എ എഫ് സി കപ്പിൽ മിനേർവയ്ക്ക് തീരാ സമനില

എ എഫ് സി കപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായി മിനേർവ പഞ്ചാബ് ഇനിയും കത്ത് നിൽക്കണം. ഗ്രൂപ്പിലെ തുടർച്ചയായ നാലാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങി. ഇന്ന് മാനങ് മർഷ്യാഡി ക്ലബാണ് വീണ്ടും മിനേർവയെ സമനിലയിൽ പിടിച്ചത്. നേരത്തെ ഒഡീഷയിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ഇന്ന് നേപാളിൽ വെച്ച് നടന്ന മത്സരം 1-1 എന്ന നിലയിൽ പിരിഞ്ഞു.

മത്സരത്തിൽ തുടക്കത്തിൽ തോബയിലൂടെ ലീഡ് എടുത്ത മിനേർവ പഞ്ചബിന് വിനയായത് ഒരു ചുവപ്പ് കാർഡായിരുന്നു. കളിയുടെ 45ആം മിനുട്ടിൽ പ്രതീക് ജോഷിയാണ് ചുവപ്പ് വാങ്ങി കളം വിട്ടത്. രണ്ടാം പകുതിയിൽ മുഴുവനായും 10 പേരുമായാണ് മിനേർവ കളിച്ചത്. കളിയുടെ 81ആം മിനുട്ടിൽ ആയിരുന്നു മാനങ് അവരുടെ സമനില ഗോൾ നേടിയത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയന്റു മാത്രമുള്ള മിനേർവയുടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ഇതോടെ മങ്ങി. എന്നാൽ ഈ ഫലം ചെന്നൈയിന് ഉപകാരമാകും. ചെന്നൈയിന് ഒരു സമനിലയോടെ തന്നെ ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.