നീലഗിരി ഇന്റെർ സ്‌റ്റേറ്റ് ഇന്റെർ കോളജിയേറ്റ് ഫുട്ബോൾ – ഭാരതിയാർ യൂണിവേഴ്സിറ്റി കോളജ് ചാമ്പ്യൻമാർ

- Advertisement -

ഊട്ടി: തളൂർ നീലഗിരി ആർട്സ് ആന്റ് സയൻസ് കോളജിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വന്നിരുന്ന തമിഴ്നാട് കേരള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കോളജ് ടീമുകൾ പങ്കെടുത്ത നീലഗിരി ഇന്റെർ സ്റ്റേറ്റ് ഇന്റെർ കോളജിയറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ താളൂർ നീലഗിരി ആർട്സ് ആന്റ് സയൻസ് കോളജിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി കൊണ്ട് മലപ്പുറം സ്വദേശികളായ കോളജിലെ അവസാന വർഷ എം. എസ്. ഡബ്ലിയു വിദ്യാർത്ഥി സി.സുർജിത്ത് ലാൽ, അവസാന വർഷ എം.കോം വിദ്യാർത്ഥി സി.ടി. ലബീബ്, അവസാന വർഷ ബി.ബി.എ ബിരുദ വിദ്യാർത്ഥി ടി.വി മുഹമ്മദ് സജീറലി, രണ്ടാം വർഷ ബി.ബി.എ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷഫീഖലി എന്നിവരടങ്ങിയ ഗൂഢലൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ആർട്സ് ആന്റ് സയൻസ് കോളജ് (BUASC) ടീം ജേതാക്കളായി.

ജേതാക്കളടക്കം തമിഴ്നാട്ടിൽ നിന്നുള്ള ആറു പ്രമുഖ കോളജുകളും കേരളത്തിൽ നിന്ന് വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ്, കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് എന്നിവയുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറിൽ മലയാളി കരുത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ഗൂഢല്ലൂർ ഭാരതിയാർ കോളജ് നേരത്തെ ക്വാർട്ടർ ഫൈനലിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും സെമി ഫൈനലിൽ ഊട്ടി സി.എസ്.ഐ എൻജിനീയറിങ്ങ് കോളജിനെ എതിരില്ലാത്ത നാല് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ഫൈനൽ ബെർത്ത് നേടിയിരുന്നത്.


ടൂർണ്ണമെൻറിലുടനീളം ഗൂഢല്ലൂർ നേടിയ ഒമ്പത് ഗോളുകളിൽ മൂന്നെണ്ണം അവരുടെ മുന്നേറ്റ നിര താരം മലപ്പുറം മൊറയൂർ -ഒഴുകൂർക്കാരൻ ഷഫീഖലിയുടെയും ഒരു ഗോൾ ടീമിന്റെ എല്ലാ മുന്നേറ്റങ്ങൾക്കും മധ്യ നിരയിൽ നിന്ന് ഊർജ്ജം പകർന്ന കൊണ്ടോട്ടിക്കാരൻ സി. സുർജിത്ത് ലാലിന്റെ വകയുമായിരുന്നു. പിൻ നിരയിൽ മലപ്പുറം നെടിയിരുപ്പുകാരൻ സി.ടി ലബീബ് വലത് വിങ്ങിലും പൂക്കോട്ടൂർക്കരൻ ടി.വി മുഹമ്മദ് സജീറലി ഇടത് വിങ്ങിലും ഇറങ്ങിയും കയറിയും പ്രതിരോധത്തിനും അക്രമണത്തിനും ഒരുപോലെ മിടുക്കു കാട്ടിയത് ടീമിന്റെ വിജയക്കുതിപ്പിന് ആക്കം വർദ്ധിപ്പിച്ചു ഭാരതിയാർ കോളജിന്റെ പ്രതിരോധ തികവ് സൂചിപ്പിക്കുന്നതാണ് മൊത്തം ഒമ്പത് ഗോൾ നേടിയ ടീം ഒരേ ഒരു ഗോൾ മാത്രമേ വഴങ്ങിയതൊള്ളൂ എന്നത്.

ഫൈനലിലെ രണ്ട് ഗോൾ അടക്കം മൊത്തം അഞ്ച് ഗോൾ നേടിയ ഗൂഢല്ലൂർ ഭാരതിയാർ കോളജിന്റെ വിഷ്ണുവിനെയാണ് ടൂർണ്ണമെന്റിന്റെ താരമായി തെരെഞ്ഞെടുക്കപ്പെട്ടത്… ജേതാക്കൾക്ക് റോളിംഗ്‌ ട്രോഫിയും പതിനായിരത്തൊന്നു രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു.

Advertisement