Picsart 23 01 13 01 13 33 429

തുടരുന്ന “പ്രതിഭ വേട്ട”; നോർവീജിയൻ യുവതാരത്തെ സ്വന്തമാക്കി ബെൻഫിക്ക

ഡാർവിൻ ന്യൂനസ്, ജാവോ ഫെലിക്‌സ്, റൂബൻ ഡിയാസ്… യൂറോപ്പിലെ വമ്പൻ ടീമുകളിലേക്ക് ബെൻഫിക്കയിലൂടെ എത്തിയ പ്രതിഭകൾക്ക് പണ്ടെന്ന പോലെ സമീപകാലത്തും ഒട്ടും കുറവില്ല. പ്രതിഭാധനരായ യുവതാരങ്ങളെ ചാക്കിലാക്കുന്ന പോർച്ചുഗീസ് ടീമിന്റെ മിടുക്ക് ഒരിക്കൽ കൂടി വെളിപ്പെടുത്തി കൊണ്ട് നോർവെയിൽ നിന്നുള്ള ഒരു ഭാവിതാരത്തെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് അവർ. നോർവെ അണ്ടർ 21 താരം ആൻഡ്രിയാസ് ഷെൽഡ്രൂപ്പിനെയാണ് ആണ് ബെൻഫിക ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഡാനിഷ് ലീഗിലെ നോർഷെലന്റിൽ നിന്നുമാണ് താരം പോർച്ചുഗലിലേക്ക് പറക്കുന്നത്. ഏകദേശം പതിനാല് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. ഭാവിയിൽ താരത്തെ കൈമാറുമ്പോൾ 20% നോർഷെലന്റിന് നേടാൻ ആവും. അഞ്ചു വർഷത്തേക്കാണ് പതിനെട്ടുകാരന്റെ കരാർ.

നോർവേ ക്ലബ്ബ് ആയ ബോഡോയിലൂടെ കരിയർ ആരംഭിച്ച താരം 2020ലാണ് നോർഷെലന്റിലേക്ക് എത്തുന്നത്. പതിനാറാം വയസിൽ ടീമിനായി ലീഗിൽ അരങ്ങേറി. ഇതുവരെ അൻപത്തിയാറു മത്സരങ്ങളിൽ നിന്നും പതിനേഴ് ഗോളുകൾ നേടിയിട്ടുണ്ട്. ഇത്തവണ പതിനേഴ് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ ആണ് മധ്യനിരതാരം നേടിയത്. അതേ സമയം ലിവർപൂളിന്റെ ഓഫർ തള്ളിക്കളഞ്ഞാണ് താരം ബെൻഫിക്കയെ തെരഞ്ഞെടുത്തത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. മുൻപ് രണ്ടു തവണ താരത്തിന് വേണ്ടി ലിവർപൂൾ ശ്രമിച്ചെങ്കിലും അവസാന ചിരി ബെൻഫിക്കയുടേതായി.

Exit mobile version