വിവാദ ഗോൾ, ബാഴ്സക്ക് ജയം

- Advertisement -

ല ലീഗെയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സ അവസാന സ്ഥാനക്കാരായ മലാഗയെ നേരിട്ടപ്പോൾ ബാഴ്സക്ക് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. ബാഴ്സക്കായി ഇനിയെസ്റ്റയും ജെറാർഡ് ഡലോഫോയും ആണ് ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്സ രണ്ടാം സ്ഥാനക്കാരായ വലൻസിയയുമായുള്ള അകലം 4 പോയിന്റായി നില നിർത്തി. ബാഴ്സ നേടിയ ആദ്യത്തെ ഗോൾ വിവാദമാവുകയും ചെയ്തു. പന്ത് വരക്ക് പുറത്തുപോയ ശേഷവും കളിച്ചാണ് ബാഴ്സ ഗോളിന് വഴി ഒരുക്കിയത് എന്നാണ് വിമർശനം.

പിക്കെയെയും നെൽസൻ സെമെഡോയെയും പുറത്തിരുത്തിയ വാൽവർടെ ദിഗ്‌നെ, സെർജിയോ റോബർട്ടോ എന്നിവർക്ക് അവസരം നൽകി.
ആദ്യ പകുതി തുടങ്ങിയ ഉടനെ തന്നെ ബാഴ്സ ലീഡ് നേടി. രണ്ടാം മിനുട്ടിൽ ലൂകാസ് ദിഗ്‌നെയുടെ പാസ്സിൽ ജെറാർഡ് ദിലോഫു വാണ് ബാഴ്സക്ക് ലീഡ് സമ്മാനിച്ചത്. റിപ്ലെയിൽ ദിഗ്‌നെ പാസ്സ് നൽകും മുൻപേ പന്ത് പുറത്തു പോയതായി കാണിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു കഴിഞ്ഞിരുന്നു. ആദ്യ പകുതിയുടെ 80 ശതമാനവും പന്ത് കൈവശം വച്ചെങ്കിലും ബാഴ്സക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മലാഖയാവട്ടെ 3 ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്കായില്ല.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രണ്ടാം പകുതിയിൽ കൂടുതൽ മാലാഖ ഗോൾ മുഖം ആക്രമിച്ച ബാഴ്സക്ക് 56 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. ഇത്തവണ മെസ്സിയുടെ പാസ്സിൽ നിന്ന് ക്യാപ്റ്റൻ ആന്ദ്രെ ഇനിയെസ്റ്റയാണ് ഗോൾ നേടിയത്. പിന്നീട് മലാഗയും ഏതാനും ഷോട്ടുകൾ തൊടുത്തെങ്കിലും അവർക്ക് ഗോൾ നേടാനായില്ല.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വലൻസിയ എതിരില്ലാത്ത 4 ഗോളുകൾക്ക് സെവിയ്യയെ തകർത്തു.

9 കളികളിൽ നിന്ന് 25 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 9 കളികളിൽ നിന്ന് 1 പോയിന്റ് മാത്രമുള്ള മലാഗ അവസാന സ്ഥാനത്താണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement