ഏഷ്യൻ സ്വപ്നങ്ങളുമായി ഇന്ത്യ മ്യാന്മാറിനെതിരെ, ജയിച്ചാൽ റാങ്കിംഗിൽ കുതിച്ചു ചാട്ടം

ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നാളെ ഇന്ത്യ മ്യാന്മാറിനെ അവരുടെ സ്വന്തം തട്ടകത്തിൽ വെച്ച് നേരിടും. കംബോഡിയയെ സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം മ്യാന്മാറിലേക്ക് വണ്ടി കയറിയത്. ഏഴു മാസത്തിനു ശേഷം ആദ്യമായി രാജ്യാന്തര കളത്തിൽ എത്തിയ ഇന്ത്യ കംബോഡിയക്കെതിരെ ആദ്യം പതറിയെങ്കിലും രാജ്യത്തിനു പുറത്തൊരു ജയമില്ല എന്ന വർഷങ്ങളായുള്ള കുറവ് കംബോഡിയയിൽ നികത്തി.

മ്യാന്മാറിനാണ് വിജയ സാധ്യത എന്ന കോൺസ്റ്റന്റൈന്റെ വാക്കുകൾ ഇന്ത്യൻ ആരാധകർ ചെവികൊള്ളുന്നില്ല. ഇന്ത്യയേക്കാൾ നല്ല വേഗതയും ഫിറ്റ്നസ്സും മികച്ച നാഷണൽ ലീഗും മ്യാന്മാറിന് കരുത്തായി ഉണ്ടെങ്കിലും ഇന്ത്യയെക്കാൾ വളരെ പിറകിലാണ് ഫിഫ റാങ്കിംഗിൽ മ്യാന്മാർ. പക്ഷെ ഫിഫ റാങ്കിംഗിലെ വ്യത്യാസം ടീമുകൾക്കിടയിൽ കാണാൻ ആവുന്നില്ല എന്നതാണ് സത്യം. മുമ്പുള്ള ഏറ്റുമുട്ടലുകൾ നോക്കിയാൽ ബർമയ്ക്കു തന്നെയാണ് ഇന്ത്യയുടെ മേൽ ആധിപത്യം എങ്കിലും ഇപ്പോൾ ഏകദേശം തുല്യ ശക്തികൾ തന്നെയാണ് ഇന്ത്യയും മ്യാന്മാറും. റാങ്കിംഗിൽ മുന്നിലുള്ള ഇന്തോനേഷ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മ്യാന്മാർ ഇന്ത്യയെ നേരിടാൻ വരുന്നത്.

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ജിംഗനേയും മലയാളി താരം അനസ് എടത്തൊടികയേയും ഡിഫൻസിൽ നിലനിർത്തിയാകും ഇന്ത്യ മ്യാന്മാറിനെതിരേയും ഇറങ്ങുക. അനസ് സ്ഥാനം നിലനിർത്തുമെങ്കിലും വിനീതിന് നാളെ ആദ്യ ഇലവനിൽ ഇറങ്ങാൻ സാധിച്ചേക്കില്ല. പകരം കംബോഡിയക്കെതിരെ പകരക്കാരനായി വന്ന് മികച്ച രീതിയിൽ കളിച്ച ജാക്കിചന്ദ് ഇറങ്ങും. കംബോഡിയയ്ക്കെതിരെ ഗോൾ നേടിയ ജെജെയും ആദ്യ ഇലവനിൽ എത്തിയേക്കും.

നാളെ മ്യാന്മാറിനോട് ജയിച്ചാൽ ഇന്ത്യയ്ക്ക് റാങ്കിംഗിൽ വൻ കുതിപ്പു തന്നെ നടത്താനാകും. മ്യാന്മറിനെതിരെ ഒരു ജയം ഇന്ത്യയെ ഇരുപത് സ്ഥാനങ്ങളെങ്കിലും റാങ്കിംഗിൽ മെച്ചപ്പെടുത്തും. നാളെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്ക് തുവുന്ന സ്റ്റേഡിയത്തിലാണ് മത്സരം. കളി തത്സമയം ഡി ഡി സ്പോർട്സ്, ഹോട്ട് സ്റ്റാർ, ജിയോ ടിവി എന്നിവിടങ്ങളിൽ കാണാൻ സാധിക്കും.

Previous articleഇന്ത്യ എയ്ക്ക് തോല്‍വി, ദിയോദര്‍ ട്രോഫി ഫൈനലില്‍ ഇന്ത്യ ബി – തമിഴ്നാട് പോരാട്ടം
Next articleമലപ്പുറം ഡർബിയിൽ ഗോകുലം എഫ് സിക്ക് ജയം