ബാഴ്‌സലോണ ആക്രമണം: ജേഴ്സിയിൽ പേരില്ലാതെ ബാഴ്സ താരങ്ങൾ ഇറങ്ങും

കാത്തലോണിയയുടെ ഹൃദയമായ ബാഴ്സലോണയിൽ ഉണ്ടായ ആക്രമണത്തിൽ ഇരയാവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാത്തലോണിയയുടെ അഭിമാനമായ ബാഴ്സലോണ ഫുട്ബാൾ ക്ലബ്ബും. നാളെ സ്വന്തം മൈതാനമായ ക്യാമ്പ് ന്യൂവിൽ ല ലിഗ യിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ബാഴ്സലോണ കളിക്കാരുടെ ജേഴ്സിയിൽ അവരുടെ പേരിന്റെ സ്ഥാനത്ത് ബാഴ്സലോണ എന്ന് പ്രിന്റ് ചെയ്താവും അവർ കളിക്കാനിറങ്ങുക. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബാഴ്സലോണ ഫുട്ബാൾ ക്ലബ്ബ് ഈ വിവരം അറിയിച്ചത്.

റ വെമ്പളയിൽ നടന്ന ആക്രമണത്തിൽ 13 ആളുകൾ മരണപ്പെടുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണ വിവരം പുറത്തറിഞ്ഞ ഉടനെ തന്നെ ബാഴ്സലോണ റയൽ ബെറ്റിസിന് എതിരായ ല ലിഗ ആദ്യ മത്സരത്തിൽ കറുത്ത ബാഡ്ജ് ധരിച്ചാവും ടീം ഇറങ്ങുക എന്ന് അറിയിച്ചിരുന്നു. ഇത് കൂടാതെയാണ് ക്ലബ്ബ് ഷർട്ടിന്റെ പിറകിൽ Barcelona എന്നും മുൻ ഭാഗത്ത് #TotSomBarcelona എന്ന ഹാഷ് ടാഗും ഉപയോഗിക്കാനുള്ള തീരുമാനം അറിയിച്ചത്. ഞങ്ങൾ എല്ലാവരും ബാഴ്സലോണയാണ് എന്നാണ് ഈ ഹാഷ്ടാഗിന്റെ അർത്ഥം. ഈ ആഴ്ചയിലെ എല്ലാ ല ലിഗ മത്സരങ്ങളിലും ഒരു മിനുറ്റ് മൗനം ആചരിക്കാൻ ല ലിഗ അധികൃതരും തീരുമാനിച്ചിരുന്നു.

ബാഴ്സയുടെ ഈ തീരുമാനത്തിന് ല ലിഗ അധികൃതരുടെ പൂർണ്ണ പിന്തുണയുമുണ്ട്. ല ലിഗ അധികൃതരുടെ ഔദ്യോഗിക സമ്മതം വാങ്ങിയാണ് ബാഴ്സലോണ ക്ലബ്ബ് തങ്ങളുടെ നഗരത്തിൽ അരങ്ങേറിയ ദാരുണ സംഭവത്തിലെ ഇരകൾക്ക് പിന്തുണയേക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

നേരത്തെ ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാർത്താമെവു, പരിശീലകൻ വാൽവർടെ എന്നിവരും ആക്രമണത്തിൽ ഇരകൾക്ക് ആദരാഞ്ജലി ആർപ്പിച്ചിരുന്നു. കൂടാതെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് തങ്ങളുടെ പരിശീലനത്തിനിടക്ക് മൗനം ആചരിക്കുന്ന ചിത്രവും പ്രസിദീകരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിത റഗ്ബി ലോകകപ്പ് സെമി സ്ഥാനങ്ങള്‍ ഉറപ്പായി
Next articleആരോസ് ഐ ലീഗിലേക്ക് മടങ്ങിവരുന്നു, ബിഡിലൂടെ ഇനി ഒരു ടീമിന് മാത്രം സാധ്യത