ഏറ്റുപാടാത്തത് ഭാഷയുടെയെ പ്രശ്നം കൊണ്ടല്ല. മലയാളം ആയാലും ഇംഗ്ലീഷ് ആയാലും ആരും ഒരു ദിവസം കൊണ്ട് ഒപ്പം പാടാൻ ഇറങ്ങില്ല. മഞ്ഞപ്പട എന്ന ആരാധക കൂട്ടായ്മ ചാന്റ്സ് ഒരുക്കാനും അത് ആരാധകരിൽ എത്തിക്കാനും എടുക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. എന്നാൽ ഒരു ആപ്പിൽ നിന്നോ യൂടൂബ് ലിങ്കിൽ നിന്നോ ചാന്റ്സ് സാധാരണക്കാരായ ആരാധകരിൽ എത്തുന്നതിന് പരിതിയുണ്ട് എന്നതാണ് കാര്യം.

മറ്റുള്ളവർ എന്തു ചെയ്യുന്നു എന്ന് നോക്കാതെ ഈസ്റ്റ് ബ്ലോക്കിൽ ഒരുമിച്ചു കൂടുന്ന മഞ്ഞപ്പട കൂട്ടം ചാന്റ്സ് ഇനിയും പാടുക. കേൾക്കും തോറും ആൾക്കാര് ഒപ്പം കൂടും. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബ്ലോക്കിന്റെ മുകളിലെ സ്റ്റാൻഡിൽ ഇരിപ്പിടം കിട്ടിയ ഈ എളിയവൻ വരെ അടുത്ത തവണ താഴെ ചാന്റ്സ് പാടുന്നവരുടെ കൂടെ ഇരിക്കണം എന്നാഗ്രഹിച്ചു പോയി. ഈ ആഗ്രഹങ്ങൾ ഒരാളിൽ മാത്രമായിരിക്കില്ല വന്നത്. ശബ്ദം കൂടും തോറും, കേട്ടു തുടങ്ങും തോറും, പാടാൻ ആൾക്കാരും കൂടി വരും.

ഒരു ഗ്യാലറിയും ഒരു ചാന്റും ഒരു സുപ്രഭാതം കൊണ്ട് ഏറ്റുപാടി തുടങ്ങിയിട്ടില്ല. എല്ലാവരും ചാന്റ്സ് പാടുന്ന ഒരു കാലം വരികയുമില്ല. അതുകൊണ്ട് ഒരു സീസൺ മുഴുക്കെ ആര് ഒപ്പം കൂടിയിയാലും ഇല്ലേലും ആരു എതിർത്താലും ചാന്റ്സ് പാടുക. അങ്ങനെ ചെയ്താൽ അടുത്ത സീസണിൽ നിങ്ങൾ പാടാതെ തന്നെ, ആപ്പ് നോക്കാതെ തന്നെ പാടാൻ കഴിയുന്ന ഗ്യാലറി പിറന്നിട്ടുണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like