ഉത്തര കൊറിയൻ പട്ടാളത്തെ നിഷ്പ്രഭരാക്കി ഛേത്രിയും സംഘവും

ടീം പുതിയതാകാം പക്ഷെ ബെംഗളൂരു എഫ് സി പഴയ ബെംഗളൂരു എഫ് സി തന്നെയാ!! ബെംഗളൂരു എഫ് സി അതാണ് കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് 90 മിനുട്ടുകൾ കൊണ്ട് ഫുട്ബോൾ ലോകത്തോട് പറഞ്ഞത്. ഐ എസ് എൽ ഡ്രാഫ്റ്റ് കാരണം തങ്ങളുടെ മികച്ച കളിക്കാരെയും വർഷങ്ങളായി വളർത്തിയെടുത്ത സ്ക്വാഡും നഷ്ടമായ ബെംഗളൂരു എഫ് സിക്ക് ഇന്നത്തെ ദിവസം ഒരു വലിയ പരീക്ഷണമായിരുന്നു. എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ. അതും മികച്ച ഫോമിലുള്ള കൊറിയൻ പട്ടാളത്തിന്റെ ടീമായ ഏപ്രിൽ 25 എന്ന ക്ലബുമായി. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയത്തോടെയാണ് ആ പരീക്ഷണത്തെ ബെംഗളൂരു മറികടന്നിരിക്കുന്നത്.

പുതിയ സൈനിംഗ് ഗുർപ്രീത് സിംഗിനെ ഗോൾ പോസ്റ്റിൽ ഇറക്കി കൊണ്ട് തുടങ്ങിയ ബെംഗളൂരുവിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ട ബെംഗളൂരു കളി പുരോഗമിക്കും തോറും മികച്ചതായി വരികയായിരുന്നു. 32ാം മിനുട്ടിൽ ഉദാന്തയെ ഏപ്രിൽ 25 ഗോൾ കീപ്പർ ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് കിട്ടിയ പെനാൾട്ടി ആണ് കളിയിൽ വഴിത്തിരിവായത്. പെനാൾട്ടിയെടുക്കാൻ എത്തിയ സുനി ഛേത്രി ഗോൾ കീപ്പറെ കബളിപ്പിച്ച് ലോബ് ചെയ്ത് ലക്ഷ്യത്തിലെത്തിച്ച് ബെംഗളൂരുവിന് ലീഡ് നേടികൊടുത്തു.

ഗോളിനു ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ബെംഗളൂരു പിന്നീട് പിച്ചിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 51ാം മിനുട്ടിൽ ഫ്ലാഷ് മാൻ ഉദാന്തയുടെ വലതു വിങ്ങിലൂടെയുള്ള ഒരു ഫ്ലാഷ് കുതിപ്പിനൊടുവിൽ ബെംഗളൂരു ലീഡ് രണ്ടാക്കി ഉയർത്തി. ഉദാന്തയുടെ ഒരു ഇടം കാലൻ സ്ട്രൈക്കാണ് ഏപ്രിൽ 25 ഗോൾ കീപ്പറെ കീഴടക്കിയത്.

രണ്ടാം പകുതിയിലെ ശക്തമായ മഴ കൊറിയൻ ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. 78ാം മിനുട്ടിൽ ലെന്നി റോഡ്രിഗസാണ് മൂന്നാം ഗോളുമായി കണ്ഠീരവയെ ആഘോഷത്തിലാക്കിയത്. സുനിൽ ചേത്രിയുടെ ക്രോസിൽ നിന്നായിരുന്നു ലെന്നിയുടെ ഗോൾ.

സെപ്റ്റംബർ 13നാണ് കൊറിയയിൽ വെച്ച് സെമി ഫൈനലിന്റെ രണ്ടാം പാദം നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
Next articleഹരിയാനയെ പേടിപ്പിച്ച് ഡല്‍ഹി, വിജയം കൈവിട്ടത് 2 പോയിന്റിനു