MSPയെ മലർത്തിയടിച്ച് പാലക്കാടൻ കാറ്റ്, BEMHSS സുബ്രതോ കപ്പ് കേരള ചാമ്പ്യൻസ്

അണ്ടർ പതിനേഴ് സുബ്രതോ കപ്പിൽ കേരളത്തെ BEMHSS പാലക്കാട് പ്രതിനിധീകരിക്കും. ഫറൂഖ് എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ കരുത്തരായ എം എസ് പി മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് BEMHSS സുബ്രൊതോ മുഖർജി കപ്പ് കേരളാ ചാമ്പ്യന്മാരായത്. ഫൈനലിൽ എം എസ് പിയെ ടൈ ബ്രേക്കറിലാണ് BEMHSS പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്. സഡൻ ഡെത്തിൽ 5-2ന് BEMHSS വിജയിക്കുക ആയിരുന്നു.

കിരീടത്തിലേക്കുള്ള വഴിയിൽ ആദ്യ മത്സരത്തിൽ തിരുവനന്തപുരത്തേയും ക്വാർട്ടറിൽ എറണാകുളത്തേയും പരാജയപ്പെടുത്തിയ BEMHSS സെമിയിൽ ശക്തരായ ഉതിനൂർ എച്ച് എസ്സ് എസ്സിനെയാണ് നേരിട്ടത്. ഉതിനൂരിനെതിരെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം തിരിച്ചുവന്നാണ് ഫൈനലിലേക്ക് കയറിയത്. 2-2ന് അവസാനിച്ച മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു BEMHSS വിജയം സ്വന്തമാക്കിയത്.

ജില്ലാ തലത്തിൽ ആറു വർഷമായി പാലക്കാട് ജില്ലാ ചാമ്പ്യന്മാരായ ഷൊർണ്ണൂരിനെ തോൽപ്പിച്ചായിരുന്നു BEMHSSന്റെ സംസ്ഥാനതലത്തിലേക്കുള്ള വരവ്.

വിജയത്തിനു പിറകിൽ

കേരളത്തിന്റെ അങ്ങേളമിങ്ങോളം സ്കൗട്ട് ചെയ്ത് മികച്ച താരങ്ങളെ അണിനിരത്തിയെത്തിയ എം എസ് പി അടക്കമുള്ള സ്കൂളുകൾക്കെതിരെ പാലക്കാടിന്റെ കരുത്ത് മാത്രം വെച്ചാണ് BEMHS ചാമ്പ്യന്മാരായത്. ടാലന്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരങ്ങളാണ് BEMHSSന്റെ എല്ലാ താരങ്ങളും. ഏപ്രിൽ മെയ് മാസങ്ങളിൽ ആരംഭിക്കുന്ന സമ്മർ ക്യാമ്പ് രീതികൾക്കു പകരം നവംബർ മുതൽ ക്യാമ്പുകൾ ആരംഭിച്ച് അതിൽ കഴിവു തെളിയിക്കുന്ന കുട്ടികളെ നിലനിർത്തി വളർത്തുന്ന രീതിയാണ് BEMHSSന്റെ ഈ വിജയത്തിന് പിറകിൽ ഉള്ളത്. ഷഫീക് സർ ദേവൻ സാർ എന്നിവരാണ് സ്കൂൾ ടീമിന്റെ പരിശീലകർ.

മുൻ സന്തോഷ് ട്രോഫി പരിശീലകനായിരുന്ന പി കെ രാജീവ് സാറും സ്കൂളിന്റെ വിജയത്തിനു പിറകിൽ ഉണ്ട്. ഒപ്പം കരുത്തായി അക്കാദമി കോച്ചായി ഷമീർ സാറും പിടി അധ്യാപകൻ ഷിബിൻ സാറും ഉണ്ട്. അക്കാദമിയും സ്കൂൾ ടീമും ഒരുമിച്ച് കൊണ്ട് പോകാൻ ആദ്യമായി നിർദേശിച്ച മുൻ പിടി അധ്യാപകനായ ആൻഡ്രൂസൺ സാറിനും പാലക്കാടിന്റെ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നായ ഈ വിജയത്തിൽ പങ്കുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് സുബ്രതോ കപ്പിൽ പാലക്കാട് സ്കൂൾ കേരളത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിക്കുന്നത്.

എയിഡഡ് സ്കൂളായ BEMHSSന് മാനേജ്മെന്റിൽ നിന്നും പിടിഎയിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആ പിന്തുണയുടെ ഫലം കൂടിയാണ് ഈ വിജയം. നാളെ അണ്ടർ 14 വിഭാഗം സെമിയിൽ BEMHSS മത്സരിക്കുന്നുണ്ട്. സെമിയിൽ എറണാകുളത്തെയാണ് BEMHSS അണ്ടർ 14 നേരിടുന്നത്. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ അണ്ടർ 12 അക്കാദമി ലീഗിൽ ആൾ കേരള റണ്ണേഴ്സായത് BEM സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ആ ടീമും അടങ്ങുന്നതാണ് നാളെ ഇറങ്ങുന്ന അണ്ടർ 14 ടീം. അതുകൊണ്ട് തന്നെ ഒരു കപ്പും കൂടെ പാലക്കാട് നാളെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റു 22 മുതൽ ഡെൽഹിയിൽ വെച്ചാണ് സുബ്രതോ കപ്പ് ദേശീയ തല മത്സരങ്ങൾ നടക്കുക.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleKLF : റിഥത്തിന്റെ കുതിപ്പ് തടഞ്ഞ് യുഎഫ്സി
Next articleഅവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി, ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന