കിംഗ് അർടുറോ ഇനി ചിലിയോടൊപ്പമില്ല

- Advertisement -

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം അർടുറോ വിദാൽ ചിലിയുടെ നാഷണൽ ഫുട്ബോൾ ടീമിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാൻ ചിലിയൻ ഫുട്ബോൾ ടീം പരാജയപ്പെട്ടതിനു ശേഷമാണ് വിരമിക്കൽ തീരുമാനം വിദാൽ ഇൻസ്റാഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് വിദാൽ അറിയപ്പെടുന്നത്. ചിലിയൻ നാഷണൽ ടീമിന് വേണ്ടി നൂറു മത്സരം തികയ്ക്കാതെയാണ് വിദാൽ വിടവാങ്ങുന്നത്.

ലാ റോജയ്ക്ക് വേണ്ടി 97 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ വിദാൽ നേടിയിട്ടുണ്ട്. 30 കാരനായ വിദാൽ ചിലിക്ക് വേണ്ടി തുടർച്ചയായ രണ്ട് കോപ്പാ അമേരിക്ക നേടിക്കൊടുത്തിട്ടുണ്ട്. വികാര നിർഭരവുമായിരുന്നു വിദാലിന്റെ വിടവാങ്ങൽ കുറിപ്പ്. വർഷങ്ങളോളം നീണ്ടു നിന്ന ഇന്റർനാഷണൽ കരിയറിൽ ഒട്ടേറെ കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്നു പറഞ്ഞു തുടങ്ങി ചിലിയോടും സഹതാരങ്ങളോടും കോച്ചിങ് സ്റ്റാഫിനോടും നന്ദി പറഞ്ഞാണ് വിദാലിന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിക്കുന്നത്.

ചിലിയൻ ക്ലബ്ബായ കൊളോ കൊളോയിലൂടെയാണ് വിദാലിന്റെ ക്ലബ് കരിയർ ആരംഭിക്കുന്നത്. U20 വേൾഡ് കപ്പിലെ പ്രകടനം വിദാലിനെ ബുണ്ടസ്‌ലീഗ ക്ലബ്ബായ ബയേർ ലെവർകുസനിൽ എത്തിച്ചു. നാല് സീസണ് ശേഷം സീരി എ ക്ലബ്ബായ യുവന്റസിൽ വിദാൽ എത്തി. ആദ്യ മത്സരത്തിൽ തന്നെ ഗോൾ അടിച്ചു തുടങ്ങിയ വിദാലിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ലോകത്തിൽ ഏറ്റവും മികച്ച മിഡ്ഫീൽഡേഴ്സിൽ ഒരാളിലേക്കുള്ള വളർച്ച അവിടെ തുടങ്ങി. അന്റോണിയോ കൊണ്ടെയുടെ 3 മിഡ്ഫീൽഡർ സിസ്റ്റത്തിൽ പിർലോയ്ക്കും മാർക്കിസിയോയ്ക്കും ഒപ്പം തുടർച്ചയായ നാല് സീരി എ ചാമ്പ്യൻഷിപ്പുകൾ നേടി. വിദാലിന്റെ ഹാർഡ് ടാക്ലിങും അഗ്രസിവ് പ്ലെയും കണ്ട് “കിംഗ് അർടുറോ” എന്ന പേര് ഇറ്റാലിയൻ പ്രസ് സമ്മാനിച്ചു. 2015 ൽ ബയേൺ മ്യൂണിക്കിലേക്ക് ചുവട് മാറിയ വിദാൽ ബയേണിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement