
കൊൽക്കത്താ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം ജയത്തോടെ മോഹൻ ബഗാൻ കൊൽക്കത്ത ലീഗ് ഒന്നാം സ്ഥനത്ത്. ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേ എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് എത്തിയത്. രണ്ട് മത്സരങ്ങൾ വിജയിച്ച ഈസ്റ്റ് ബംഗാളിനും 6 പോയന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ബഗാനെ ഒന്നാമതെത്തിച്ചത്.
ആദ്യ പകുതിയിൽ ഒരു താരം ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതു കൊണ്ട് 10 പേരുമായായിരുന്നു റെയില്‍വേ എഫ് സി കൂടുതൽ സമയവും കളിച്ചത്. രണ്ടാം പകുതിയിലാണ് മോഹൻ ബഗാന്റെ മൂന്നു ഗോളുകളും പിറന്നത്. ചെസ്റ്റർപോൾ ലിങ്ദോഹാണ് തന്റെ ആദ്യ ബഗാൻ ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചത്. 78ാം മിനുട്ടിൽ കാമോയും 90ാം മിനുട്ടിൽ ഷിൽട്ടൺ ഡിസിൽവയും ബഗാനു വേണ്ടി സ്കോർ ചെയ്തു. മോഹൻ ബഗാന്റെ വലകാത്ത കോഴിക്കോടുകാരൻ ഷിബിൻ രാജ് ക്ലീൻ ഷീറ്റുമായി മത്സരത്തിൽ തിളങ്ങി.
നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പീർലസ് എഫ് സിയെ നേരിടും. ഇരു ടീമുകളും ലീഗിൽ ഇതുവരെ എല്ലാ മത്സരങ്ങളും വിജയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial