ഫിലിപ്പീൻസിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണ കൊറിയ

ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ദക്ഷിണ കൊറിയ കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം. ഫിലിപ്പീൻസ് എന്ന കുഞ്ഞന്മാരുടെ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഏക ഗോളിനായിരുന്നു കൊറിയയുടെ ജയം. കളിയിൽ ആദ്യ 67 മിനുട്ട് വരെ കൊറിയയെ ഗോളില്ലാതെ പിടിച്ചു കെട്ടാൻ ഫിലിപ്പീൻസിനായി. മൂന്ന് നാല് നല്ല അവസരങ്ങളും ഫിലിപ്പീൻസ് സൃഷ്ടിച്ചു. അത് മുതലാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറിയായി അത് മാറിയേനെ.

67ആം മിനുട്ടിൽ ഹുവായ് ഹുയീജോ ആണ് കൊറിയയുടെ നിർണായക ഗോൾ നേടിയത്. ആ ഗോൾ വിജയം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ചൈന കിർഗിസ്താനെ തോൽപ്പിച്ചിരുന്നു.

ആഷിഖ് കുരുണിയൻ ആണ് താരം, ഛേത്രി പറയുന്നു

ഇന്നലെ തായ്ലാന്റിനെതിരായ മത്സരത്തിലെ ആഷിഖ് കുരുണിയന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സുനി ഛേത്രി. ഇന്നലത്തെ മത്സരത്തിലെ ആഷിഖിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് സുനിൽ ഛേത്രി പറഞ്ഞു. ആഷിഖിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട് എന്നും ഛേത്രി പറഞ്ഞു. ഇന്നലെ പതിവില്ലാത്ത സെക്കൻഡ് സ്ട്രൈക്കറുടെ റോളിൽ ആയിരുന്നു ആഷിഖ് ഇറങ്ങിയത്.

ആഷിഖ് ഇന്നലെ ഇറങ്ങിയത് അവന് പരിചയമില്ലാത്ത പൊസിഷനിൽ ആയിരുന്നു. അവൻ ഒരു സ്ട്രൈക്കർ അല്ല. എന്നിട്ടും ആ റോൾ മനോഹരമായി കൈകാര്യം ചെയ്തു. ആഷിഖ് ഗ്രൗണ്ടിൽ കഠിന പ്രയത്നം ചെയ്തു എന്നും ഛേത്രി പറഞ്ഞു. ഇന്നലെ മത്സരത്തിൽ ഛേത്രി നേടിയ രണ്ടു ഗോളുകളും ഒരുക്കിയത് ആഷിഖ് ആയിരുന്നു. ആദ്യം ഛേത്രിയുടെ പെനാൾട്ടി സ്വന്തമാക്കി കൊടുത്തു. പിന്നെ ഒരു ഫ്ലിക്ക് പാസിലൂടെ ഛേത്രിയുടെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ജെജെ ഇന്ത്യയുടെ വലിയ താരമാണ്. ജെജെ ഏഷ്യാ കപ്പ് യോഗ്യതാ ഘട്ടങ്ങളിൽ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ആ ജെജെയുടെ റോളിൽ ഇറങ്ങി ആ ബൂട്ടിന് പകരം ആകുന്ന പ്രകടനം നടത്തുക എന്നത് ചെറിയ കാര്യമല്ല എന്നും ഛേത്രി പറഞ്ഞു.

ചരിത്രം കുറിച്ച കിർഗിസ്താൻ ഗോളും കടന്ന ചൈനക്ക് ജയം

ഏഷ്യൻ കപ്പിൽ ഇന്നും ഒരു അട്ടിമറി മണത്തത് ആയിരുന്നു. ചൈനയും കിർഗിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ 42ആം മിനുട്ടിൽ ഇസ്രായിലോവ് കിർഗിസ്താൻ വേണ്ടി ഗോൾ നേടി. കിർഗിസ്ഥാൻ ഒരു ഗോളിന് മുന്നിൽ. കിർഗിസ്ഥാന്റെ ഏഷ്യൻ കപ്പ് ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. പക്ഷെ ആ ഗോളിൽ തളരാതെ തിരിച്ചടിച്ച് 2-1ന് ജയിക്കാൻ ചൈനക്കായി.

രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ആദ്യം ചൈനക്ക് സമനില നൽകിയത്. തുടർന്ന് 78ആം മിനുട്ടിൽ യു ദബാവോ വിജയ ഗോളും നേടി. 11ആം തീയതി ഫിലിപ്പീൻസിന് എതിരെയാണ് ചൈനയുടെ അടുത്ത മത്സരം. ഗ്രൂപ്പിൽ കൊറിയ റിപബ്ലിക്കും ചൈനക്ക് എതിരായി കളിക്കാൻ ഉണ്ട്.

ഇറാൻ ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങും, അലിറേസ ഇല്ലാതെ

ഏഷ്യൻ കപ്പിലെ ഫേവറിറ്റുകളിൽ ഒന്നായ ഇറാൻ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. യെമനെ ആണ് ഇറാൻ ആദ്യ മത്സരത്തിൽ നേരിടുന്നത്. ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ നടത്തിയതിന്റെ വലിയ ആത്മവിശ്വാസവുമായാണ് ഇറാൻ എത്തുന്നത്. ജപ്പാനെയും ഓസ്ട്രേലിയയെയും ഒക്കെ മറികടന്ന് ഏഷ്യൻ കപ്പ് നേടാം എന്നു തന്നെ ഇറാൻ വിശ്വസിക്കുന്നു

ഇന്ന് ഇറങ്ങുന്ന ഇറാന്റെ പ്രധാന പ്രശ്നം പരിക്കുകൾ ആകും. സൂപ്പർ താരം ജഹാൻബക്ഷ് ആണ് പരിക്കിന്റെ പിടിയിലായ പുതിയ ആൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്റെ താരമായ ജഹാൻബക്ഷിന് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് പ്രശ്നമായിരിക്കുന്നത്. അദ്ദേഹം ഇന്ന് കളിക്കില്ല എന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്ക് എങ്കിലും അലിറെസ എത്തും എന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

സെയ്ദ് എസതൊലാഹി, അലി ഗൊലിസാദെ, സദേഗ് മൊഹറാമി എന്നിവരും പരിക്ക് കാരണം ഇറാൻ നിരയിൽ ഇല്ല.

ഇന്ത്യൻ ടീമിന്റെ പ്രകടനം കണ്ട് ഞെട്ടി എന്ന് ഇറാൻ പരിശീലകൻ

ഇന്നലെ ഇന്ത്യ തായ്ലാന്റിനെതിരെ നടത്തിയ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാന്റെ പരിശീലകൻ കാർലോസ് ക്യൂരോസ്. ഇന്നലെ തായ്ലാന്റിനെ 4-1ന് തോൽപ്പിച്ച ഇന്ത്യയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ടീം അവസാനമായി ഇന്ത്യൻ ടീമിനെ നേരിട്ടതിന് ശേഷം ഈ ടീം ഒരുപാട് മുന്നേറി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടുത്തിടെ നടന്ന മത്സരങ്ങൾ ഒക്കെ കണ്ടിരുന്നു. ഇന്ത്യ വലിയ പുരോഗതി തന്നെ കൈവരിച്ചിട്ടുണ്ട്. കാർലോസ് പറഞ്ഞു.

2018 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിനിടെ ഇന്ത്യയെ നേരിട്ടപ്പോൾ ഏകപക്ഷീയ ജയങ്ങൾ ഇറാൻ സ്വന്തമാക്കിയിരുന്നു. ആ ഇന്ത്യൻ ടീം അല്ല ഇപ്പോൾ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലെയാണ് ഒരി വലിയ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കളിക്കേണ്ടത്. ഇന്ത്യക്കും കോൺസ്റ്റന്റൈനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

യുവനിരയ്ക്ക് കൂടുതൽ അവസരം നൽകുന്നതിനെയും അദ്ദേഹം എടുത്തു പറഞ്ഞു. ഭാവി മുന്നിൽ കൊണ്ടാണ് ഇന്ത്യ ഒരോ നീക്കങ്ങളും നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ കൂടിയാണ് കാർലോസ് ക്യൂരോസ്‌

“ഈ വിജയത്തിൽ ലക്ഷ്യം മറക്കാൻ പാടില്ല” – കോൺസ്റ്റന്റൈൻ

ഇന്നലെ ഫുട്ബോൾ ലോകം കണ്ടത് കോൺസ്റ്റന്റൈന്റെ കീഴിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ആയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഏഷ്യൻ കപ്പിന്റെ വേദിയിൽ വിജയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാൽ ഈ വിജയത്തിൽ മതിമറന്ന് പോകരുത് എന്ന് ഇന്ത്യ പരിശീലകൻ കോൺസ്റ്റന്റൈൻ പറയുന്നു. ഈ വിജയം മാത്രം പോര ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ. രണ്ട് പോയന്റ് എങ്കിലും ഇനിയും ലഭിക്കേണ്ടതുണ്ട്. കോൺസ്റ്റന്റൈൻ പറയുന്നു.

ആ രണ്ട് പോയന്റ് എങ്കിലും ഉറപ്പിച്ചാലെ നോക്കൗട്ട് റൗണ്ടിൽ എത്തുകയുള്ളൂ എന്നും ആ ലക്ഷ്യം പൂർത്തീകരിച്ചാലെ ആഘോഷിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറയുന്നു. തായ്ലാന്റിനെ കുറിച്ച് നന്നായി പഠിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ വളരെ ചെറുപ്പമാണ് അവർക്ക് എന്തും സാധിക്കും. അതാണ് ഇന്നലെ കളത്തിൽ കണ്ടത് എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇന്ത്യ അവസരങ്ങൾ മുതലാക്കിയതിൽ തൃപ്തി ഉണ്ട് എന്നും എപ്പോഴും ഇതിന് സാധിക്കില്ല എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. ഇനി പത്താം തീയതി യു എ ഇക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം.

ഇന്ത്യയോട് ഏറ്റ തോൽവി, തായ്ലാന്റ് പരിശീലകന്റെ പണി പോയി

ഇന്നലെ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഏറ്റ ദയനീയ തോൽവിയോടെ തായ്ലാന്റ് പരിശീലകൻ മിലോവാൻ റജേവാകിന്റെ ജോലി പോയി. മിലോവാനെ അടിയന്തരമായി തന്നെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഇനിയും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ തായ്ലാന്റിന്റിന് ഉണ്ട്.

ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങളിൽ സിരിസാക് യോഗ്യാർതായ് ആകും ആകും തായ്ലാന്റിന്റെ പരിശീലകനായി ഉണ്ടാവുക. സിരിസാക് താൽക്കാലിക പരിശീലകൻ ആണെന്നും സ്ഥിരം പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്നും തായ്‌ലാന്റ് എഫ് എ അറിയിച്ചു. നേരത്തെ സുസുകി കപ്പിൽ സെമിയിൽ പുറത്തായപ്പോൾ തന്നെ മിലോവാനെ പുറത്താക്കാൻ എഫ് എ ഒരുങ്ങിയിരുന്നു. ഏഷ്യാ കപ്പ് ഇത്ര അടുത്ത് ആയതിനാൽ ആയിരുന്നു അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നത്.

2017ൽ ആയിരുന്നു മിലോവാൻ തായ്‌ലാന്റ് ടീമിന്റെ ചുമതല ഏറ്റെടുത്തത്. ഇന്നലെ ഇന്ത്യക്ക് എതിരെ ഒരു മികച്ച നീക്കം പോലും നടത്താൻ തായ്ലാന്റിന് ആയിരുന്നില്ല.

പത്തുപേരുമായി സിറിയയെ സമനിലയിൽ തളച്ച് പലസ്‌തീൻ

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ സിറിയയെ സമനിലയിൽ തളച്ച് പലസ്‌തീൻ. കരുത്തരായ സിറിയയെ പത്തുപേരുമായി കളിച്ച് ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ പലസ്തിനിനായി. ഈ എഡിഷൻ ഏഷ്യാകപ്പിന്റെ ആദ്യ ഗോൾ രഹിത മത്സരമായിരുന്നു ഇന്നത്തേത്. 22 മിനുട്ടോളം പത്തുപേരുമായി കളിച്ചിട്ടും പലസ്തിനിനെ പരാജയപ്പെടുത്താൻ സിറിയയുടെ പോരാട്ട വീര്യത്തിനായില്ല. രണ്ടാം പകുതിയിൽ മുഹമ്മദ് സലേ ആണ് ചുവപ്പ് കണ്ടു പുറത്ത് പോയത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ കരുത്ത് കാട്ടിയ സിറിയ ആദ്യ മിനിറ്റുകളിൽ തന്നെ ശക്തികാണിച്ചിരുന്നു. ജയിക്കാൻ കൂടുതൽ സാധ്യത സിറിയക്ക് ആളുകൾ നൽകിയെങ്കിലും പലസ്‌തീൻ സാമാന്യം നന്നായി പ്രതിരോധിച്ചു. ഒമർ ഖർബിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടെ പലസ്തിനിന്റെ പ്രതിരോധത്തെ സിറിയ പരീക്ഷിച്ചെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് സിറിയക്ക് സുവര്ണാവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ഒമർ ഖർബിനെ ഫൗൾ ചെയ്ത സലേ കാലം വിട്ടപ്പോൾ പത്തുപേരായി പലസ്‌തീൻ ചുരുങ്ങിയെന്ന അവസരം മുതലെടുക്കാൻ അവർക്കായില്ല.

ഗ്രൂപ്പ് ബിയിൽ ജോർദ്ദാൻ ഇന്ന് അട്ടിമറിച്ച ആസ്ട്രേലിയയാണ് പലസ്തിനിന്റെ അടുത്ത എതിരാളികൾ. ജോർദ്ദാനെ സിറിയയും നേരിടും. മാച്ച് ഡേ കഴിയുമ്പോൾ ഗ്രൂപ്പ് ബിയിൽ പോയന്റ് നേടിയിരിക്കുന്നത് ജോർദ്ദാൻ മാത്രമാണ്. ആസ്ട്രേലിയയും സിറിയയും അടക്കമുള്ള വമ്പന്മാർ ഒരു പോയന്റും നേടിയിട്ടില്ല.

തായ്ലാന്റിനെ വലച്ചത് ആഷിഖിന്റെ സാന്നിധ്യം, ഒരു കോൺസ്റ്റന്റൈൻ ടാക്ടിക്കൽ ബ്രില്ല്യൻസ്

ഇന്ന് തായ്ലാന്റ് ടീമിന്റെ ഇന്ത്യ നേരിടാനുള്ള ഒരുക്കങ്ങളെ ഒക്കെ തകിടം മറിച്ചത് യുവ മലയാളി താരമായ ആഷിഖ് കുരുണിയന്റെ സാന്നിദ്ധ്യമായിരുന്നു. ആദ്യ പകുതിയിൽ ഇന്ത്യയെ അത്യാവശ്യം പിടിച്ചു നിർത്താൻ തായ്‌ലാന്റ് ടീമിന് ആയെങ്കിലും ആഷിഖ് അവർക്ക് തുടക്കം മുതൽ കല്ലുകടിയായി. ഇന്ത്യയുടെ ആദ്യ അറ്റാക്ക് അഞ്ചാം മിനുട്ടിൽ വന്നത് മുതൽ ആഷിഖ് ആയിരുന്നു എതിരാളികളുടെ പ്രധാന പ്രശ്നം.

ആഷിഖിനെ കോൺസ്റ്റന്റൈൻ ആദ്യ ഇലവനിൽ ഇറക്കിയത് ഇന്ത്യൻ ആരാധകർക്ക് വരെ ഒരു സർപ്രൈസ് ആയിരുന്നു. പതിവായി 2 ഡിഫൻസീവ് മിഡ്ഫീൽഡറെയാണ് കോൺസ്റ്റന്റൈൻ ഇറക്കാറുള്ളത്. എന്നാൽ ഇന്ന് ആ പതിവ് അദ്ദേഹം മാറ്റി. പ്രണോയ് മാത്രമായിരുന്നു ഡിഫൻസീവ് മിഡായി ഇന്ന് ഉണ്ടായിരുന്നു. രണ്ടാമത്തെ ഡിഫൻസീവ് മിഡിന് പകരം ആഷിഖിനെ ഛേത്രിക്ക് പിറകിൽ ഫ്രീ റോളിൽ ഇറക്കുകയാണ് ഇന്ത്യൻ പരിശീലകൻ ചെയ്തത്.

ഈ തീരുമാനം തായ്ലാന്റ് കണക്ക് കൂട്ടിയതിൽ ഇല്ലാത്തത് ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ടാക്ടിക്സിനെ പിടിക്കാൻ അവർ കഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യ നേടിയ ആദ്യ രണ്ടു ഗോളിലും ആഷിഖിന്റെ പങ്ക് ഉണ്ടായിരുന്നു. ആദ്യ ഗോളിൽ പെനാൾട്ടി നേടുകയും. രണ്ടാമത്തെ ഗോളിൽ ഛേത്രിക്ക് ഒരു ബാക്ക് ഫ്ലിക്ക് പാസ് കൊടുക്കുകയും ചെയ്തത് ആഷിഖ് ആയിരുന്നു.

ഇടതു വിങ്ങിലും വലതു വിങ്ങിലും ബോക്സിലും എല്ലാം ആയി ആഷിഖ് നിറഞ്ഞു കളിച്ചു. പന്ത് കിട്ടിയപ്പോൾ ഒരിക്കൽ പോലും ഭയത്തോടെ നിന്നില്ല എന്നതും ആഷിഖിന്റെ പ്രത്യേകത ആയിരുന്നു. പരിശീലിപ്പിച്ച എല്ലാ പരിശീലകരും ആഷിഖിനെ പുകഴ്ത്തുന്നത് വെറുതെ അല്ല എന്ന് കൂടി ഈ വലിയ സ്റ്റേജ് തെളിയിച്ചു.

അന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കാത്തവർക്ക് ഒരു ഓർമ്മപ്പെടുത്തൽ

അധികം ഒന്നും ആയില്ല. കഴിഞ്ഞ ജൂണിലാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ കളിക്കാൻ പോകണ്ട എന്ന തീരുമാനം എടുത്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്ന് ഇന്ത്യയെ അയക്കാതിരിക്കാൻ പറഞ്ഞ കാരണം ഇന്ത്യൻ ഫുട്ബോൾ ടീം പാഴ്ചെലവാണ് എന്നായിരുന്നു. ഏഷ്യൻ സ്റ്റേജിൽ ഇന്ത്യൻ യുവനിരക്ക് പോരാടാനുള്ള വലിയൊരു അവസരം ആണ് അന്ന് ഇന്ത്യക്ക് ഒളിമ്പിക്ക് അസോസിയേഷൻ നിഷേധിച്ചത്.

അന്ന് ഒളിമ്പിക് അസോസിയേഷൻ ആ തീരുമാനം എടുത്തതിലും സങ്കടം ആ തീരുമാനത്തെ നിരവധി പേർ ന്യായീകരിച്ചു എന്നതായിരുന്നു. അന്ന് വളരെ അധികം നിരാശ പ്രകടിപ്പിച്ചത് കോൺസ്റ്റന്റൈൻ ആയിരുന്നു, പിന്നെ ഇന്ത്യൻ താരങ്ങളും. അവരുടെ അന്ന് കിട്ടിയ അവഗണനയ്ക്ക് ഉള്ള മറുപടിയാണ് ഇന്ന് അബുദാബിയിൽ കണ്ടത്. ഏഷ്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ സ്റ്റേജിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു തകർപ്പൻ പ്രകടനം. തായ്ലാന്റിനെ 4-1ന് ആണ് ഇന്ത്യ ഇന്ന് മുട്ടുകുത്തിച്ചത്. ആദ്യ റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

അന്ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന 24 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള കൊറേയേറെ രാജ്യങ്ങളുടെ പേരുകൾ അതിൽ ഉണ്ടായിരുന്നു. എന്തിന് മൂന്ന് വർഷമായി ഫിഫയുടെ ബാൻ കാരണം ഫുട്ബോൾ കളി മറന്ന പാകിസ്ഥാന വരെ ഉണ്ടായിരുന്നു.

അവരെ അയക്കാൻ വരെ അവിടുത്തെ ഫുട്ബോൾ അസോസിയേഷനുംകൾ തയ്യാറായപ്പോൾ. നമ്മുടെ രാജ്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും എ ഐ എഫ് എഫും പരസ്പരം പഴിചാരിയതല്ലാതെ ടീം എവിടെയും എത്തിയില്ല. ഇന്ത്യൻ ഫുട്ബോളിനെ അയക്കുന്നത് നഷ്ടമാണെന്നും അവസാന രണ്ട് തവണ അയച്ചപ്പോഴും നാണക്കേടായിരുന്നു ഫലം എന്നുമായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ വിശദീകരണം. അന്ന് അയച്ചിരുന്ന്യ് എങ്കിൽ ഏഷ്യാ കപ്പിന് ഇതിലും നന്നായി ഒരുങ്ങാൻ ഇന്ത്യക്ക് ആയേനെ. ആഷിഖിനെയും താപയെയും പോലുള്ളവർക്ക് കൂടുതൽ പരിചയസമ്പത്ത് ലഭിച്ചേനെ.

നിങ്ങൾ അവസരം നൽകിയാലും ഇല്ലായെങ്കിലും അവരുടെ കഴിവ് അവർ തെളിയിച്ചിരിക്കുന്നു. ഇനി ഒരു വേദിയും ഈ ഫുട്ബോൾ ടീമിന് നിഷേധിക്കാൻ ആർക്കും ആവില്ല.

ഞങ്ങളുടെ മെസ്സിയും റൊണാൾഡോയും എല്ലാം നീയേ ഛേത്രി!!!

ഇന്ത്യൻ ഫുട്ബോൾ എത്ര വളർന്നാലും തളർന്നാലും സുനിൽ ഛേത്രി എന്ന പേര് ആരും മറക്കില്ല. ഏഷ്യാ കപ്പിന്റെ വേദി, ഇന്ത്യക്ക് ഇപ്പോൾ എത്തിപ്പെടാൻ പറ്റുന്ന ഫുട്ബോളിന്റെ ഏറ്റവും വലിയ വേദി. ആ വേദിയിൽ ഛേത്രി അല്ലാതെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക. ക്യാപ്റ്റൻ ആം ബാൻഡ് ഗുർപ്രീത് സിങ് സന്ധുവിനെ ആണ് കോൺസ്റ്റന്റൈൻ ഏൽപ്പിച്ചത് എങ്കിലും ആരാണ് ഇന്ത്യയെ നയിക്കുന്നത് എന്ന് ഛേത്രി കാണിച്ചു തന്നു.

റാങ്കിംഗിൽ ഇന്ത്യക്ക് പിറകലാണെങ്കിലും ഇന്ത്യയെക്കാൾ മികച്ച ടീമാണ് എല്ലാവരും വിലയിരുത്തിയ തായ്ലാന്റ്. ആ തായ്ലാന്റിനെതിരെ ഇന്ത്യ വിജയിച്ച് കയറുമ്പോൾ രണ്ട് ഗോളുകളും പിറന്നത് ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ആദ്യം ഒരു പെനാൾട്ടി. മെസ്സിയും റൊണാൾഡോയും ലോകകപ്പ് വേദിയിൽ പെനാൾട്ടി എടുക്കുമ്പോൾ പതറിയത് നമ്മൾ കണ്ടതാണ്. എന്നാൽ ഒരു സമ്മർദ്ദത്തിനും കീഴടങ്ങാതെ ഛേത്രി ആ പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ഛേത്രി നേടിയ ഗോൾ ഇന്ത്യയുടെ ഏഷ്യാ കപ്പ് ചരിത്രത്തിലെ മികച്ച സ്ട്രൈക്കിൽ ഒന്നാകും. ഛേത്രി തുടങ്ങിയ കൗണ്ടർ അറ്റാക്ക്, ബോക്സിന് പുറത്ത് നിന്ന് ഫസ്റ്റ് ടച്ച് ഷോട്ടിൽ നിന്ന് ഛേത്രി തന്നെ ഫിനിഷ് ചെയ്തു. ഈ ഗോളുകൾ ഛേത്രിയെ 67 അന്താരാഷ്ട്ര ഗോളുകളിൽ എത്തിച്ചു. മെസ്സിയെയും മറികടന്ന ഛേത്രിക്ക് മുന്നിൽ ഇപ്പോൾ കളിക്കുന്നവരിൽ ഇനി ആകെ ഉള്ളത് റൊണാൾഡോ മാത്രമാണ്. 85 ഗോളുകളാണ് റൊണാൾഡോയ്ക്ക് ഉള്ളത്.

ഇന്നത്തെ ഗോളുകൾ ഛേത്രിയെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടോപ്പ് സ്കോററും ആയി. ഇന്നത്തെ രണ്ടു ഗോളുകളോടെ ഛേത്രിക്ക് 4 ഗോളുകൾ ആയി. ഫുട്ബോൾ ഇതിഹാസം ഇന്ദർ സിങിന്റെ രണ്ട് ഗോൾ എന്ന റെക്കോർഡ് ആണ് ഛേത്രി മറികടന്നത്. 2011ലും ഛേത്രി രണ്ട് ഗോളുകൾ ഇന്ത്യക്കായി നേടിയിരുന്നു.

ഗോളുകൾക്ക് പുറമെ മൂന്നാമത്തെ ഇന്ത്യൻ ഗോളിന് തുടക്കമിട്ട പാസ് നൽകിയതും ഛേത്രി ആയിരുന്നു. ഫുട്ബോൾ ഇതിഹാസങ്ങളായി മെസ്സിയും റൊണാൾഡോയും ഒക്കെ ഉണ്ടെങ്കിലും ഞങ്ങളുടെ ഈ ചെറിയ ടീമിനെ ചുമലിലേറ്റുന്ന ഛേത്രി എന്ന ഇതിഹാസം ഇന്ത്യക്കാർക്ക് വിലയിടാൻ കഴിയാത്ത സ്വത്താണെന്ന് പറയണം.

ഹോ ഇന്ത്യ!!! ഇത് ചരിത്രം, ഏഷ്യാ കപ്പിൽ സ്വപ്നത്തിനും മേലെയുള്ള തുടക്കം!!!

ഇനിയും ഇന്ത്യൻ ഫുട്ബോൾ ഉറങ്ങുകയാണെന്ന് പറയരുത്. ഇന്ത്യൻ ഫുട്ബോൾ ഉണർന്നിരിക്കുന്നു. അതിന്റെ ഫലം ആദ്യം അനുഭവിക്കേണ്ടി വന്നത് തായ്ലാന്റും. ഏഷ്യാ കപ്പിൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഇതിലും മികച്ച ഫലം കിട്ടാനില്ല. ഇന്ത്യക്ക് മുകളിൽ ആണെന്ന് എല്ലാവരും വിധിച്ച തായ്ലാന്റിനെ കശാപ്പ് ചെയ്തു കൊണ്ട് 4-1ന്റെ വിജയം. ഒരാളും പ്രവചിക്കാത്ത ഫലം തന്നെ.

1964ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ ഒരു വിജയം നേടുന്നത്. രണ്ടാം പകുതിയ അത്ഭുത പ്രകടനമാണ് ഇന്ത്യക്ക് ഇത്ര വലിയ വിജയം നൽകിയത്. ആഷിഖ് കുരുണിയനെ സ്റ്റാർട്ട് ചെയ്യാനുള്ള തീരുമാനം മുതൽ ഇന്ന് കോൺസ്റ്റന്റൈൻ എടുത്ത എല്ലാ തീരുമാനങ്ങളും ഫലിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്.

ആഷിഖ് ആദ്യ നിമിഷം മുതൽ തായ്ലാന്റ് ഡിഫൻസിനെ വിഷമിപ്പിക്കാൻ തുടങ്ങി. കളിയുടെ 27ആം മിനുട്ടിൽ ആഷിഖ് തന്നെ ഇന്ത്യയ്ക്ക് മുന്നിൽ എത്താനുള്ള അവസരവും ഒരുക്കി‌. ആഷിഖ് ഒരു ബോക്സിലേക്കുള്ള കുതിപ്പ് ഇന്ത്യക്ക് ഒരു പെനാൾട്ടി നേടിതന്നു. പെനാൾട്ടി സുനിൽ ഛേത്രി ഒട്ടും പിഴക്കാതെ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വപ്ന നിമിഷമായിരുന്നു അത്.

പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 32ആം മിനുട്ടിൽ ഒരു ലോംഗ് ഫ്രീകിക്കിൽ ഇന്ത്യൻ ഡിഫൻസ് ലൈനിന് പിഴച്ചു. ദംഗ്ഡയുടെ ഹെഡർ ഗുർപ്രീതിന് തടയാൻ ആവുന്ന ഒന്നായിരുന്നില്ല. സ്കോർ 1-1. 37ആം മിനുട്ടിൽ ഒരു അവസരം കൂടെ ഛേത്രിക്ക് ലഭിച്ചു എങ്കിലും മുതലാക്കാൻ ഇന്ത്യൻ ഇതിഹാസത്തിന് ആയില്ല. ആഷിഖ് ആയിരുന്നു ഇത്തവണയും ഗോൾ അവസരം ഒരുക്കി കൊടുത്തത്.

രണ്ടാം പകുതി വരെ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിൽ രണ്ടാം പകുതിയിൽ കളി ആകെ മാറി. ഇങ്ങനെ ഒരു ഇന്ത്യൻ പ്രകടനം അടുത്തൊന്നും ആരും കണ്ടിരിക്കില്ല. രണ്ടാം പകുതിയിൽ അഞ്ച് മിനുട്ട് കൊണ്ട് ഛേത്രി ഇന്ത്യയെ വീണ്ടും മുന്നിൽ എത്തിച്ചു. ഛേത്രി തുടങ്ങി വെച്ച കൗണ്ടർ അറ്റാക്ക് ഉദാന്തയും ആഷിഖും ചേർന്ന് ബോക്സിന് മുന്നിൽ എത്തിച്ചപ്പോൾ വൺ ടച്ച് ഫിനിഷിലൂടെ ഛേത്രി വലയുടെ ടോപ്പ് കോർണറിൽ എത്തിക്കുകയായിരുന്നു.

ഇന്ത്യ മുന്നിൽ എത്തി എങ്കിലും അറ്റാക്ക് ചെയ്യുന്നത് നിർത്തിയില്ല. രണ്ടാം പകുതിയിൽ ഉടനീളം ഇന്ത്യൻ അറ്റാക്ക് ആണ് കണ്ടത്. തായ്ലാന്റ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 69ആം മിനുട്ടിൽ മറ്റൊരു കൗണ്ടർ അറ്റാക്ക് ഇന്ത്യക്ക് വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നൽകി. ഇത്തവണയും ഛേത്രി ആണ് അറ്റാക്ക് തുടങ്ങിയത്. ഉദാന്ത ആ പന്ത് ഗോൾവലക്ക് മുന്നിൽ വെച്ച് അനുരുദ്ധ് താപയ്ക്ക് നൽകി. ഒരു ചിപ് ഷോട്ടിലൂടെ താപ ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.

നാലാം ഗോൾ ജെജെയുടെ വക ആയിരുന്നു. മാസങ്ങളായി ഫോമിൽ ഇല്ലാതിരുന്ന ജെജെ സബ്ബായി ഇറങ്ങി മിനുട്ടുകൾക്കം തന്നെ വല കണ്ടെത്തുക ആയിരുന്നു. ഇന്ത്യ പഴയ ഇന്ത്യല്ല എന്ന് അറിയിക്കുന്ന പ്രകടനമായിരുന്നു ഇന്നത്തേത്. അടുത്ത മത്സരത്തിൽ ആതിഥേയരായ യു എ ഇയെ ആണ് ഇന്ത്യ നേരിടുക.

ഈ ജയത്തോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ ഇപ്പോൾ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യു എ ഇയും ബഹ്റൈനും സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ത്യക്ക് ഈ വിജയം നോക്കൗട്ടിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

Exit mobile version