Picsart 23 08 25 19 47 13 251

റുബിയാലസിന് എതിരെ ബെല്ലരിൻ, സ്പെയിനിന് ആയി കളിക്കില്ലെന്നു പ്രഖ്യാപിച്ചു റയൽ ബെറ്റിസ് താരം

വിവാദങ്ങൾക്ക് ഇടയിലും രാജിയില്ല എന്നു പ്രഖ്യാപിച്ച സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ചു സ്പാനിഷ് താരം ഹെക്റ്റർ ബെല്ലരിൻ. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ രാജ്യത്തിനും ഫുട്‌ബോളിനും നാണക്കേട് ആണെന്ന് പറഞ്ഞ മുൻ ആഴ്‌സണൽ താരം ഹെർമോസയെ കുറ്റക്കാരി ആക്കാനുള്ള റുബിയാലസിന്റെ ശ്രമങ്ങളെയും വിമർശിച്ചു. കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോവരുത് എന്നു പറഞ്ഞ ബെല്ലരിൻ ഫുട്‌ബോളിൽ ഇത്തരം കാര്യങ്ങൾക്ക് സ്ഥാനം ഇല്ലെന്നും കൂട്ടിച്ചേർത്തു.

റുബിയാലസിനെ പോലുള്ള നാർസിസ്റ്റുകൾ കള്ളം ആവർത്തിക്കുകയും തങ്ങൾ തെറ്റ് ചെയ്തില്ല എന്നു പറഞ്ഞു മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിക്കുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇതു പോലുള്ള കാര്യങ്ങൾക്ക് റുബിയാലസിനെ പോലുള്ളവർ ശിക്ഷിക്കപ്പെടുന്നത് വരെ താൻ സ്പാനിഷ് ദേശീയ ടീമിന് ആയി കളിക്കില്ലെന്നു റയൽ ബെറ്റിസ് മുന്നേറ്റനിര താരം ബോർഹ ഇഗലിയാസിസ് പ്രഖ്യാപിച്ചു. കാര്യങ്ങൾ മാരുന്നവരെ താൻ ദേശീയ ടീമിന് ആയി കളിക്കില്ലെന്നു താരം വ്യക്തമാക്കി. അതേസമയം പരിശീലനത്തിന് ഇടയിൽ ആയതിനാൽ തനിക്ക് കാര്യങ്ങൾ വേണ്ട വിധം അറിയാൻ സാധിച്ചില്ല എന്നു പറഞ്ഞ ആഴ്‌സണലിന്റെ സ്പാനിഷ് പരിശീലകൻ മിഖേൽ ആർട്ടെറ്റ രാജ്യം അഭിമാനിക്കേണ്ട സമയത്ത് ഇത്തരം കാര്യം നടക്കുന്നത് സങ്കടകരമാണ് എന്നു പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

Exit mobile version