ചാമ്പ്യന്മാരെ തറപറ്റിച്ച് ജോർദാൻ

Newsroom

ഏഷ്യാ കപ്പിൽ ഇത്തവണ ഒന്നും പ്രതീക്ഷിച്ചത് പോലെയല്ല. ഇന്നലെ യു എ ഇയെ ബഹ്റൈൻ പിടിച്ച് കെട്ടി എങ്കിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പരാജയപ്പെട്ടിരിക്കുകയാണ്. ജോർദാൻ ആണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരിക്കുന്നത്. ആദ്യ പകുതിയിൽ പിറന്ന ഏക ഗോളാണ് ഓസ്ട്രേലിയയുടെ കിരീടം നിലനിർത്താം എന്ന മോഹത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി കൊടുത്തത്.

ഒരു കോർണറിൽ നിന്ന് അമീൻ ബാനിയുടെ ഒരു ഗംഭീര ഹെഡറാണ് ഓസ്ട്രേലിയൻ വലയിൽ വീണത്. ആദ്യ പകുതിയിൽ തന്നെ ബഹാ അബ്ദുറഹ്മാന്റെ ഫ്രീകിക്കും ജോർദാന്റെ ഗോളായി മാറിയേനെ. മാത്യ് റയാന്റെ രക്ഷപ്പെടുത്തലും പോസ്റ്റും ഒന്നു ചേർന്നത് കൊണ്ട് മാത്രമാണ് ആ ഫ്രീകിക്ക് പുറത്തേക്ക് പോയത്. ഗ്രൂപ്പ് ബിയിൽ സിറിയയും ഉണ്ട് എന്നതിനാൽ ഈ ഗ്രൂപ്പിലെ പോരാട്ടങ്ങൾ ഇനി പ്രവചനാതീതം ആകും.