ബെംഗളൂരു എഫ് സി പുതുയുഗത്തിന് നാളെ തുടക്കം, എതിരാളികൾ കൊറിയ പട്ടാളം

ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തിയതോടെ നാലു വർഷമായി ഉണ്ടായിരുന്ന മികച്ച സ്ക്വാഡ് നഷ്ടപ്പെട്ട ബെംഗളൂരു എഫ് സിയുടെ യാത്ര നാളെ മുതൽ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയാണ്. ചെറിയ കാലയളവിൽ തന്നെ രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ് എന്ന് പേരു സമ്പാദിച്ച ബെംഗളൂരു എഫ് സിക്ക് കനത്ത വെല്ലുവിളിയാകും ഈ സീസൺ. അതിന്റെ ആദ്യ പരീക്ഷണമാണ് നാളെ എ എഫ് സി കപ്പ് ഇന്റർസോൺ സെമി ഫൈനൽ. ഉത്തര കൊറിയൻ ആർമി ക്ലബായ ഏപ്രിൽ 25നെതിരെയാണ് നാളെ ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.

ഐ എസ് എൽ ഡ്രാഫ്റ്റ് സിസ്റ്റത്തിന്റെ ഭാഗമായതോടെ ജിങ്കൻ, വിനീത്, റിനോ, അമ്രീന്ദർ, ലിംഗ്ദോഹ് തുടങ്ങി തങ്ങളുടെ ഒരു പിടി മികച്ച കളിക്കാരെയാണ് ബെംഗളൂരുവിന് ഈ സീസണിൽ നഷ്ടമായത്. സുനിൽ ഛേത്രി, ഉദാന്ത സിംഗ് തുടങ്ങി കുറച്ച് പഴയ കളിക്കാരെ ടീമിൽ നിലനിർത്താൻ കഴിഞ്ഞു എങ്കിലും തീർത്തും പുതിയ സ്ക്വാഡ് തന്നെയാണ് ആൽബർട്ട് റോക്കയുടെ ഒപ്പം ഉള്ളത് എന്നു തന്നെ പറായാം. ഈ പുതിയ സ്ക്വാഡിന് ഇണങ്ങാനുള്ള സമയം വരെ കിട്ടുന്നതിനു മുമ്പാണ് എ എഫ് സി കപ്പ് മത്സരം ബെംഗളൂരുവിനെ തേടി എത്തിയിരിക്കുന്നത്.

സ്പെയിനിൽ പ്രീ സീസൺ മത്സരത്തിനു വേണ്ടി ബെംഗളൂരു എഫ് സി പുതിയ സ്ക്വാഡുമായി പോയി എങ്കിലും നിരാശയായിരുന്നു അവിടെ ഫലം. ഇറങ്ങിയ മൂന്നു പ്രീ സീസൺ മത്സരങ്ങളിലും പരാജയപ്പെട്ട ബെംഗളൂരുവിന് ഒരു മത്സരത്തിൽമാത്രമെ ഗോൾ വരെ നേടാനായുള്ളൂ. എന്നാൽ സ്പെയിൻ യാത്ര റിസൾട്ടിനായിരുന്നില്ല ടീമിന്റെ ഒത്തിണക്കം മെച്ചപ്പെടാനും ടീമിനെ കൂടുതൽ അറിയാനും ആയിരുന്നു എന്നാണ് റോക്ക പറയുന്നത്. അതുകൊണ്ട് തന്നെ സ്പെയിൻ യാത്ര ഗുണം ചെയ്യുമെന്നും റോക്ക പറയുന്നു. സ്പെയിൻ യാത്രയേക്കാൾ ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പ് ഒരുക്കത്തിന് ഊർജ്ജമായത് കഴിഞ്ഞ ദിവസം ടീമിലേക്ക് എത്തിയ ഇന്ത്യ ഒന്നാം നമ്പർ ഗുർപ്രീത് സിംഗിന്റെ വരവാകും.

യൂറോപ്പ് വിട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഗുർപ്രീതിന്റെ തീരുമാനം ബെംഗളൂരുവിന് ഗുണം ചെയ്യും. സുനിൽ ഛേത്രിയെ പോലെ തന്നെ ടീമിനെ നയിക്കാൻ കഴിവുള്ള താരമാണ് ഗുർപ്രീതും. ഗുർപ്രീതിനെ കൂടാതെ ടീമിലേക്ക് പുതുതായി എത്തിയ വിദേശ സൈനിംഗുകളും ബെംഗളൂരു ജേഴ്സിയിൽ തിളങ്ങുമെന്നാണ് വെസ്റ്റ് ബ്ലോക്ക് ആരാധകർ കരുതുന്നത്. സ്പെയിനിൽ നിന്ന് പുതുതായി എത്തിയ ദിമാസ് ദെൽഗാഡോ ആസ്ട്രേലിയൻ താരം എറിക് പാർതാലു എന്നിവരിൽ നിന്നൊക്കെ മികച്ച സീസൺ തന്നെയാണ് ബെംഗളൂരു പ്രതീക്ഷിക്കുന്നത്.

മോഹൻ ബഗാൻ ഉൾപ്പെടെയുള്ള ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെംഗളൂരു എഫ് സി ഇന്റർ സോൺ സെമിയിലേക്ക് കടന്നത്. കൊറിയൻ ക്ലബായ ഏപ്രിൽ 25ഉം ഗ്രൂപ്പ് ചാമ്പ്യന്മാരായണ് ബെംഗളൂരുവിലേക്ക് എത്തുന്നത്. സ്ട്രൈക്കർ കിം യു സുങ്ങിന്റെ മികച്ച ഫോമാണ് കൊറിയൻ ടീമിന്റെ ശക്തി. ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ നിന്ന് ഒമ്പതു ഗോളുകളാണ് കിം അടിച്ചു കൂട്ടിയത്. ബെംഗളൂരു ടീം ആകെ 7 ഗോളുകളെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയിട്ടുള്ളൂ.

നാളെ രാത്രി 7 മണിക്കാണ് മത്സരം നടക്കുക. മത്സരം എ എഫ് സിയുടെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീം ചെയ്യാനാണ് എ എഫ് സിയുടെ തീരുമാനം. കേരള താരങ്ങളായ വിനീതും റിനോ ആന്റോയും അണിഞ്ഞ നീല ജേഴ്സിയിൽ ഇത്തവണയും ഒരു മലയാളി ഉണ്ട്. യുവ താരം ലിയോൺ അഗസ്റ്റിൻ. അഗസ്റ്റിന്റെ ബെംഗളൂരു എഫ് സി അരങ്ങേറ്റം നാളെ ഉണ്ടാകുമോ എന്നതാണ് കേരള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleBack to the ‘courts’
Next articleവിനീതും റിനോയും വീണ്ടും ബെംഗളൂരുവിൽ, ഇത്തവണ ഗ്യാലറിയിൽ ഇരുന്ന് പിന്തുണക്കാൻ