
ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് അൽ ജസീറയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. റയൽ മാഡ്രിഡിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാൾഡോയും ഗാരെത് ബെയിലും ഗോളടിച്ചപ്പോൾ അൽ ജസീറയുടെ ആശ്വാസഗോൾ നേടിയത് ബ്രസീലിയൻ താരം റോമറിഞ്ഞ്യോയാണ്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണ് ലോസ് ബ്ലാങ്കോസ് തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ഉറപ്പിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ ശക്തമായിരുന്ന മത്സരത്തിൽ ലീഡുയർത്താനുള്ള അൽ ജസീറയുടെ അവസരം VAR ഇടപെടൽ മൂലം നഷ്ടമായി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ റയൽ ബ്രസീലിയൻ ടീമായ ഗ്രെമിയോടേറ്റുമുട്ടും.
ആദ്യ പകുതിയിൽ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും റയലിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. 17 ഷോട്ടുകളിൽ അഞ്ചെണ്ണം ടാർഗെറ്റിൽ ആയിരുന്നെങ്കിൽ കൂടി ഒരു തവണ പോലും ലക്ഷ്യം കാണാൻ സാധിച്ചില്ല. VAR ആദ്യ പകുതിയിൽ റയലിന് ഒരു ഗോൾ നിഷേധിച്ചു. വിഡിയോ റഫറി ബെൻസിമയെ ഓഫ് സൈഡായി കണ്ടെത്തി. അധികം വൈകാതെ റോമറിഞ്ഞ്യോയിലൂടെ അൽ ജസീറ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ VAR വില്ലനായി. ഇത്തവണ അൽ ജസീറയ്ക്കൊപ്പം ഭാഗ്യം ഉണ്ടായിരുന്നില്ല. ബൗസൗഫയുടെ ഗോൾ VAR ഓഫ് സൈഡ് എന്ന് കണ്ടെത്തി നിഷേധിച്ചു. ഏറെ വൈകാതെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റയൽ സമനില നേടി. ക്രിസ്റ്റിയാനോയുടെ ആറാം ക്ലബ് വേൾഡ് കപ്പ് ഗോൾ ആയിരുന്നു അത്. BBC ഒരുമിച്ച് കളിക്കുന്നത് കാണാൻ ആഗ്രഹിച്ച റയലിന്റെ ആരാധകർ നിരാശരായെങ്കിലും ബെൻസിമയ്ക്ക് പകരം സിദാൻ ബെയ്ലിനെ ഇറക്കി. റൊണാൾഡോയുടെ സഹായത്തോടെ അടുത്ത മിനുട്ട് തന്നെ ഗാരെത് ബെയ്ൽ ലക്ഷ്യം കണ്ടു. പരിക്കിൽ നിന്നും മുക്തനായെത്തിയ ബെയ്ൽ റയലിന്റെ വിജയഗോൾ അടിച്ചു. മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച തന്നെ അൽ ജസീറ മെക്സിക്കൻ ക്ലബ്ബായ പാച്ചുകയോടേറ്റു മുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial