
ഓഡി കപ്പിൽ ആതിഥേയരായ ബയേൺ മ്യൂണിക്കിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെടുത്തി. അലയൻസ് അറീനയിൽ വെച്ച് ബുണ്ടസ് ലീഗ ചാമ്പ്യന്മാരെ നിലംപരിശാക്കുകയിരുന്നു പ്രീമിയർ ലീഗ് ടീം. ഈ തകർപ്പൻ വിജയത്തോടു കൂടി ലിവർപൂൾ ഓഡി കപ്പിന്റെ ഫൈനലിൽ കടന്നു. ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് ക്ലൊപ്പിന്റെ റെഡ്സ് നേരിടുക.
പേരുകേട്ട ബയേൺ ആക്രമണ നിരയെ ചങ്ങലയ്ക്കിട്ടതിനോടൊപ്പം കൗണ്ടർ അറ്റാക്കിങ്ങിലൂടെ ബയേണിന്റെ പ്രതിരോധ നിരയെ കീറിമുറിയ്ക്കുകയും ചെയ്തു ലിവർപൂൾ. കളി തുടങ്ങുമ്പോൾ എല്ലാ കണ്ണുകളും ബയേണിലേക്കായിരുന്നെങ്കിലും അലയൻസ് അറീനയിൽ അന്തിമ വിസിൽ മുഴങ്ങിയപ്പോൾ ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ലിവർപൂളിന്റെ ആക്രമണ നിരയിലേക്കായിരുന്നു. ആദ്യ പകുതിയിൽ സാഡിയോ മാനെയും മുഹമ്മദ് ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ റെഡ്സിന് വേണ്ടി ഡാനിയേൽ സ്റ്റുറിജ് ഗോൾ നേടി.
ജന്മ നാട്ടിൽ ഒരു വിജയം ലിവർപൂൾ മാനേജർ ക്ളോപ്പ് എന്തായാലും സ്വപ്നം കണ്ടിരിക്കും. റെഡ്സിന്റെ ആക്രമണത്തെ സാഡിയോ മാനെയും സലായും നയിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഏഴു മിനുട്ടിനുള്ളിൽ മാനെ ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു. ഫെർമിനോയുടെ പാസിൽ ഇടങ്കാൽ വെച്ച മാനെയ്ക്ക് പിഴച്ചില്ല. അധികം വൈകാതെ ലിവർപൂളിന്റെ സമ്മർ സൈനിങ് മുഹമ്മദ് സലായും സ്കോർ ചെയ്തു. തകർപ്പൻ ഹെഡിങ്ങിലൂടെയായിരുന്നു സലാ വരവറിയിച്ചത്. ഡാനിയേൽ സ്റ്റുറിജിന്റെ 83 ആം മിനുട്ട് ഗോളോട് കൂടി ബയേണിന്റെ പതനം പൂർണമായി. ഓഡി കപ്പ് ഫൈനലിൽ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ ലിവർപൂൾ നേരിടും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial