Picsart 23 08 12 19 05 57 957

മനോഹരം ഗോളുകൾ!! വിജയത്തോടെ ആഴ്സണൽ പ്രീമിയർ ലീഗ് സീസൺ തുടങ്ങി

കഴിഞ്ഞ തവണ സ്വന്തമാക്കാൻ ആകാതിരുന്ന കിരീടം ഇത്തവണ സ്വന്തമാക്കണം എന്ന് ഉറപ്പിച്ച്, ഈ സീസണായി ഒരുങ്ങിയ, ആഴ്സണൽ വിജയത്തോടെ ലീഗ് തുടങ്ങി. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി. ആഴ്സണൽ ഇന്ന് നേടിയ രണ്ടു ഗോളുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു.

മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. വലതുവിങ്ങിലൂടെ വന്ന മാർട്ടിനെല്ലി നൽകിയ ആസിസ്റ്റിൽ നിന്നായിരുന്നു അവസരം പിറന്നത്. ഒരു മനോഹരമായ ടേണിന് ഇടയിൽ എങ്കിറ്റിയക്ക് പന്ത് കൈമാറിയ മാർട്ടിനെല്ലിയുടെ മികവ് ഏവരെയും ഞെട്ടിച്ചു. ഈ സീസണിൽ ഇതിനേക്കാൾ മികച്ച അസിസ്റ്റ് പിറക്കുമോ എന്ന് കണ്ടറിയണം.

ഈ ഗോൾ കഴിഞ്ഞ് ആറ് മിനുട്ടുകൾ കഴിഞ്ഞപ്പോൾ സാകയുടെ ഒരു ഇടം കാലൻ റോക്കറ്റ് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ആഴ്സണൽ 2-0ന് മുന്നിൽ. പരിക്ക് കാരണം ടിമ്പറിന് പുറത്ത് പോകേണ്ടി വന്നത് ആഴ്സണലിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ആഴ്സണൽ കൂടുതൽ ഗോളുകൾ നേടിയില്ല എന്നത് അവർക്ക് നിരാശ നൽകും.

മത്സരത്തിന്റെ 82ആം മിനുട്ടിൽ സബ്ബായി എത്തിയ ഫോറസ്റ്റിന്റെ പുതിയ സൈനിംഗ് എലാംഗ നടത്തിയ ഒരു കുതിപ്പ് ആഴ്സണൽ ഡിഫൻസിനെ ഞെട്ടിച്ചു. ഇടതു വിങ്ങിലൂടെ വന്ന കൗണ്ടർ അറ്റാക്കിന് ഒടുവിൽ എലാംഗ നൽകിയ പാസ് അവോനിയി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. ഇത് കളിയുടെ അവസാന നിമിഷം ആവേശകരമാക്കി. എങ്കിലും വിജയം ആഴ്സണൽ തന്നെ ഉറപ്പാക്കി.

ഇനി ആഴ്സണൽ അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ആകും നേരിടുക. ഫോറസ്റ്റിന് ഷെഫീൽഡ് യുണൈറ്റഡ് ആണ് അടുത്ത എതിരാളികൾ.

Exit mobile version