ഡോർട്ട്മുണ്ടിനെ പെനാൽറ്റിയിൽ തകർത്ത് ബയേൺ സൂപ്പർ കപ്പ് ഉയർത്തി

ബൊറുസിയ ഡോർട്ട്മുണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സൂപ്പർകപ്പ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. അഞ്ച് പ്രീ സീസൺ തോൽവികൾക്ക് ശേഷം കരുത്തറിയിച്ചുകൊണ്ട് ബവേറിയന്മാർ തിരിച്ചു വന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ബയേൺ സൂപ്പർകപ്പ് സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത് രണ്ട് ഗോളുകൾ വീതമടിച്ച് ഇരു ടീമുകളും സമനില പാലിച്ചപ്പോൾ മൽസരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ബയേണിന് വേണ്ടി ലെവൻഡോസ്കി ഗോളടിച്ചപ്പോൾ ഡോർട്ട്മുണ്ടിനു വേണ്ടി പുളിസിക്കും ഓബമയാങ്ങും ഗോളടിച്ചു.

അക്രമിച്ചു കൊണ്ടാണ് ഇരു ടീമുകളും കളിയാരംഭിച്ചത്. ബവേറിയന്മാർ പ്രതിരോധത്തിലേക്കൂന്നിയപ്പോൾ ഡോർട്ട്മുണ്ട് പിടിമുറുക്കി. ആദ്യ പത്ത് മിനുറ്റിൽ ഡെംബെലെയും ഓബ്മയാങ്ങും പുളിസിക്കും ബയേണിന്റെ പ്രതിരോധ നിരയ്ക്ക് തലവേദനയായി. 12 ആം മിനുട്ടിൽ പുളിസിക്കിലൂടെ ഡോർട്ട്മുണ്ട് അക്കൗണ്ട് തുറന്നു. ജാവി മാർട്ടിനെസിന്റെ അശ്രദ്ധ മുതലെടുത്ത ക്രിസ്റ്റ്യൻ പുളിസിക്കിന്റെ ലക്ഷ്യം പിഴച്ചില്ല. ഈ ഗോളോടു കൂടി സൂപ്പർ കപ്പിൽ ഗോൾ നേടുന്ന ആദ്യ അമേരിക്കൻ താരമായി പുളിസിക്ക്. ഗോൾ വീണതിനു ശേഷം ഉണർന്ന് കളിച്ച ബയേൺ 18ആം മിനുട്ടിൽ ലെവൻഡോസ്കിയിലൂടെ സമനില പിടിച്ചു. ജോഷ്വാ കിമ്മിഷിന്റെ കിടിലൻ പാസ് ലെവാ ലക്ഷ്യത്തിലെത്തിച്ചു. പിന്നിട് പതിയെ മൽസരം തങ്ങളുടെ വരുതിയിലാക്കിയ ബയേണിന് പക്ഷേ ഗോളടിക്കാൻ സാധിച്ചില്ല. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.‍

രണ്ടാം പകുതിയിൽ പീറ്റർ ബോഷിന്റെ കടന്നൽക്കൂട്ടം ബവേറിയന്മാരെ വെള്ളം കുടിപ്പിച്ചു. ശക്തമായ അക്രമണമഴിച്ചു വിട്ട ഡോർട്ട്മുണ്ട് അധികം വൈകാതെ ലക്ഷ്യം കണ്ടു. 71 ആം മിനുട്ടിൽ ഡെംബെലെയുടെ പാസിൽ ഡോർട്ട്മുണ്ടിന്റെ ഗോൾ വേട്ടക്കാരൻ ഓബമയാങ്ങ് ലീഡുയർത്തി. ഒരു ഗോളിനായി ആൻസലോട്ടിയും കൂട്ടരും കാത്തിരികുമ്പോളായിരുന്നു ഡോർട്ട്മുണ്ടിന്റെ  ഓൺ ഗോൾ പിറക്കുന്നത്. കോർണർ കിക്ക് ഗോൾ പോസ്റ്റിലേക്കെുന്നതിനുള്ളിൽ ഉണ്ടായ കൂട്ടപ്പാച്ചിലിൽ ആണ് ബുർക്കിയുടെ ഓൺ ഗോൾ വന്നത്. പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മൽസരം നീങ്ങി. ബയേൺ മ്യൂണിക്കിന്റെ പക്ഷത്ത് നിന്ന് ജോഷ്വാ കിമ്മിഷിന്റെ ഷോട്ട് ലക്ഷ്യം കാണാതിരുന്നപ്പോൾ ഡോർട്ട്മുണ്ടിന്റെ പക്ഷത്ത് നിന്ന് റോഡിന്റെയും അവസാന കിക്കെടുത്ത മാർക് ബാർട്രയുടേയും ഷോട്ടുകൾ ലക്ഷ്യം തെറ്റി. ഈ വിജയത്തോടു കൂടി തുടർച്ചയായി രണ്ട് തവണ സൂപ്പർകപ്പ് ഉയർത്തുന്ന ജർമ്മൻകാരനല്ലാത്ത കോച്ചായി മാറി കാർലോ ആൻസലോട്ടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial