അന്താരാഷ്ട് താരങ്ങളായ അനസിനും ശാബാസിനും ജുനൈനും അരിമ്പ്രയിൽ സ്വീകരണം.

- Advertisement -

ഐ.എം വിജയന് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട മയാളി, 2019 ൽ യു.എ.യിൽ നടക്കാൻ പോകുന്ന ഏഷ്യൻ കപ്പ് യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ താരം എന്നീ നിലകളിൽ പ്രശസ്തനായ ഫുട്ബോളർ അനസ് എടത്തൊടികയ്ക്കും, കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അണ്ടർ-15 സാഫ് കപ്പ് ജേതാക്കളാകുകയും 2018 ൽ മലേഷ്യയിൽ നടക്കാനിരിക്കുന്ന അണ്ടർ-16 ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും ചെയ്ത ഇന്ത്യൻ ടീമിന്റെ സ്റ്റോപ്പർ ബാക്ക് എം.ശാബാസ് അഹമ്മദിനും, ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഇറാനിൽ നടന്ന ഏഷ്യൻ സ്കൂൾ ഗെയിംസിൽ ഇന്ത്യൻ അണ്ടർ-17 ടീമിനെ പ്രതിനിധാനം ചെയ്ത കെ.ജുനൈനും ഈ വരുന്ന ഡിസംബർ 24 ഞായറാഴ്ച്ച വൈകിട്ട് 6.30 മണിയ്ക്ക് അരിമ്പ്ര ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ അരിമ്പ്രയിലെ പൗരസമിതി വിപുലമായ സ്വീകരണം നൽകാൻ തീരുമാനിച്ചു.

പ്രസ്തുത പരിപാടിയിൽ മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ. പി.ഉബൈദുല്ല മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞാലൻ കുട്ടി മൊറയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. ഹംസ തുടങ്ങിയവരും, കായിക രംഗത്ത് നിന്ന് ലോക ഡ്വോർഫ് അത്ലറ്റിക്സിൽ ത്രോ ഇനങ്ങളിൽ ഇന്ത്യയ്ക്ക് നിരവധി മെഡലുകൾ നേടിക്കൊടുക്കുകയും ദേശീയ ഡ്വോർഫ് ബാഡ്മിന്റൺ ചാമ്പ്യനുമായ ആകാശ് എസ്.മാധവൻ, ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസ പുരുഷൻ ഒളിമ്പ്യൻ ടി. അബ്ദുറഹ്മാന്റെ മകൻ മുൻ ഇന്ത്യൻ ഗോൾ കീപ്പറർ ടി.ഹാരിസ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ വി.പി സക്കീർ ഹുസൈൻ,മുൻ കേരളാ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻമാരായ ആസിഫ് സഹീർ, ജസീർ കരണത്ത്, പി.ഉസ്മാൻ, കെ.ഫിറോസ്,ഇന്ത്യൻ റയിൽവേയുടെയും വിവാ കേരളാ ടീമിന്റെയും ക്യാപ്റ്റനായ സി. സിറാജുദ്ധീൻ, റയിൽവേയുടെ ഗോൾ കീപ്പറും അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബിലൂടെ ഔദ്യോഗിക ഫുട്ബോൾ കരിയർ ആരംഭിക്കുകയും ചെയ്ത സി. ജസീർ മുഹമ്മദ്, മുൻ സെൻട്രൽ എക്സൈസ് താരം റഫീഖ് ഹസ്സൻ, കേരളാ പോലീസ് താരം കെ. മുഹമ്മദ് മർസൂഖ്, മുൻ കൽക്കട്ട മുഹമദൻസ് സ്പോർട്ടിംഗ് താരം കെ.പി സുബൈർ, മലപ്പുറം ജില്ലയെ ആറു തവണ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻമാരാക്കി ഒരു ജില്ലയെ ഏറ്റവും കൂടുതൽ തവണ സംസ്ഥാന കിരീടം ചൂടിച്ച പരിശീലകനെന്ന ബഹുമതിയ്ക്ക് പാത്രമായ സി.പി.എം ഉമ്മർകോയ, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.എ നാസർ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സൂപ്പർ സ്റ്റുഡിയോ അശ്റഫ് എന്ന ബാവ, ജില്ലാ സെക്രട്ടറി ആശിഖ് തുറയ്ക്കൽ, മലപ്പുറം ജില്ലയിലെ പ്രമുഖ ഫുട്ബോൾ പ്രൊമോട്ടർ റോയൽ ട്രാവൽസ് മുഹമ്മദ് മുസ്തഫ, കായികാധ്യാപകൻ കെ.മൻസൂറലി തുടങ്ങിയവരും, അരിമ്പ്ര ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി – യു.പി സ്കൂൾ അധ്യാപക രക്ഷാ കർതൃ സമിതി പ്രതിനിധികളും പത്ര-ദൃശ്യ മാധ്യമ പ്രതിനിധികളും സംബന്ധിക്കും.

കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ പഠിയ്ക്കുന്ന കാലത്താണ് അനസ് അത് വരെ കൊണ്ട് നടന്നിരുന്ന ക്രിക്കറ്റ് പ്രേമം വിട്ട് ഫുട്ബോൾ കളിക്കാനാരംഭിച്ചത്. പത്താം ക്ലാസ്സോടെ പ്രസ്തുത സ്കൂളിന്റെ ആദ്യ ഫുട്ബോൾ ടീമിലും മുണ്ടപ്പലത്തെയും പരിസര പ്രദേശങ്ങളിലെയും ക്ലബ്ബുകൾക്ക് വേണ്ടി പ്രദേശിക ടൂർണ്ണമെന്റുകളിൽ കളിച്ചു തുടങ്ങിയ അനസിന്റെ കളി അൽപ്പം കൂടി ഗൗരവമുള്ളതാക്കി തീർക്കണം എന്ന ഉദ്ദേശത്തോടെ തന്റെ ആദ്യ ഫുട്ബോൾ പരിശീലകനും ജ്യോഗ്രഫി അധ്യാപകനുമായിരുന്ന സി.ടി അജ്മലിന്റെ നിർദ്ദേശ പ്രകാരം അനസ് 2003 ൽ മലപ്പുറം ജില്ലയിലെ പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്നായ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബിന് വേണ്ടി ജില്ലാ ലീഗ് ഇ.ഡിവിഷൻ ടൂർണ്ണമെന്റിൽ കളിച്ചു. അനസിന്റെ ഔദ്യോഗിക ഫുട്ബോൾ കരിയറിന്റെ തുടക്കം ഇതായിരുന്നു. പ്രസ്തുത ക്ലബ്ബിന് വേണ്ടി പത്താം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കുന്നത് വരെ തുടർച്ചയായി മൂന്നു വർഷം അനസ് ജില്ലാ ലീഗിൽ കളിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മാറിയ ഈ കേരളക്കാരൻ ഒരു ക്ലബ്ബ് എന്ന നിലയ്ക്ക് കേരളാ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ളതും പ്രസ്തുത ക്ലബ്ബിന് വേണ്ടി മാത്രമായിരുന്നു. ഇത് കൂടാതെ അനസ് കേരളത്തിൽ ലീഗ് കളിച്ചിട്ടുള്ളത് ഒരേ ഒരു വർഷം മാത്രമായിരുന്നു അത് 2006 ൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ആദ്യം ബിരുദ പഠനത്തിന് ചേർന്ന മഞ്ചേരി എൻ.എസ്.എസ് കോളജ് ടീമിന് വേണ്ടി. പിറ്റേ വർഷം കൊണ്ടോട്ടി ഇ.എം.ഇ കോളജിലേക്ക് മാറിയ അനസിന്റെ മികവ് കണ്ട് അവിടെ കോച്ചായിരുന്ന ഇന്റർ നാഷണൽ ഗോൾകീപ്പർ ഫിറോസ് ശരീഫ് ഒരു കോളജ് പ്ലയർ മാത്രമായി തുടരേണ്ട താരമല്ല അനസെന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ അറിവിലുള്ള പുതുതായി രൂപീകരിച്ച മുംബൈ എഫ്.സി ടീമിലേക്ക് അനസിനെ പറഞ്ഞ് വിടുകയായിരുന്നു. അവിടെ മൂന്നു വർഷം തുടർന്ന അനസ് പിന്നീട് പൂനെ എഫ്.സി, ഡൽഹി ഡൈനാമോസ്, കൊൽക്കത്ത മോഹൻ ബഗാൻ എന്നീ ടീമുകൾക്കാണ് വ്യത്യസ്ഥ സീസണുകളിലായി കളിച്ചത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ ടാറ്റാ ടീമിന് വേണ്ടിയാണ് കളിയ്ക്കുന്നത്., 2012 മുതൽ 2016 വരെ നാലോ അഞ്ചോ തവണ ദേശീയ ടീം ക്യാമ്പിൽ എത്തിയെങ്കിലും പരിക്ക് കാരണം 2015 ൽ തിരുവനന്തപുരത്ത് നടന്ന സാഫ്കപ്പ് നേടിയ ഇന്ത്യൻ ടീമിൽ നിന്നു പോലും ടൂർണ്ണമെന്റ് തുടങ്ങുന്നതിന് തലേ ദിവസം മടങ്ങേണ്ടി വന്ന അനസ് ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത് 2017 മാർച്ച് 22നായിരുന്നു. ശേഷം അനസ് ഇന്ത്യൻ ടീമിലെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴു വിജയങ്ങളും രണ്ട് സമനിലകളുമായി ഇന്ത്യൻ ദേശീയ ടീം പരാജയമറിയാതെ മുന്നേറുകയാണ്.

അരിമ്പ്രക്കാരായ ശാബാസ് അഹമ്മദും ജുനൈനും അരിമ്പ്ര ഗവ. മാപ്പിള യു.പി. സ്ക്കൂളിന്റെ താരങ്ങളായാണ് കളി തുടങ്ങിയത് തുടർന്ന് ചേലേമ്പ്ര എൻ.എൻ.എം. എച്ച്.എസ്.എസ് ഫുട്ബോൾ ഹോസ്റ്റലിൽ സെലക്ഷൻ ലഭിച്ച് പിന്നെ ഇരുവരുടെയും കളിയും പഠനവും അവിടെയായി. ചേലേമ്പ്രയിൽ പരിശീലകരായി കായികാധ്യാപകൻ കെ.മൻസൂറലിയും, ഐ- ലീഗ് ടീമായ ഗോഗുലം എഫ്.സിയുടെ ജൂനിയർ ടീം കോച്ച് വി.പി സുനീറുമാണ്. ശാബാസും, ജുനൈനും പത്താം തരം വിദ്യാർത്ഥികളാണ്. ശാബാസ് നേപ്പാളിൽ നടന്ന അണ്ടർ-15 സാഫ് കപ്പിലും അണ്ടർ-16 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും പുറമെ ഈജ്പ്റ്റിലും ഖത്തറിലും നടന്ന സൗഹൃദ മത്സരങ്ങളിലും ഇന്ത്യൻ അണ്ടർ-16 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

അനസ് കൊണ്ടോട്ടി മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് – ഖദീജ ദമ്പതികളുടെ ഇളയ മകനാണ്, വിവാഹിതൻ ഭാര്യ സുലൈഖ മക്കൾ ഷസ്മിനയും ഷഹ്സാദ് മുഹമ്മദും.

ശാബാസ് അഹമ്മദ് അരിമ്പ്ര ബിരിയപ്പുറത്തെ മുത്തേത്ത് ബഷീർ – സൗദ ദമ്പതികളുടെ മൂത്ത മകനാണ്. ജുനൈൻ അരിമ്പ്ര തടപ്പറമ്പിലെ കടവിളത്ത് അലവി – ജമീല ദമ്പതികളുടെ ഇളയമകനുമാണ്.

നായാട്ടിനും കാളപൂട്ടിനും മീൻ പിടുത്തത്തിനും കളരി പയറ്റിനും വടം വലിയ്ക്കും വോളിബോളിനും ഫുട്ബോളിനും പഴയ കാലം തൊട്ടേ ജില്ലക്കകത്ത് പേര് കേട്ട നാടയിരുന്നു മൊറയൂർ പഞ്ചായത്തിലെ അരിമ്പ്ര.2017 വർഷത്തിൽ വന്നു ചേർന്ന ഈ മൂന്നു താരങ്ങളുടെ അന്തർ ദേശീയ ഫുട്ബോൾ താര പദവിയിലൂടെ ജില്ലയും സംസ്ഥാനവും കടന്ന് ദേശീയ തലത്തിലെടുത്താൽ മണിപ്പൂരിലെ ഇംഫാലിനെപ്പോലെ ആധുനിക ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലെ തന്നെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് അരിമ്പ്രയെന്ന ഈ കൊച്ചു ഗ്രാമം.

ഇരുപത്തിനാലിന് നടയ്ക്കാനിരിക്കുന്ന താരാദര ചടങ്ങ് ജാതി-മത-രാഷട്രീയ ഭേതമന്യേ ഒന്നടങ്കം നാടിന്റെ അഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഈ ഗ്രാമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement