ഇഞ്ചുറി ടൈം ഗോളിൽ തോൽവി വഴങ്ങി ഗണ്ണേഴ്‌സ്

- Advertisement -

ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി വാട്ട്ഫോർഡ് ആഴ്സണലിനെ ഞെട്ടിച്ചു. 2-1 നാണ് മാർക്കോ സിൽവയുടെ സംഘം വെങ്ങാറുടെ ടീമിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ചത്. സ്കോർ 1-0 ത്തിൽ ആഴ്സണൽ മുന്നിട്ട് നിൽക്കെ ലീഡ് ഉയർത്താൻ ഓസിലിന് ലഭിച്ച അവസരം പാഴാക്കിയത് മത്സരത്തിൽ ആഴ്സണലിന് കനത്ത തിരിച്ചടിയായി. ടോം ക്ലെവർലിയാണ്‌വാട്ട്ഫോഡിന്റെ വിജയ ഗോൾ നേടിയത്.

സാഞ്ചെസും ഓസിലും ആദ്യ ഇലവനിൽ ഇല്ലാതെ ഇറങ്ങിയ ആഴ്സണൽ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ലീഡ് നേടിയത്. 39 ആം മിനുട്ടിൽ ചാക്കയുടെ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ ഗോൾ നേടി ക്യാപ്റ്റൻ പെർ മെർട്ട സക്കറാണ് ഗണ്ണേഴ്സിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാതിരുന്ന വാട്ട് ഫോർഡ് പക്ഷെ രണ്ടാം പകുതിയിൽ നടത്തിയ മികച്ച പ്രകടനമാണ് അവരെ ജയത്തിൽ എത്തിച്ചത്. 61 ആം മിനുട്ടിൽ പരിക്കേറ്റ ഡാനി വെൽബെക്കിന്‌ പകരക്കാരനായി ഇറങ്ങിയ ഓസിലിന് ലീഡ് രണ്ടാക്കാൻ ലഭിച്ച സുവർണാവസരം തുലച്ച ഉടനെ തന്നെ വാട്ട് ഫോർഡ് സമനില ഗോൾ കണ്ടെത്തി. 71 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഡീനി ആഴ്സണൽ വലയിലാക്കിയതോടെ ആഴ്സണൽ പ്രതിരോധത്തിലായി. പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിലാണ് 92 ആം മിനുട്ടിൽ ആഴ്സണലിന്റെ ഹൃദയം തകർത്ത വിജയ ഗോൾ ടോം ക്ലെവർലി നേടിയത്.

8 മത്സരങ്ങളിൽ 15 പോയിന്റുള്ള വാട്ട് ഫോർഡ് ജയത്തോടെ 4 ആം സ്ഥാനത്തെത്തി. 13 പോയിന്റുള്ള ആഴ്സണൽ 6 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement