ആഷിഖ് മിന്നുന്നു, ആദ്യ പകുതിയിൽ ഇന്ത്യയും തായ്ലാന്റും ഒപ്പത്തിനൊപ്പം

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം എന്ന് പറയാം. തായ്ലാന്റിനെതിരായ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 എന്ന നിലയിൽ നിൽക്കുകയാണ്. ഇന്ത്യയെക്കാൾ മികച്ച ടീമായി വിലയിരുത്തപ്പെട്ട തായ്ലാന്റിനെ സമർത്ഥമായി പിടിച്ചു കെട്ടാൻ ആദ്യ പകുതിയിൽ ഇന്ത്യക്കായി. ലീഡ് എടുത്ത ശേഷമാണ് ഇന്ത്യ സമനില ഗോൾ വഴങ്ങിയത്.

ആഷിഖ് കുരുണിയനെ സ്റ്റാർട്ട് ചെയ്യാനുള്ള കോൺസ്റ്റന്റൈൻ തീരുമാനം ഫലിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്.

ആഷിഖ് ആദ്യ നിമിഷം മുതൽ തായ്ലാന്റ് ഡിഫൻസിനെ വിഷമിപ്പിക്കാൻ തുടങ്ങി. കളിയുടെ 27ആം മിനുട്ടിൽ ആഷിഖ് തന്നെ ഇന്ത്യയ്ക്ക് മുന്നിൽ എത്താനുള്ള അവസരവും ഒരുക്കി‌. ആഷിഖ് ഒരു ബോക്സിലേക്കുള്ള കുതിപ്പ് ഇന്ത്യക്ക് ഒരു പെനാൾട്ടി നേടിതന്നു. പെനാൾട്ടി സുനിൽ ഛേത്രി ഒട്ടും പിഴക്കാതെ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വപ്ന നിമിഷമായിരുന്നു അത്.

പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 32ആം മിനുട്ടിൽ ഒരു ലോംഗ് ഫ്രീകിക്കിൽ ഇന്ത്യൻ ഡിഫൻസ് ലൈനിന് പിഴച്ചു. ദംഗ്ഡയുടെ ഹെഡർ ഗുർപ്രീതിന് തടയാൻ ആവുന്ന ഒന്നായിരുന്നില്ല. സ്കോർ 1-1. 37ആം മിനുട്ടിൽ ഒരു അവസരം കൂടെ ഛേത്രിക്ക് ലഭിച്ചു എങ്കിലും മുതലാക്കാൻ ഇന്ത്യൻ ഇതിഹാസത്തിന് ആയില്ല. ആഷിഖ് ആയിരുന്നു ഇത്തവണയും ഗോൾ അവസരം ഒരുക്കി കൊടുത്തത്.

ചാമ്പ്യന്മാരെ തറപറ്റിച്ച് ജോർദാൻ

ഏഷ്യാ കപ്പിൽ ഇത്തവണ ഒന്നും പ്രതീക്ഷിച്ചത് പോലെയല്ല. ഇന്നലെ യു എ ഇയെ ബഹ്റൈൻ പിടിച്ച് കെട്ടി എങ്കിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പരാജയപ്പെട്ടിരിക്കുകയാണ്. ജോർദാൻ ആണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരിക്കുന്നത്. ആദ്യ പകുതിയിൽ പിറന്ന ഏക ഗോളാണ് ഓസ്ട്രേലിയയുടെ കിരീടം നിലനിർത്താം എന്ന മോഹത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി കൊടുത്തത്.

ഒരു കോർണറിൽ നിന്ന് അമീൻ ബാനിയുടെ ഒരു ഗംഭീര ഹെഡറാണ് ഓസ്ട്രേലിയൻ വലയിൽ വീണത്. ആദ്യ പകുതിയിൽ തന്നെ ബഹാ അബ്ദുറഹ്മാന്റെ ഫ്രീകിക്കും ജോർദാന്റെ ഗോളായി മാറിയേനെ. മാത്യ് റയാന്റെ രക്ഷപ്പെടുത്തലും പോസ്റ്റും ഒന്നു ചേർന്നത് കൊണ്ട് മാത്രമാണ് ആ ഫ്രീകിക്ക് പുറത്തേക്ക് പോയത്. ഗ്രൂപ്പ് ബിയിൽ സിറിയയും ഉണ്ട് എന്നതിനാൽ ഈ ഗ്രൂപ്പിലെ പോരാട്ടങ്ങൾ ഇനി പ്രവചനാതീതം ആകും.

ഏഷ്യാകപ്പിൽ ഇന്ത്യ – തായ്‌ലൻഡ് പോരാട്ടം കാണാൻ അതിഥികളായവരെത്തുന്നു

ഏഷ്യാകപ്പിൽ ഇന്ത്യ – തായ്‌ലൻഡ് പോരാട്ടം കാണാൻ അതിഥികളായി തായ്‌ലാന്റിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട് അതിസാഹസികമായി രക്ഷപ്പെട്ട നാല് കുട്ടികൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ ഈ കുട്ടികൾ ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന തായ്‌ലന്റിനെ സപ്പോർട്ട് ചെയ്യാനാണ് സ്റ്റാൻഡിൽ ഉണ്ടാവുക. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക

മലകള്‍ക്കടിയില്‍ കിടക്കുന്ന താം ലുവാങ് ഗുഹ തായ്‌ലാന്റിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്. ജൂണ്‍ 23ന് കുട്ടികള്‍ കയറുമ്പോള്‍ ഗുഹയ്ക്കുള്ളില്‍ വെള്ളമില്ലായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഗുഹയില്‍ പലയിടത്തും വെള്ളം കയറുകയായിരുന്നു. അവിടെ കുടുങ്ങിക്കിടന്ന കുട്ടികളെ 9 ദിവസം കഴിഞ്ഞ് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ്കണ്ടെത്തിയത്. നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരുടെ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടികളെ രക്ഷിച്ചത്.

 

തായ്ലാന്റിനെതിരെ ആഷിഖ് ആദ്യ ഇലവനിൽ, ജയിക്കാൻ ഉറച്ച് ഇന്ത്യ

തായ്ലാന്റിനെ നേരിടേണ്ട ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരമായ ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ ഇടം പിടിച്ചതാണ് ടീം ന്യൂസിലെ പ്രധാന കാര്യം. ഫോമിൽ ഇല്ലാത്ത ജെജെയെ ബെഞ്ചിൽ ഇരുത്തിയാണ് കോൺസ്റ്റന്റൈൻ ആഷിഖിന് അവസരം നൽകിയത്. ഡിഫൻസിൽ മലയാളി താരമായ അനസും ഇറങ്ങുന്നുണ്ട്. അനസ്-ജിങ്കൻ കൂട്ടുകെട്ടിലാകും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

റൈറ്റ് ബാക്കായി പ്രിതം കോട്ടാലും ലെഫ്റ്റ് ബാക്കായി സുഭാഷിഷും ഇറങ്ങുന്നു. മധ്യനിര അനിരുദ്ധ താപയുടെയും പ്രണോയ്യ് ഹാൾദറിന്റെയും കയ്യിലാണ്. വിങ്ങുകളിൽ ഹാളിചരണും ഉദാന്തയും ഉണ്ടാകും. ഛേത്രിക്ക് പിറകിൽ ആയാകും ആഷിക് അണിനിരക്കുക.

ഇന്ത്യൻ ലൈനപ്പ്;
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, അനിരുദ്ധ് താപ, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി

ഛേത്രിക്ക് ഇത് അപമാനം, ഗുർപ്രീത് സിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ

ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ സുനിൽ ഛേത്രി ആയിരിക്കില്ല ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക എന്ന് പറഞ്ഞപ്പോൾ ഇന്ത്യ ആരാധകർ ഇത് ക്യാപ്റ്റനെ റൊട്ടേറ്റ് ചെയ്യുന്ന കോൺസ്റ്റന്റൈന്റെ സ്ഥിരം പരിപാടി ആകും എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ അനുസരിച്ച് ബെംഗളൂരു എഫ് സിയുടെ ഗോൾകീപ്പറായ ഗുർപ്രീത് സന്ധു തന്നെ ആകും ഇന്ത്യയുടെ ഇനിയുള്ള സ്ഥിരം ക്യാപ്റ്റൻ. ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങൾക്കുമുള്ള ക്യാപ്റ്റനായി ഗുർപ്രീതിനെ കോൺസ്റ്റന്റൈൻ നിയമിച്ചിരിക്കുകയാണ്.

തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന സുനിൽ ഛേത്രി കളിക്കുന്ന അവസാന വലിയ ടൂർണമെന്റ് ആയേക്കാം ഈ ഏഷ്യാ കപ്പ്. അപ്പോഴാണ് ഇത്തരമൊരു തീരുമാനം കോൺസ്റ്റന്റൈൻ എടുത്തിരിക്കുന്നത്. ഇത് ഛേത്രി എന്ന ഇതിഹാസത്തിനെ അപമാനിക്കുന്നത് പോലെയാണ്. വർഷങ്ങളായി ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്ന ഛേത്രിക്ക് ഇന്ത്യയെ നയിക്കാൻ അറിയില്ല എന്ന് ആരും കരുതുന്നുണ്ടാവില്ല.

ഛേത്രിയും കോൺസ്റ്റന്റൈനും തമ്മിലുള്ള സ്വരചേർച്ചയാകാം ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് കരുതുന്നു. മുമ്പും ഗുർപ്രീത് ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. ഗുർപ്രീത് ക്യാപ്റ്റനാകാൻ അർഹനാണ് എങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ ഛേത്രി ഈ പരിചരണം അല്ല അർഹിക്കുന്നത്. ഇന്ന് തായ്ലാന്റിനെതിരെ ആണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം.

അതിജീവനത്തിന്റെ പോരാട്ടത്തിനായി സിറിയ പലസ്തിനിനെതിരെ

ഏഷ്യാകപ്പിൽ അതിജീവനത്തിന്റെ പോരാട്ടത്തിനായി സിറിയ പലസ്തിനിനെതിരെ ഇറങ്ങുന്നു. ഇന്ന് രാത്രി ഒൻപതരയ്ക്ക് ആണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബിയിൽ പലസ്തീൻ,ജോർദ്ദാൻ,ആസ്‌ട്രേലിയ, സിറിയ എന്നി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എല്ലാത്തരം പ്രതിസന്ധികളെയും അതിജീവിച്ച് സിറിയൻ പലസ്‌തീൻ ഫുട്ബോൾ ടീമുകൾ ഏഷ്യാകപ്പിനിറങ്ങുന്നത്.

കലുഷിതമായ അന്തരീക്ഷം മൂലം ഹോം മത്സരങ്ങൾ മലേഷ്യയിലും ഒമാനിലും കളിക്കുന്ന സിറിയയും പ്രശ്നങ്ങൾ കാരണം കഷ്ടപ്പെട്ടുന്ന പലസ്‌തീനും തങ്ങളുടേതായ സ്ഥാനം ഏഷ്യൻ ഫുട്ബാളിൽ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ഷാർജയിൽ പത്തിരട്ടി തുക നൽകിയാണ് പല ആരധകരും ടിക്കറ്റ് സ്വന്തമാക്കുന്നത്.

സൗദി ക്ലബായ അൽ -അഹ്‌ലിക്ക് വേണ്ടി അടിച്ച ഒമർ അൽ സോമയാണ് സിറിയൻ ആക്രമണത്തിന്റെ കുന്തമുന. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ താരമായ നാഫിയും സിറിയൻ ആക്രമണത്തിന് തുണയാകും. പ്രതിരോധം മാത്രമാണ് സിറിയക്ക് തലവേദനയാകുന്നത്. അതെ സമയം വിജയത്തേക്കാൾ ഉപരി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയാണ് പലസ്തിനിന്റെ ലക്ഷ്യം.

“കഷ്ടപ്പെട്ടതൊന്നും വെറുതെ ആവില്ല എന്ന് ഉറപ്പിക്കൽ ഇന്ത്യയുടെ ആദ്യ ലക്ഷ്യം”

ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ പോരിന് ഇറങ്ങുകയാണ് ഇന്ത്യ. ടീമിന് ഒരു ലക്ഷ്യം മാത്രമെ ഇന്ന് ഉള്ളൂ എന്ന് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറയുന്നു. അത് വിജയിക്കുക എന്നതാണ്. തായ്ലാന്റ് വലിയ ടീമൊക്കെ ആയിരിക്കാം എന്നാലും ഇന്ന് ജയിച്ചു തന്നെ ഇന്ത്യ തുടങ്ങും എന്നും ഗുർപ്രീത് പറഞ്ഞു. ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് ഇന്ന് അണിയുന്നതും ഗുർപ്രീത് ആണ്.

ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ ലക്ഷ്യം ഇന്ത്യ ഇത്രകാലം കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവില്ല എന്ന് ഉറപ്പിക്കലാണ്. അവസാന നാലു വർഷം ഇന്ത്യ ഈ ഏഷ്യാ കപ്പ് യോഗ്യതയ്ക്ക് വേണ്ടി കുറെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഗുർപ്രീത് പറഞ്ഞു. 2011ൽ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുമ്പോൾ ഗുർപ്രീതും ടീമിൽ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഒരു മത്സരത്തിലും കളിക്കാൻ അദ്ദേഹത്തിന് ആയില്ല.

2011 ടീമിൽ ഉണ്ടായിരുന്നത് വലിയ ഗുണം ആണെന്നും ഈ സ്റ്റേജിൽ ആദ്യമായല്ല എത്തുന്നത് എന്നത് സമ്മർദ്ദങ്ങൾ കുറക്കുന്നു എന്നും ഗുർപ്രീത് പറഞ്ഞു. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഇന്ത്യയും തായ്ലാന്റും തമ്മിലുള്ള മത്സരം.

ഛേത്രിയല്ല ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ

ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ സുനിൽ ഛേത്രി ആയിരിക്കില്ല ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. ബെംഗളൂരു എഫ് സിയുടെ ഗോൾകീപ്പറായ ഗുർപ്രീത് സന്ധു ആകും ഇന്ത്യയുടെ ഇന്നത്തെ ക്യാപ്റ്റൻ. പരിശീലകൻ കോൺസ്റ്റന്റൈന്റെ ക്യാപ്റ്റന്മാരെ റൊട്ടേറ്റ് ചെയ്യാനുള്ള തീരുമാനം ആണ് ക്യാപ്റ്റൻസി ഗുർപ്രീതിൽ എത്തിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കും മൂന്ന് താരങ്ങളാകും ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. ടീമിൽ കൂടുതൽ ലീഡർമാർ ഉണ്ടാകാൻ വേണ്ടിയാണ് ക്യാപ്റ്റൻസി റൊട്ടേറ്റ് ചെയ്യുന്നത് എന്ന് നേരത്തെ കോൺസ്റ്റന്റൈൻ പറഞ്ഞിരുന്നു. മുമ്പും ഗുർപ്രീത് ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. പോർട്ടോ റികയ്ക്ക് എതിരെ ആയിരുന്നു നായകനായുള്ള ഗുർപ്രീതിന്റെ ആദ്യ മത്സരം

സ്വപ്നങ്ങളേ കാവൽ, ഇന്ത്യ ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ പോരിന് ഇറങ്ങും

ഏഷ്യാ കപ്പ് ഇത്തവണ ഇന്ത്യൻ ഫുട്ബോളിന് ചെറിയ കളിയല്ല. വലിയ സ്വപ്നങ്ങൾ കാണാൻ ഇന്ത്യ പാകമായോ എന്ന് അറിയാനുള്ള പരിശോധനയാണ്. ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങും. തായ്ലാന്റ് ആണ് എതിരാളികൾ. ഫുട്ബോളിൽ വളരെ അധികം മുന്നോട്ടേക്ക് ഈ അടുത്ത കാലത്ത് പോയ ടീമാണ് തായ്ലാന്റ്. ഫിഫാ റാങ്കിംഗ് കൊണ്ട് മാത് അവരെ അളക്കാൻ പറ്റില്ല.

എ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടാൻ യു എ ഇ കഴിഞ്ഞാൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് തായ്ലാന്റിനാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാകും. പക്ഷെ തായ്ലാന്റിനെ നേരിടാൻ എല്ലാ വിധത്തിലും ഒരുങ്ങി കഴിഞ്ഞു എന്നാണ് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞത്. ഇത് ഇന്ത്യൻ ആരാധകർക്ക് ഇന്ന് കാണാം എന്നും അദ്ദേഹം പറയു‌ന്നു.

ആവശ്യത്തിന് സൗഹൃദ മത്സരം കളിക്കാതെ എത്തിയ ഇന്ത്യക്ക് വെല്ലി വിളിയാവുക തായ്ലാന്റിന്റെ വേഗതയാകും. 1964ന് ശേഷം ഒരു ഏഷ്യാ കപ്പ് വിജയം വരെ ഇന്ത്യക്കില്ല. ഗ്രൂപ് ഘട്ടം കടക്കുക എന്നത് അധികമാരം പ്രവചിക്കാത്ത കാര്യം ആണെങ്കിലും ഇന്ത്യക്ക് എന്തും സാധിക്കും എന്ന് ആരാധകഫ് വിശ്വസിക്കുന്നു. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ കണ്ടതിന് സമാനമായ ടീമും ആയാകും കോൺസ്റ്റന്റൈൻ ഇറങ്ങുക.

മലയാളി താരം അനസ് ആദ്യ ഇലവനിൽ ഉണ്ടാകും. സബ്ബായി ആഷിഖ് കുരുണിയനും ഇന്ന് ടീമിൽ ഉണ്ടാകും. ഇരുവർക്കും കേരളത്തിന്റെ അഭിമാനം ഉയർത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛേത്രി മാത്രമെ അറ്റാക്കിംഗ് നിരയിൽ ഫോമിൽ ഉള്ളൂ എന്നത് ആകും കോൺസ്റ്റന്റൈന്റെ പ്രധാന പ്രശ്നം. ടീമിൽ ഉള്ള വേറെ ഒരു സ്ട്രൈക്കറും ഈ സീസണിൽ നല്ല കളിയല്ല കളിച്ചത്.

ഏഷ്യാ കപ്പ് സന്നാഹ മത്സരത്തിൽ തായ്ലാന്റ് ഒമാനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഒമാനെ സമനിലയിൽ പിടിക്കുകയും ചെയ്തു. ആ ഫലങ്ങൾ ഇന്ത്യക്ക് പ്രചോദനം നൽകും. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക

യുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ

യുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ ഏഷ്യാകപ്പിനെത്തുകയാണ്. ഒരു ദശബ്ദക്കാലത്തോളമായി സിറിയ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓർമ്മ വരിക യുദ്ധക്കെടുതികളും നഷ്ടപ്പെട്ട ജീവനുകളുടെ കണക്കുമാണ്. എങ്കിലും എല്ലാത്തരം പ്രതിസന്ധികളെയും അതിജീവിച്ച് സിറിയൻ ഫുട്ബോൾ ടീം ഏഷ്യാകപ്പിനിറങ്ങുകയാണ്. കലുഷിതമായ അന്തരീക്ഷം മൂലം ഹോം മത്സരങ്ങൾ മലേഷ്യയിലും ഒമാനിലും കളിക്കുന്ന സിറിയ ഏഷ്യാകപ്പിനിറങ്ങുന്നത് ചരിത്രം തിരുത്തിക്കുറിക്കാനാണ്.

കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സിറിയ എന്ന രാജ്യത്തിന് ഫുട്ബോൾ ലോകത്ത് തങ്ങളുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. കപ്പിനും ചുണ്ടിനുമിടയ്ക്കാണ് റഷ്യയിൽ നടന്ന ലോകകപ്പിനുള്ള യോഗ്യത ആസ്ട്രേലിയയോട് പരാജയപ്പെട്ട് അവർക്ക് നഷ്ടമായത്. എന്നാൽ ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബിയിൽ പലസ്തീൻ,ജോർദ്ദാൻ, എന്നിവർക്ക് പുറമെ ആസ്ട്രേലിയയുമുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുള്ള സുവർണാവസരവും സിറിയക്ക് മുൻപിലുണ്ട്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ 2-1 അഗ്ഗ്രിഗേറ്റിലാണ് സിറിയ പരാജയപ്പെട്ടത്. ജെംഷെഡ്പൂരിന്റെ ആസ്ട്രേലിയൻ താരം ടിം കാഹിലിന്റെ ഇരട്ട ഗോളുകൾ സിറിയയുടെ പ്രതീക്ഷകളെ തകർത്തു. ഒരു സമനിലയിൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ സിറിയ യോഗ്യത നേടിയേനെ. ഏഷ്യാകപ്പിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്ത ഘട്ടത്തിൽ സിറിയ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മൻ കോച്ച് ബെർണാഡ് സ്റ്റാങ്ങിന്റെ കീഴിൽ ആസ്‌ട്രേലിയയിൽ പരിശീലന ക്യാമ്പും നിരവധി സൗഹൃദ മത്സരങ്ങളും സിറിയ കളിച്ച് സിറിയ തയ്യാറായിട്ടുണ്ട്.

132 മത്സരങ്ങളിൽ 128 ഗോളുകൾ സൗദി ക്ലബായ അൽ -അഹ്‌ലിക്ക് വേണ്ടി അടിച്ച ഒമർ അൽ സോമയാണ് സിറിയൻ ആക്രമണത്തിന്റെ കുന്തമുന. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ താരമായ നാഫിയും സിറിയൻ ആക്രമണത്തിന് മൂർച്ച കൂട്ടും. പ്രതിരോധം മാത്രമാണ് സിറിയക്ക് തലവേദനയാകുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ബഹ്‌റൈനെതിരെ മാത്രമാണ് സിറിയ ജയിച്ചിട്ടുള്ളത്. എങ്കിലും ചൈന,ജപ്പാൻ,ഇറാൻ എന്നി ടീമുകളോട് സമനില നേടാൻ അവർക്ക് കഴിഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ദക്ഷിണ കൊറിയയോടും ആസ്ട്രേലിയയോടും മാത്രമാണ് സിറിയ പരാജയമറിഞ്ഞത്.

 

റഫറി രക്ഷിച്ചു, ബഹ്റൈനെതിരെ അർഹിക്കാത്ത സമനില നേടി യു എ ഇ

ഏഷ്യാ കപ്പിലെ ആദ്യ മത്സരം ബഹ്റൈനു മാത്രം സ്വന്തമായേനെ. റഫറി ചതിച്ചില്ലായിരുന്നു എങ്കിൽ. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു എ ഇയെ നേരിട്ട ബഹ്റൈൻ ആതിഥേയരെ വിറപ്പിച്ചു എന്ന് തന്നെ പറയാം. ഒരു ഗോളിന് മുന്നിൽ നിന്ന് വിജയം ഉറപ്പിക്കുമായിരുന്ന ബഹ്റൈനെ തളർത്തിയത് റഫറിയുടെ ഒരു തെറ്റായ തീരുമാനം ആയിരുന്നു.

78ആം മിനുട്ടിൽ അലി മദാന്റെ ക്രോസിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് അൽ റൊഹൈമി ബഹ്റൈനെ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ 88ആം മിനുട്ടിൽ റഫറി ഒരു സോഫ്റ്റ് പെനാൾട്ടി നൽകി യു എ ഇയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഹാൻഡ് ബോളിനാണ് പെനാൾട്ടി നൽകിയത്. ഡെലിബറേറ്റ് ഹാൻഡ് ബോൾ അല്ല അതെന്ന് റീപ്ലേകളിൽ വ്യക്തമാണ്.

അഹ്മദ് ഖലീൽ ആ പെനാൾട്ടിയിലൂടെ യു എ ഇക്ക് അർഹിക്കാത്ത സമനില നേടിക്കൊടുത്തു. ഗ്രൂപ്പ് എയുലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെട്ട യു എ ഇ ഇന്ന് ദയനീയ പ്രകടനമാണ് കളിയിൽ ഉടനീളം കാഴ്ചവെച്ചത്.

“തോൽക്കുമെന്ന് പേടിച്ചല്ല, ജയിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്”

നാളെ ഏഷ്യാ കപ്പിൽ ഇന്ത്യ ഇറങ്ങുമ്പോൾ ചരിത്രം ഒക്കെ മാറുമെന്ന് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ. 1964ന് ശേഷം ഏഷ്യാ കപ്പിൽ ഒരു വിജയം വരെ ഇല്ല എന്ന ദുർഗതി മാറാൻ പോവുകയാണെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു. നാളെ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ തായ്ലാന്റിനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ കളിയെ സമീപിക്കുന്ന രീതിയാണ് ഈ ടീമിന്റെ ഏറ്റവും വലിയ മാറ്റം എന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു.

മുമ്പ് ഒരു മത്സരം പരാജയപ്പെടുമോ എന്ന് പേടിച്ചായിരുന്നു ഇന്ത്യ ഇറങ്ങാറ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. വിജയിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഇന്ത്യ ഇറങ്ങുന്നത്. കോൺസ്റ്റന്റൈൻ പറഞ്ഞു. അവസാന നാലു വർഷത്തിൽ ഇന്ത്യ ഫുട്ബോളിൽ കാഴ്ചവെച്ചത് അഭിമാനകരമായ കാര്യമാണെന്നും. അത് ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാമായിരുന്നു. എന്നാൽ അതിന് സാധിക്കാത്തതിൽ വിഷമം ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version