എ എഫ് സി കപ്പിൽ മിനേർവയ്ക്ക് തീരാ സമനില

എ എഫ് സി കപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായി മിനേർവ പഞ്ചാബ് ഇനിയും കത്ത് നിൽക്കണം. ഗ്രൂപ്പിലെ തുടർച്ചയായ നാലാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങി. ഇന്ന് മാനങ് മർഷ്യാഡി ക്ലബാണ് വീണ്ടും മിനേർവയെ സമനിലയിൽ പിടിച്ചത്. നേരത്തെ ഒഡീഷയിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ഇന്ന് നേപാളിൽ വെച്ച് നടന്ന മത്സരം 1-1 എന്ന നിലയിൽ പിരിഞ്ഞു.

മത്സരത്തിൽ തുടക്കത്തിൽ തോബയിലൂടെ ലീഡ് എടുത്ത മിനേർവ പഞ്ചബിന് വിനയായത് ഒരു ചുവപ്പ് കാർഡായിരുന്നു. കളിയുടെ 45ആം മിനുട്ടിൽ പ്രതീക് ജോഷിയാണ് ചുവപ്പ് വാങ്ങി കളം വിട്ടത്. രണ്ടാം പകുതിയിൽ മുഴുവനായും 10 പേരുമായാണ് മിനേർവ കളിച്ചത്. കളിയുടെ 81ആം മിനുട്ടിൽ ആയിരുന്നു മാനങ് അവരുടെ സമനില ഗോൾ നേടിയത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയന്റു മാത്രമുള്ള മിനേർവയുടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ഇതോടെ മങ്ങി. എന്നാൽ ഈ ഫലം ചെന്നൈയിന് ഉപകാരമാകും. ചെന്നൈയിന് ഒരു സമനിലയോടെ തന്നെ ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.

എ എഫ് സി കപ്പ്, മിനേർവയുടെ ഹോം ഗ്രൗണ്ട് ഇനി ഗുവാഹത്തി

എ എഫ് സി കപ്പിൽ മിനേർവ പഞ്ചാബ് ഹോം ഗ്രൗണ്ട് പ്രശ്നത്തിന് അവസാനം പൂർണ്ണമായി പരിഹാരം. ഇനി മിനേർവയുടെ എ എഫ് സി കപ്പിൽ ശേഷിക്കുന്ന മത്സരങ്ങൾ ഗുവാഹത്തി സ്റ്റേഡിയത്തിൽ ആകും നടക്കുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐ എസ് എല്ലിൽ ഗോൻ ഗ്രൗണ്ടായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണ് മിനേർവ എ എഫ് സി കപ്പിന് വേണ്ടി കരാർ ആക്കിയിരിക്കുന്നത്.

നേരത്തെ ഹോം ഗ്രൗണ്ടായി തീരുമാനിച്ചത് കലിംഗ ഗ്രൗണ്ടായിരുന്നു. അതിന് ഓഡീഷ ഗവൺമെന്റ് അനുമതി നിഷേധിച്ചതോടെ മിനേർവ വലിയ പ്രശ്നങ്ങളിൽ തന്നെ പെട്ടിരുന്നു‌. ഹോം ഗ്രൗണ്ട് ശരിയായില്ല എങ്കിൽ ക്ലബ് അടച്ചു പൂട്ടുമെന്ന് മിനേർവ ഉടമ രഞ്ജിത്ത് ബജാ ഭീഷണി മുഴക്കികയും ചെയ്തിരുന്നു. നീണ്ട പ്രതിഷേധങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ ഗ്രൗണ്ട് ആദ്യ മത്സരത്തിന് മാത്രം ഗ്രൗണ്ട് വിട്ടുകൊടുക്കാൻ ഒഡീഷ സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ടാം മത്സരം മുതൽ വേറെ ഗ്രൗണ്ട് കണ്ടെത്താം എന്ന് മിനേർവ വാക്ക് കൊടുത്തിരുന്നു. ആ വാക്ക് ആണ് ഗുവാഹത്തി സ്റ്റേഡിയത്തിലൂടെ പാലിക്കപ്പെടുന്നത്.

ആദ്യമായി എ എഫ് സി കപ്പിൽ കളിക്കുന്ന മിനേർവ പഞ്ചാബ് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലകളുമായി മൂന്ന് പോയന്റുമായി നിൽക്കുകയാണ് ഇപ്പോൾ. രണ്ട് ഹോം മത്സരങ്ങളാണ് ഇനി മിനേർവയ്ക്ക് ബാക്കിയുള്ളത്.

എ എഫ് സി കപ്പിൽ ശ്രേയസിന് വീണ്ടും ഗോൾ, മിനേർവയ്ക്ക് വീണ്ടും സമനില

എ എഫ് സി കപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായി മിനേർവ പഞ്ചാബ് ഇനിയും കത്ത് നിൽക്കണം. ഗ്രൂപ്പിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങി. ഇന്ന് മാനങ് മർഷ്യാങ്ഡി ക്ലബാണ് മിനേർവയെ സമനിലയിൽ പിടിച്ചത്. ഒഡീഷയിൽ നടന്ന മത്സരം 2-2 എന്ന നിലയിൽ ആണ് അവസാനിച്ചത്. മത്സരത്തിൽ രണ്ട് തവണ ലീഡ് എടുത്ത ശേഷമാണ് മിനേർവ പഞ്ചാബ് വിജയം കളഞ്ഞത്.

മലയാളി താരമായ ശ്രേയസ്സ് ഇന്ന് വീണ്ടും മിനേർവയ്ക്കായി ഗോൾ നേടി. ശ്രേയസ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മിനേർവയ്ക്കായി ഗോൾ നേടുന്നത്. ശ്രേയസിനെ കൂടാതെ കരീമും ഇന്ന് മിനേർവയ്ക്കായി ഗോൾ നേടി. അർഷ്ദീപ് ഒരു പെനാൾട്ടി സേവ് ചെയ്തില്ലായിരുന്നു എങ്കിൽ മിനേർവയ്ക്ക് ഇതിലും മോശം ഫലം നേരിടേണ്ടി വന്നേനെ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റു മാത്രമുള്ള മിനേർവ മൂന്നാമത് ആണ് ഇപ്പോൾ ഉള്ളത്.

എ.എഫ്.സി കപ്പിൽ വീണ്ടും ചെന്നൈയിൻ വിജയം

എ.എഫ്.സി കപ്പിൽ വീണ്ടും ജയിച്ച് ചെന്നൈയിൻ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ളദേശ് ക്ലബ് അബാനി ധാക്കയെയാണ് ചെന്നൈയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ മുൻ ജംഷഡ്‌പൂർ എഫ്.സി താരം കൂടിയായ വെല്ലിങ്ടൺ പ്രിയോറിയുടെ സെൽഫ് ഗോളാണ് ചെന്നൈയിന് ജയം സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താനും ചെന്നൈയിനിയായി.

ഹോം ഗ്രൗണ്ടിൽ ബംഗ്ളാദേശ് ക്ലബ്ബിനെ നേരിടാനിറങ്ങിയ ചെന്നൈയിന് തുടക്കത്തിൽ പലപ്പോഴും മത്സരത്തിന്റെ നിയന്ത്രണം ലഭിച്ചിരുന്നില്ല. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് സെൽഫ് ഗോളിന്റെ രൂപത്തിൽ ചെന്നൈയിൻ ഗോൾ നേടിയത്. അനിരുദ്ധ് താപയുടെ ബോക്സിലേക്കുള്ള ക്രോസ്സ് വെല്ലിങ്ടൺ പ്രിയോറിയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ സമനില ഗോൾ തേടി അബാനി ധാക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെന്നൈയിൻ മത്സരം പൂർത്തിയാക്കുകയായിരുന്നു.

എ എഫ് സി കപ്പ്, ചെന്നൈയിന് ആദ്യ വിജയം

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ചെന്നൈയിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാൾ ക്ലബായ മനങ് മർഷ്യങ്ഡിയെ ആണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. ചെന്നൈയിന്റെ ഹോം ഗ്രൗണ്ടായ ട്രാൻസ്റ്റേഡിയയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടി ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. രണ്ട് ഗോളുകളും കളിയുടെ രണ്ടാം പകുതിയിലാണ് വന്നത്.

മലയാളി താരം മുഹമ്മദ് റാഫിക്ക് നീണ്ട കാലത്തിന് ചെന്നൈയിന്റെ ആദ്യ ഇലവനിൽ അവസരം കിട്ടിയ മത്സരമായിരുന്നു ഇത്. പക്ഷെ റാഫിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഹെർഡ് ആണ് ചെന്നൈയിന് ലീഡ് നൽകിയത്. ഹെർഡിന്റെ ചെന്നൈയിന് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. 53ആം മിനുട്ടിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെ മെയിൽസൺ ആൽവേസ് ചെന്നൈയിന്റെ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ ഗ്രൂപ്പിൽ ചെന്നൈയിൻ ഒന്നാമതെത്തി. നേരത്തെ ആദ്യ മത്സരത്തിൽ മിനേർവയുമായി ചെന്നൈയിൻ സമനില വഴങ്ങിയിരുന്നു.

ബംഗ്ലാദേശ് ക്ലബ്ബിനെ സമനിലയിൽ തളച്ച് മിനർവ പഞ്ചാബ്

എ.എഫ്.സി കപ്പിൽ ബംഗ്ളാദേശ് ക്ലബായ അഭഹനി ധാക്കയെ സമനിലയിൽ കുടുക്കി മിനർവ പഞ്ചാബ്. ഇരു ടീമുകളും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു തവണ മത്സരത്തിൽ ലീഡ് നേടിയതിന് ശേഷമാണു മിനർവ മത്സരത്തിൽ സമനില വഴങ്ങിയത്. എ.എഫ്.സി കപ്പിൽ മിനർവയുടെ രണ്ടാമത്തെ സമനിലയായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ചെന്നൈയിനോടാണ് മിനർവ സമനിലയിൽ കുടുങ്ങിയത്

മഹ്മൂദ് അംനയിലൂടെ മത്സരത്തിന്റെ 16ആം മിനുട്ടിൽ മിനർവ പഞ്ചാബാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ നാല് മിനിറ്റുകൾക്ക് ശേഷം ധാക്ക നബിബ് ജിബോണിലൂടെ മത്സരത്തിൽ സമനില പിടിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെൽഫോർട്ടിന്റെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മലയാളി താരം ശ്രേയസ് ഗോപാലനിലൂടെ മിനർവ വീണ്ടും മുൻപിലെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സൺ‌ഡേ ചിസോബയിലൂടെ വീണ്ടും അഭഹനി ധാക്ക സമനില പിടിക്കുകയായിരുന്നു.  സമനില പിടിച്ചതോടെ മത്സരത്തിൽ ആധിപത്യം സ്വന്തമാക്കിയ ധാക്ക പലതവണ മിനർവ ഗോൾ മുഖം ആക്രമിച്ചെങ്കിലും ഭാഗ്യം കൊണ്ടാണ് പലപ്പോഴും മിനർവ രക്ഷപെട്ടത്.

എ എഫ് സി കപ്പ്, മിനേർവയുടെ ഹോം ഗ്രൗണ്ട് പ്രശ്നത്തിന് പരിഹാരം

എ എഫ് സി കപ്പിൽ മിനേർവ പഞ്ചാബ് ഹോം ഗ്രൗണ്ട് പ്രശ്നത്തിൽ പരിഹാരം. ഹോം ഗ്രൗണ്ടായി നേരത്തെ തീരുമാനിച്ചിരുന്നത് ഇപ്പോൾ സൂപ്പർ കപ്പ് നടക്കുന്ന കലിംഗ ൽ ഗ്രൗണ്ടായിരുന്നു. അതിന് ഓഡീഷ ഗവൺമെന്റ് അനുമതി നിഷേധിച്ചതോടെ മിനേർവ വലിയ പ്രശ്നങ്ങളിൽ തന്നെ പെട്ടിരുന്നു‌. ഹോം ഗ്രൗണ്ട് ശരിയായില്ല എങ്കിൽ ക്ലബ് അടച്ചു പൂട്ടുമെന്ന് മിനേർവ ഉടമ രഞ്ജിത്ത് ബജാ ഭീഷണി മുഴക്കികയും ചെയ്തിരുന്നു. നീണ്ട പ്രതിഷേധങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ ഗ്രൗണ്ട് ആദ്യ മത്സരത്തിന് അനുവദിക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി.

എ എഫ് സി കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ഒഡീഷയിൽ കളിച്ച് ബാക്കി മത്സരങ്ങൾ വേറെ വേദി കണ്ടെത്താൻ ആണ് മിനേർവയുടെ ഇപ്പോഴത്തെ തീരുമാനം. ഗോവയിലെ ഫതോർഡ സ്റ്റേഡിയം ആകും പിന്നീട് മിനേർവയുടെ ഹോം മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. ഇതുസംബന്ധിച്ച് ധാരണയിൽ ആയതാണ് സൂചന. ഹോം ഗ്രൗണ്ട് ശരിയായില്ല എങ്കിൽ മിനേർവയെ എ എഫ് സി കപ്പിൽ നിന്ന് വിലക്കുന്നത് പോലുള്ള നടപടികൾ ഉണ്ടായേനെ.

ഏഷ്യൻ ഫുട്ബോൾ തലപ്പത്ത് ഷെയ്ക് സൽമാൻ തുടരും

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ തലപ്പത്ത് ഷെയ്ക് സൽമാൻ തുടരും. എതിരില്ലാതെയാണ് ഷെയ്ക് സൽമാനെ വീണ്ടും എ എഫ് സി പ്രസിഡന്റായി തിരഞ്ഞെടുത്തത്. സൽമാനെതിരെ മത്സരിക്കാൻ ഉണ്ടായിരുന്ന യു എ ഇയുടെ മൊഹമ്മദ് അൽ റൊമെയ്തിയും, ഖത്തറിന്റെ സവൂദ് അൽ മൊഹന്നദിയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിരുന്നു.

ഇത് മൂന്നാം തവണയാണ് ഷെയ്ക് സൽമാൻ എ എഫ് സി പ്രസിഡന്റ് ആകുന്നത്. ആദ്യം 2013ൽ ആയിരുന്നു സൽമാൻ എ എഫ് സി പ്രസിഡന്റ് ആയത്. 2015ൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് ഫിഫാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു എങ്കിലും ഇൻഫന്റീനോയോട് പരാജയപ്പെടുകയായിരുന്നു‌. നാലു വർഷത്തേക്ക് കൂടി ഷെയ്ല് സൽമാൻ ആകും ഏഷ്യയിലെ ഫുട്ബോൾ നിയന്ത്രിക്കുന്നത്.

എ എഫ് സി കപ്പ്, ചെന്നൈയിനും മിനേർവയും ഇന്ന് നേർക്കുനേർ

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്ത്യയിൽ നിന്ന് എ എഫ് വി കപ്പിന് യോഗ്യത നേടിയ രണ്ടു ടീമുകളും ആണ് ഇന്ന് നേർക്കുനേർ വരുന്നത്. മിനേർവ പഞ്ചാബും ചെന്നൈയിനും എ എഫ് സി കപ്പിൽ അരങ്ങേറുന്ന മത്സരം കൂടിയാണിത്. ഗ്രൂപ്പ് ഇയിൽ ആണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ധാക്ക അഭാനി, മനങ് മർഷ്യാങ്ഡി എന്നീ ക്ലബുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

പ്ലേ ഓഫിൽ കൊളംബോ എഫ് സി യെ തോൽപ്പിച്ചാണ് ചെന്നൈയിൻ എ എഫ് സി കപ്പ് യോഗ്യത നേടിയത്. സൂപ്പർ കപ്പിലും മികച്ച വിജയം സ്വന്തമാക്കിയ ചെന്നൈയിന് എ എഫ് സി കപ്പിലും ആ പ്രകടനങ്ങൾ ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയുണ്ട്. ഫോമിലുള്ള സി കെ വിനീത് ആകും ചെന്നൈയിന്റെ പ്രധാന താരം. മിനേർവയ്ക്കും ചെന്നൈയിനും ഈ സീസണിൽ ലീഗുകളിൽ ദയനീയ ഫോം ആയിരുന്നു ഉണ്ടായിരുന്നത്. എ എഫ് സി കപ്പിലെ മുന്നേറ്റത്തോടെ അത് മറികടക്കാൻ ആകുമെന്ന് ഇവർ കരുതുന്നു.

ഇന്ന് അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയയിലാണ് മത്സരം നടക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം.

ചെന്നൈയിന്റെ ഹോം സ്റ്റേഡിയം അങ്ങ് അഹമ്മദാബാദിൽ, ആരാധകർ പ്രതിഷേധത്തിൽ

ചെന്നൈയിന്റെ ഹോം അഹമ്മദാബാദിൽ ആകുന്നതിൽ പ്രതിഷേധവുമായി ആരാധകർ. ചെന്നൈയിന്റെ എ എഫ് സി കപ്പ് മത്സരങ്ങൾക്കായാണ് അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയ ഹോം ഗ്രൗണ്ടാക്കി ഉപയോഗിക്കാൻ ചെന്നൈയിൻ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളാണ് എ എഫ് സി കപ്പിൽ നടക്കാൻ പോകുന്നത്. ആ മത്സരങ്ങൾ കാണാൻ പറ്റില്ല എന്നതാണ് ചെന്നൈയിൻ ആരാധകരെ രോഷാകുലരാക്കുന്നത്.

ചെന്നൈയിൽ നിന്ന് 1800 കിലോമീറ്റർ ദൂരെയാണ് അഹമ്മദബാദ്. ഹോം മത്സരം കാണാൻ തങ്ങൾ ഇത്ര അധികം ദൂരെ പോകണം എന്നാണൊ ക്ലബ് പറയുന്നത് എന്ന് ആരാധകർ ചോദിക്കുന്നു. എന്നാൽ ഈ തീരുമാനം സാമ്പത്തികവുമായി ബന്ധപ്പെട്ടതാണെന്ന് ചെന്നൈയിൻ പറയുന്നു. ഇതിൽ മാറ്റം ഉണ്ടാവില്ല എന്നും ചെന്നൈയിൻ അറിയിച്ചു. ചെന്നൈയിൻ നേരത്തെ തങ്ങളുടെ യോഗ്യതാ മത്സരം ട്രാൻസ്റ്റേഡിയയിൽ വെച്ച് കളിച്ചിരുന്നു.

ഏപ്രിൽ മൂന്ന് മുതൽ ആണ് ചെന്നൈയിന്റെ എ എഫ് സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

എ എഫ് സി കപ്പ്, കൊളംബോയെ തോൽപ്പിച്ച് ചെന്നൈയിൻ ഗ്രൂപ്പ് ഘട്ടത്തിൽ

എ എഫ് സി കപ്പ് പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ വിജയം നേടി ചെന്നൈയിൻ എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. ഇന്ന് അഹമ്മദാബാദിൽ വെച്ച് നടന്ന പോരാട്ടത്തിൽ കൊളംബോ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്‌. ശ്രീലങ്കയിൽ നടന്ന ആദ്യ പാദ മത്സരം ഗോൾ രഹിതമായി അവസാനിച്ചിരുന്നു.

ആദ്യ പാദത്തിൽ എന്ന പോലെ ഇന്നും വിരസമായ മത്സരമാണ് എ എഫ് സി കപ്പിൽ ചെന്നൈയിന്റെ ഭാഗത്തു നിന്ന് കാണാൻ കഴിഞ്ഞത്. പക്ഷെ രണ്ടാം പകുതിയിൽ ലഭിച്ച അവസരം മുതലാക്കി ലക്ഷ്യം കണ്ട ജെജെ ചെന്നൈയിനെ രക്ഷിക്കുകയായിരുന്നു. മലയാളി താരം സി കെ വിനീത് ഇന്ന് ചെന്നൈയിന്റെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരു‌ന്നു. ഈ വിജയത്തോടെ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ചെന്നൈയിൻ കടന്നു. മിനേർവ പഞ്ചാബും എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്.

ആദ്യമായാണ് ഐ എസ് എല്ലിനെ പ്രതിനിധീകരിച്ച് ഒരു ടീം എ എഫ് സി കപ്പിൽ കളിക്കുന്നത്.

ഖത്തർ താരങ്ങളെ ആക്രമിച്ചതിന് യു എ ഇക്ക് എതിരെ നടപടി

യു എ ഇ ഫുട്ബോൾ അസോസിയേഷനെതിരെ കടുത്ത നടപടിയുമായി എ എഫ് സി. ഇക്കഴിഞ്ഞ ഏഷ്യൻ കപ്പിലെ മോശം സംഭവങ്ങളിലാണ് എ എഫ് സിയുടെ നടപടി. ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിൽ ഖത്തറും യു എ ഇയും തമ്മിലുള്ള മത്സരത്തിനിടെ യു എ ഇ ആരാധകരാൽ ഖത്തർ താരങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് എ എഫ് സി ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

ഒരു മത്സരം ആരാധകരില്ലാതെ കളിക്കാനും അതിനു കൂടെ വൻ പിഴയും യു എ ഇ നൽകേണ്ടതായി വരും. ഒരു ലക്ഷത്തി അമ്പതിനായിരം ഡോളർ ആണ് പിഴ ആയി വിധിച്ചിരിക്കുന്നത്. ആക്രമണമുണ്ടായ മത്സരത്തിൽ ഖത്തർ വിജയിക്കുകയും ഫൈനലിലേക്ക് എത്തുകയും ചെയ്തിരുന്നു. എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിൽ ഒന്നാകും യു എ ഇ ആരാധകർ ഇല്ലാതെ കളിക്കുക.

Exit mobile version