ഇമാറാമത്തിന് വലനിറയെ കണ്ണീർ കൊടുത്ത് ഖത്തർ ചരിത്ര ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തറിന് ഇന്ന് നേരിടാനുണ്ടായിരുന്ന വെറും ഗ്രൗണ്ടിൽ ഇറങ്ങിയ 11 യു എ ഇ താരങ്ങളെ മാത്രമായിരുന്നില്ല. ഇമാറാത്തിന്റെ മുഴുവൻ ജനത്തെയും കൂടിയായിരുന്നു. യു എ ഇയിൽ വെച്ച് നടന്ന യു എ ഇ ആരാധകർ മാത്രം ഗ്യാലറിയിൽ നിറഞ്ഞ ഏഷ്യൻ കപ്പ് സെമി ഫൈനൽ. ആ ഫൈനലിൽ ഒരിക്കൽ പോലും ഒരു നിമിഷം പോലും ഖത്തറിന് പിഴച്ചില്ല. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ഇമാറാത്തുകളുടെ മണ്ണിൽ ഖത്തർ സ്വന്തമാക്കി.

ഖത്തറിന്റെ ചരിത്രത്തിലെ ആദ്യ ഏഷ്യൻ കപ്പ് ഫൈനലാണിത്. ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ ഇരു രാജ്യങ്ങൾക്ക് ഇടയിലും ഉള്ള രാഷ്ട്രീയം തന്നെ ഖത്തറിന് വലിയ പ്രശ്നമായിരുന്നു. ഒപ്പം മുഴുവൻ ടിക്കറ്റുകളും സ്വദേശികൾക്ക് മാത്രമായി യു എ ഇ നൽകിയതും വിവാദങ്ങൾ ഉണ്ടാക്കി. മുഴുവൻ യു എ ഇ ആരാധകർ മാത്രം നിറഞ്ഞ സ്റ്റേഡിയം ആണ് ഖത്തർ സ്വന്തമാക്കിയത്. കളിയുടെ 22ആം മിനുട്ടിൽ ബവോലും ഖൗകിയാണ് സ്റ്റേഡിയത്തെ മുഴുവൻ നിശ്ബദരാക്കിയത്. ഖൗകിയുടെ ഒരു ദുർബലമായ ഷോട്ട് യു എ ഇ ഗോൾ കീപ്പറുടെ ജഡ്ജ്മെന്റ് പിഴവിൽ വലയിലേക്ക് കയറുകയായിരുന്നു.

37ആം മിനുട്ടിൽ അൽമോസിലൂടെ ഖത്തർ കളിയിലെ രണ്ടാം ഗോളും നേടി. ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു അൽ മോസിന്റെ ഗോൾ. രണ്ട് ഗോളുകൾക്കും അഫീഫ് ആയിരുന്നു അവസരം ഒരുക്കിയത്. രണ്ടാം പകുതിയിൽ യു എ ഇ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും ഗോൾ നേടാനോ കളിയിലേക്ക് തിരിച്ചുവരാനോ യു എ ഇക്കായില്ല.

80ആം മിനുട്ടിൽ വീണ്ടും ഒരു അഫീഫ് പാസിൽ നിന്ന് പിറന്ന അവസരം മുതലെടുത്ത് ഗോൾ കീപ്പറെ ചിപ്പ് ചെയ്ത ഫിനിഷിലൂടെ അൽ ഹയ്ദോസ് ഖത്തറിന്റെ മൂന്നാം ഗോളും നേടി. ആ ഗോൾ ഖത്തറിന്റെ ഫൈനൽ പ്രവേശനം ഉറപ്പിച്ചു. കളിയുടെ അവസാനം പരുക്കൻ കളി കളിച്ച് ചുവപ്പ് കാർഡ് വാങ്ങി യു എ ഇ 10 പേരായി ചുരുങ്ങുകയും ചെയ്തു. അതു കഴിഞ്ഞ് അഹ്മദ് ഇസ്മായേലിലൂടെ ഖത്തർ നാലാം ഗോളും നേടി.

ഈ ടൂർണമെന്റിൽ കളിച്ച ആറു മത്സരങ്ങളിൽ 16 ഗോളുകൾ നേടിയ ഖത്തർ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നത് അവരുടെ കരുത്ത് വ്യക്തമാക്കുന്നു. ഫൈനലിൽ ജപ്പാനെയാണ് ഖത്തർ നേരിടുക. ഇന്നലെ ഇറാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ജപ്പാൻ ഫൈനലിൽ എത്തിയത്.