അതിരുവിട്ട് ബെംഗളൂരു ഫാൻസ്, വിനീതിനും റിനോയ്ക്കും ഗ്യാലറിയിൽ അപമാനം

ബെംഗളൂരു ഫാൻസും കേരള ബ്ലാസ്റ്റേഴ്സ് ഫാൻസും തമ്മിലാകും ഇന്ത്യൻ ഫുട്ബോളിലെ വരാനിരിക്കുന്ന ഏറ്റവും വലിയ പോര് എന്ന് ഇപ്പോഴേ ഉറപ്പിക്കാം. ആ പോര് ഇതുവരെ ആരംഭിച്ചില്ലായെങ്കിൽ ഇന്നലെ അതിന് ആദ്യ തിരി ബെംഗളൂരു ഫാൻസ് കണ്ടീരവ സ്റ്റേഡിയത്തിൽ കൊളുത്തി. വർഷങ്ങളായി ബെംഗളൂരുവിന് വേണ്ടി വിയർപ്പൊഴുക്കി കളിച്ച സി കെ വിനീതിനേയും റിനോ ആന്റോയേയും ഗ്യാലറിയിൽ നിർത്തി ബ്ലാസ്റ്റേഴ്സിനെതിരെ F**** വാക്കുപയോഗിച്ച് ചാന്റ്സുപാടി അപമാനിച്ചതാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന ബെംഗളൂരുവിന്റെ എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ ആദ്യ പാദം കാണാൻ തീർത്തും ആരാധകരായി എത്തിയതായിരുന്നു റിനോ ആന്റോയും സി കെ വിനീതും. ഇരുവരുടേയും വലിയ ആഗ്രഹമായ വെസ്റ്റ് ബ്ലോക്ക് സ്റ്റാൻഡിൽ ഇരുന്ന് കളികാണുക എന്ന ലക്ഷ്യം പൂർത്തിയായി എങ്കിലും സ്റ്റാൻഡിൽ അവർക്ക് നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. ആദ്യം വിനീതിനേയും റിനോയേയും നല്ല ചാന്റ്സുമായി ആരാധകർ സ്വീകരിച്ചു, പക്ഷെ പിന്നീട് ഒരു കൂട്ടം ആരാധകർ വിനീതിന്റേയും റിനോയുടേയും ഇപ്പോഴത്തെ ക്ലബായ ബ്ലാസ്റ്റേഴ്സിനെതിരെ അസഭ്യ ചാന്റ്സുമായി എത്തുകയായിരുന്നു.

മത്സരം 3-0 എന്ന മാർജിനിൽ ബെംഗളൂരു വിജയിച്ചെങ്കിലും ബെംഗളൂരു ഫാൻസിന്റെ ഈ പ്രവർത്തി വിജയത്തിന്റെ നിറം കെടുത്തുകയാണ്. ഇന്ന് ഫേസ്ബുക്കിലൂടെ റിനോ ആന്റോ തന്നെ ബെംഗളൂരു ഫാൻസിന്റെ പ്രവർത്തിയിലുള്ള വിഷമം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തി.

തന്റെ വലിയ ആഗ്രഹമായിരുന്നു വെസ്റ്റ് ബ്ലോക്കിൽ ഇരുന്ന് കളി കാണൽ. അത് നടന്നതിൽ സന്തോഷമുണ്ട്. അവിടെ തനിക്ക് കിട്ടിയ സ്വീകരണവും അവിസ്മരണീയമായിരുന്നു. പക്ഷെ ഒരു കൂട്ടം ആരാധകർ തന്റെ ഇപ്പോഴത്തെ ക്ലബായ ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്തെത്തിയത് എന്നെ വിഷമിപ്പിച്ചു. എ എഫ് സി കപ്പ് വെറും ബെംഗളൂരുവിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ആണെന്ന വിശ്വാസം കഴിഞ്ഞ വർഷം വരെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഇന്നലെ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആവർത്തിക്കരുത് എന്ന് ആഗ്രഹിക്കുന്നു

റിനോ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു ആരാധകരും തമ്മിൽ സാമൂഹിക മാധ്യമങ്ങൾ ഇന്നലത്തെ സംഭവത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അസഭ്യമുള്ള ചാന്റ്സല്ല ഇത്രയും കാലം ക്ലബിനായി ചോരനീരാക്കി കളിച്ച രണ്ടു കളിക്കാർ ക്ലബിനോടുള്ള അതിയായ സ്നേഹം കൊണ്ട് കളികാണാൻ ഗ്യാലറിയിലെ ഒരാളായി എത്തിയപ്പോൾ ഇങ്ങനെ ആയിരുന്നില്ല സ്വീകരിക്കേണ്ടത് എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ബെംഗളൂരു ഫാൻസിലെ ഒരു ചെറിയ കൂട്ടമെങ്കിലും അവരുടെ നടപടി ബെംഗളൂരു എഫ് സിയോടുള്ള വിനീതിന്റേയും റിനോയുടേയും ആത്മാർത്ഥതയെ അപമാനിക്കുന്ന തരത്തിലായിപ്പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയിലെ ക്രിക്കറ്റ് കളി കാണാന്‍ ഇനി വലിയ വില കൊടുക്കേണ്ടി വരും
Next articleമാറ്റങ്ങളില്ല, ഇന്ത്യ ബൗള്‍ ചെയ്യും