ഹീറോയായി വാൻ ലാം, പെനാൽറ്റി ഷൂട്ടൗട്ടിൽ ജോർദാനെ മറികടന്ന് വിയറ്റ്നാം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ജോർദ്ദാനെതിരെ വിയറ്റ്നാമിന് ജയം. എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും സമനില ഭേധിക്കാനാവാതെ പോയതോടെ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് വിയറ്റ്നാം ജയം ഉറപ്പിച്ചത്. പെനാൽറ്റി രക്ഷപ്പെടുത്തിയ വാൻ ലാമിന്റെ പ്രകടനമാണ് വിയറ്റ്നാമിന് ജയം നേടി കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് പെനാൽറ്റിയിലൂടെ വിജയികളെ കണ്ടെത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് വിയറ്റ്നാം വിജയിച്ചത്.

നേരത്തെ ബഹ അബ്ദുൽ റഹ്മാന്റെ ഫ്രീ കിക്ക്‌ ഗോളിലൂടെ ജോർദാനാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. ജോർദാൻ താരം സലേം അൽ അജലിനെ ഡു ഹുങ് ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് ബഹ അബ്ദുൽ റഹ്മാൻ ഗോളാക്കി മാറ്റിയത്. എന്നാൽ രണ്ടാം പകുതിയിൽ പുതിയൊരു ടീമിനെ പോലെ ഇറങ്ങിയ വിയറ്റ്നാം രണ്ടാം പകുതിയിൽ സമനില പിടിച്ചു. ട്രോങ് ഹോയങിന്റെ ക്രോസിൽ നിന്ന് കോങ് ഫുങ് ആണ് ഗോൾ നേടിയത്. ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിയറ്റ്നാം പല തവണ ഗോളിന് അടുത്ത് എത്തിയെങ്കിലും ജോർദാൻ ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു.

തുടർന്ന് എക്സ്ട്രാ ടൈമിലും ഗോൾ വീഴാതിരുന്നതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയത്. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ജോർദാന്റെ രണ്ടാമത്തെ കിക്ക്‌ എടുത്ത ബഹ സെയ്‌ഫിന്റെ ശ്രമം ബാറിൽ തട്ടി തെറിക്കുകയും മൂന്നാമത്തെ കിക്ക്‌ എടുത്ത അഹമ്മദ് സലയുടെ ശ്രമം വിയറ്റ്നാം ഗോൾ കീപ്പർ വാൻ ലാം തട്ടിയകറ്റുകയും ചെയ്തു.  വിയറ്റ്നാമിന്റെ നാലാമത്തെ കിക്ക്‌ എടുത്ത ട്രാൻ മിന വൗങ്ങിന്റെ പെനാൽറ്റി ജോർദാൻ ഗോൾ കീപ്പർ രക്ഷപെടുത്തിയെങ്കിലും വിറ്റ്നാമിന്റെ അഞ്ചാമത്തെ കിക്ക്‌ എടുത്ത ബുയി ടിയാൻ ദുങ് വിറ്റ്നാമിന്റെ വിജയമുറപ്പിക്കുകയായിരുന്നു.