മൂന്നാം വർഷവും സെമിക്കു മുന്നേ വീണ് ബാഴ്സലോണ

ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ നല്ല കാലമല്ല. ഇന്നലെ റോമയോട് ഏറ്റ അപ്രതീക്ഷിത തോൽവി ബാഴ്സയെ ഒരിക്കൽ കൂടെ ക്വാർട്ടറിൽ വീഴ്ത്തിയിരിക്കുകയാണ്. 2014-15 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയതിനു ശേഷം ഇതുവരെ ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കണ്ടില്ല. അതിനു ശേഷം മൂന്നു തവണയും ക്വാർട്ടറിൽ തന്നെയാണ് ബാഴ്സ വീണത്.

2015-16 സീസണിൽ അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. അന്ന് 3-2ന്റെ പരാജയമായിരുന്നു ബാഴ്സയ്ക്ക്. കഴിഞ്ഞ വർഷം കഷ്ടപ്പെട്ട് പ്രീക്വാർട്ടർ കടന്ന ബാഴ്സ യുവന്റസിനോടാണ് ക്വാർട്ടറിൽ വീണത്. ഇത്തവണയും ഇറ്റാലിയൻ ടീം തന്നെയാണ് ബാഴ്സയെ വീഴ്ത്തിയിരിക്കുന്നത്. ആരും പ്രതീക്ഷ നൽകാതിരുന്ന റോമ 1-4ൽ നിന്നാണ് തിരിച്ചുകയറി വിജയിച്ചത്.

1984-85ൽ മെറ്റ്സിനോടാണ് ഇതുപോലൊരു പരാജയം ബാഴ്സ നേരിട്ടത്. അന്ന് 4-2ന്റെ ആദ്യപാദ വിജയം ബാഴ്സയ്ക്കായിരുന്നു. എന്നാൽ 4-1ന് രണ്ടാം പാദം വിജയിച്ച് മെറ്റ്സ് ബാഴ്സയ്ക്ക് ചരിത്ര പരാജയം സമ്മാനിക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായാണ് 3 ഗോൾ ലീഡ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നഷ്ടപ്പെടുത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial