യോദ്ധാക്കൾ രാജ്യത്തെ ഉപേക്ഷിക്കില്ല – മനം മാറ്റി വിദാൽ

- Advertisement -

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ചിലിയൻ താരം അർടുറോ വിദാൽ വിരമിക്കുന്ന തീരുമാനം പുറത്ത് വിട്ടത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാതെ ചിലി ബ്രസീലിനോട് പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിദാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ വിദാൽ വിരമിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി ട്വിറ്ററിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുകയാണ്. “തോറ്റാലും ജയിച്ചാലും യോദ്ധാക്കൾ രാജ്യത്തെ ഉപേക്ഷിക്കാറില്ല, ഈ തോൽവി ഒന്നിന്റെയും അവസാനമല്ല രാജ്യം ആവശ്യപ്പെടുമ്പോൾ ഞാൻ കളിക്കളത്തിൽ ഇറങ്ങിയിരിക്കും” ഇങ്ങനെ ട്വിറ്ററിൽ കുറിച്ചാണ് വിദാൽ ഉപസംഹരിച്ചത്.

ലോകത്തെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് വിദാൽ അറിയപ്പെടുന്നത്. ലാ റോജയ്ക്ക് വേണ്ടി 97 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ വിദാൽ നേടിയിട്ടുണ്ട്. ചിലിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നിലവിലെ ഗോൾഡൻ ജനറേഷന്റെ പ്രധാനകളിക്കാരിൽ ഒരാളും കൂടിയാണ് അർടുറോ വിദാൽ. തുടർച്ചയായ രണ്ടു കോപ്പ അമേരിക്ക കിരീടങ്ങൾ സാഞ്ചെസും വിദാലുമടങ്ങുന്ന ചിലിയൻ ടീം നേടി. കഴിഞ്ഞ രണ്ടു വേൾഡ് കപ്പിലും ബ്രസീലിനോട് പരാജയമേറ്റുവാങ്ങിയാണ് ചിലി പുറത്തായത്. സാവോ പൗലോയിലെ യോഗ്യതാ മത്സരത്തിലും അതാവർത്തിച്ചു. ചിലിയുടെ അർജന്റീനക്കാരനായ കോച്ച് ഹുവാൻ അന്റോണിയോ പിസ്‌സി പരാജയത്തെത്തുടർന്ന് രാജിവെച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement