ബെംഗളൂരു എഫ്സിയുടെ ഏഷ്യൻ സ്വപ്നങ്ങൾക്ക് വിരാമം

- Advertisement -

അങ്ങിനെ ബെംഗളൂരു എഫ്സിയുടെ എ എഫ്‌സി കപ്പിലെ സ്വപ്നകുതിപ്പിന് വിരാമം. സെമി ഫൈനലിൽ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളിന് താജിക്കിസ്ഥാൻ ടീം ഇസ്‌തികലോലിനോട് പരാജയപ്പെട്ടതോടെയാണ് ടീം പുറത്തായത്.

ബംഗളൂർ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ പെനാൽറ്റി വഴങ്ങിയതാണ് ബെംഗളുരുവിന്റെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചത്.പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചു നൂറുദിൻ ഇസ്‌തികലോൽ വിജയം ഏറെക്കുറെ ഉറപ്പിക്കുകയായിരുന്നു.

എന്നാൽ നിരന്തരം ആക്രമിച്ചു കളിച്ച ബെംഗളൂരു നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഇരുപത്തി നാലാം മിനുട്ടിൽ കിട്ടിയ കോർണർ കൃത്യമായി ഹെഡ്‌ ചെയ്തു വലയിലെത്തിച്ചു രാഹുൽ ഭേകെ ബെംഗളൂരു പ്രതീക്ഷകൾ നിലനിർത്തി.തുടർന്നും ഇസ്‌തികലോൽ ഗോൾമുഖത്തു ബെംഗളൂരു നിരന്തരം ആക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് ഖബ്റ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബെംഗളൂരുവിന്റെ അക്രമത്തിന്റെ മൂർച്ച കുറയുകയായിരുന്നു.

രണ്ടാം പകുതിയുടെ 56 ആം മിനുട്ടിൽ താജിക് ടീമിന്റെ രണ്ടാം ഗോളും പിറന്നതോടെ മത്സരം പൂർണമായും കൈവിട്ടു പോവുകയായിരുന്നു. 65 ആം സുനിൽ ഛേത്രി നേടിയ പെനാൽറ്റി ഗോളിനും മത്സര ഗതി മാറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ 2-2 ന് മത്സരം അവസാനിക്കുമ്പോൾ ഇരുപാദങ്ങളിലുമായി 3-2 ലീഡോടെ ഇസ്തികലോൽ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്താൻ ബെംഗളുരുവിനു കഴിഞ്ഞെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

നവംബർ 4ന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ ഇറാഖ് ടീം എയർ ഫോഴ്സ് ക്ലബാണ് ഇസ്‌തികലോലിന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement