എവർട്ടനെ ഗോളിൽ മുക്കി ആഴ്സണൽ

- Advertisement -

ഓസിലും സാഞ്ചസും ലകസറ്റും ആദ്യമായി ഒരുമിച്ചു കളത്തിൽ ഇറങ്ങിയ മത്സരത്തിൽ ആഴ്സണലിന് ജയം. മൂന്നുപേരും ഒരേ പോലെ തിളങ്ങിയ മത്സരത്തിൽ 2-5നാണ് ഗണ്ണേഴ്‌സ് ജയം കണ്ടത്. റൂണിയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും മോശം പ്രതിരോധം എവർട്ടന് തോൽവി സമ്മാനിക്കുകയായിരുന്നു. ലീഗിൽ 5 ആം തോൽവി വഴങ്ങിയതോടെ എവർട്ടൻ പരിശീലകൻ റൊണാൾഡ് കൂമന്റെ സ്ഥാനവും പരുങ്ങലിലായി.

ആഴ്സണൽ മികച്ച രീതിയിൽ മത്സരം തുടങ്ങിയെങ്കിലും എവർട്ടൻ അപ്രതീക്ഷിതമായി ലീഡ് നേടുകയായിരുന്നു. 12 ആം മിനുട്ടിൽ മികച്ച ഷോട്ടിലൂടെ എവർട്ടനെ റൂണി മുന്നിലെത്തിചു. റൂണിയുടെ കരിയറിൽ ആഴ്സണലിനെതിരെ നേടുന്ന 15 ആം ഗോളായിരുന്നു അത്. പക്ഷെ ഗോൾ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ആഴ്സണലിനെ പ്രതിരോധിക്കാൻ എവർട്ടൻ തീർത്തും കഷ്ടപ്പെട്ടു. 40 ആം മിനുട്ടിൽ ശാക്കയുടെ ഷോട്ടി പിക്ഫോഡ് തടുത്തെങ്കിലും മോൻറിയാൽ റീബൗണ്ടിൽ ആഴ്സണാലിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ എവർട്ടനെ പൂർണമായും ആഴ്സണൽ തകർക്കുന്ന കാഴ്ചയാണ് കണ്ടത്. 53 ആം മിനുട്ടിൽ സാഞ്ചസിന്റെ പാസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി ഓസിൽ അവർക്ക് ലീഡ് സമ്മാനിച്ചു, 68 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ഘാന ചുവപ്പ് കാർഡ് കണ്ടതോടെ എവർട്ടന്റെ തകർച്ച പൂർണമായി. പിന്നീട് മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത ആഴ്സണൽ പിന്നീട് ലകസറ്റിലൂടെയും രാംസിയിലൂടെയും ഗോളുകൾ നേടി ഗൂഡിസൻ പാർക്കിനെ നിശ്ശബ്ദമാക്കി. എസ്ട്ര ടൈമിൽ നാച്ചോ മോൻറിയലിന്റെ പിഴവിൽ നിന്ന് ഒമർ നിയാസ്സ് എവർട്ടനായി ഗോൾ നേടിയെങ്കിലും ഏറെ വൈകിയിരുന്നു. മത്സരം തീരാൻ സെക്കന്റുകൾ ബാക്കിയിരിക്കെ സാഞ്ചസ് അർഹിച്ച ഗോളും നേടിയതോടെ ആഴ്സണലിന്റെ 5 ഗോൾ നേട്ടം പൂർത്തിയായി.

9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ആഴ്സണൽ 5 ആം സ്ഥാനത്തേക്ക് ഉയർന്നു, 8 പോയിന്റ് മാത്രമുള്ള എവർട്ടൻ 18 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement