റഷ്യൻ ലോകകപ്പിലെ അറബ് വസന്തം

ചരിത്രത്തിൽ ഇതാദ്യമായി ലോകകപ്പിന് അറബ് ലോകത്ത് നിന്നും നാല് രാജ്യങ്ങൾ. ഇന്നലെ നടന്ന ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ  യുവൻറസ് വിംഗ് ബാക്ക് മെഹ്ദി ബെനാത്യയും ഫെനർബാച്ചെ ഡിഫന്റർ നബീൽ ദിറാറും നേടിയ ഗോളുകൾക്ക് ഗെർവീന്യോയുടെ ഐവറികോസ്റ്റിനെ  തോൽപ്പിച്ചാണ് നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മുസ്തഫ ഹാജിയെന്ന അതുല്ല്യ പ്ലേമേക്കറുടെ പിൻമുറക്കാർ റഷ്യൻ ലോകകപ്പ് കളിക്കാനെത്തുന്നത്. ഹാജിയുടെ സുവർണ കാലഘട്ടമായ 1994 ലും 1998ലുമായിരുന്നു മൊറോക്കോ അവസാനമായി ലോകകപ്പ് കളിച്ചത്. ഒരു പിടി മികച്ച താരങ്ങളുമായാണ് മൊറോക്കോയുടെ വരവ്. സൂപ്പർ താരങ്ങളായ ബെനാത്യ, നബീൽ ഇവരെ കൂടാതെ ഈ വർഷം റിയൽ മാഡ്രിഡിലെത്തിയ കൗമാര താരവും ഭാവി വാഗ്ദാനമായ അഷ്റഫ് ഹാക്കിമി, ലില്ലെയുടെ സ്റ്റോപ്പർ ബാക്കായ ഹംസ മെന്തിൽ, ഡച്ച് വമ്പൻമാരായ ഫെയർനൂദിന്റെ മധ്യനിരക്കാരൻ കരീം അഹ്മദി ടർകിഷ് ജയന്റ് ഗാലറ്റ്സറയുടെ യുനിസ് ബെലനഡ, ഡച്ച് ചാമ്പ്യൻസായ അയാക്സിന്റെ ഹക്കീം സിയാക്, സൗതാംപറ്റണിന്റെ സൂഫിയാൻ ബൂഫൽ ഷാൽക്കയുടെ അമീൻ ഫെയർനൂദിന്റെ മുന്നേറ്റകാരൻ സൂഫിയാൻ അംറബ്രാത് തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുമായാണ് അറ്റ്ലസ് ലയൺസിന്റെ റഷ്യയിലേക്കുള്ള പടയോട്ടം.


2006 ന് ശേഷം ആദ്യമായി യോഗ്യത നേടിയ തുണീഷ്യ ലിബിയയെ സമനിലയിൽ തളച്ചാണ് ലോകകപ്പിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് ഗോളടിച്ച യുസഫ് സാകിനിയാണ് തുണീഷ്യയെ മുന്നിൽ നിന്നും നയിക്കുന്നത്. അഞ്ചാം തവണയാണ് തുണീഷ്യ ലോകകപ്പിന് യോഗ്യത നേടുന്നത്. 2006 ൽ ബ്രസീൽ വംശജനായ സ്ട്രൈകർ ഫ്രാൻസിലൂഡോ സിൽവയുടെ മികവിലായിരുന്നു തുണീഷ്യ ലോകകപ്പ് യോഗ്യത നേടിയിരുന്നത്. ആഫ്രിക്കയിൽ നിന്നാദ്യമായി റഷ്യയിലേക്ക് യോഗ്യത നേടിയ മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ആണ് മറ്റൊരു അറബ് രാജ്യം. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് കളിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രവും ലോകകപ്പിൽ ഗോളടിച്ച പ്രഥമ ആഫ്രിക്കൻ ടീമെന്ന ഖ്യാതിയുമുള്ള ഈജിപ്ത് തങ്ങളുടെ മൂന്നാം ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ഈജിപ്തിന്റെ സുപ്പർ താരങ്ങളായിരുന്ന മുഹമ്മദ് അബുട്രിക്കക്കും അമർ സാക്കിക്കും അഹമ്മദ് ഹസനും കഴിയാനാകാതെ പോയ നേട്ടമാണ് ലിവർപൂൾ സൂപ്പർ സ്ട്രൈക്കറായ സലാഹ് യാഥാർത്ഥ്യമാക്കിയത്. സലാഹിനെ കൂടാതെ ആഴ്സനലിന്റെ മുഹമ്മദ് അൽനെനി , സ്റ്റോക് സിറ്റിയുടെ റമദാൻ സൊബി, വിഗാന്റെ സാമ് മോറസി കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈജിപ്ഷ്യൻ വല കാക്കുന്ന ഇസ്സാം ഹൈദറിയുടെ പരിചയ സമ്പന്നത കൂടിയാവുമ്പോൾ ഒട്ടു മോശമല്ലാത്ത താരസമ്പത്ത് തന്നെയുണ്ട് ഈജിപ്തിന്. ഹൈദറി റഷ്യൻ ലോകകപ്പിൽ ഉറ്റു നോക്കുന്നത് ലോക റെക്കോർഡിലേക്കായിരിക്കും. ലോകകപ്പിൽ ഏറ്റവും പ്രായമേറിയ ഗോൾ കീപ്പറാവാനുള്ള ഒരുക്കത്തിലാണ് ഹൈദറി. നിലവിൽ നാല്പ്പത്തിനാല് വയസ്സുള്ള താരം 2018 ലോകകപ്പിൽ കളിക്കുമ്പോൾ 45 ആം വയസ്സിലായിരക്കും വല കാക്കുക.

ഏഷ്യയിൽ നിന്നും നേരത്തെ യോഗ്യത നേടിയ ഏക അറബ് രാജ്യമായ സൗദി അറേബ്യ 2006 ന് ശേഷം ആദ്യമായാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. ഏഷ്യൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ  അൽ ജബർ – ഒവൈറാൻ മാരുടെ സുവർണ കാലഘട്ടത്തിൽ തുടർച്ചയായി നാല് തവണ ലോകകപ്പ് കളിച്ച ശേഷം 2010, 2014 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ നിരാശപ്പെടുത്തിയ ഹരിതപ്പടക്ക് ഇത് തിരിച്ചുവരവിന്റെ നല്ല കാലമാണ്. മുഹമ്മദ് സലാവി നവാഫ് ആബിദ് യഹ്യാ ഷെഹ്രി തുടങ്ങിയ സൗദി ലീഗിലെ അൽ അഹ്ലി അൽ നാസർ അൽ ഹിലാൽ തുടങ്ങിയ ക്ലബുകളിലെ താരങ്ങളാണ് സൗദിയുടെ കരുത്ത്.

അറബ് മേഖലയിൽ നിന്നും ലോകകപ്പിൽ കളിച്ച ടീമുകൾ & റെക്കോർഡ്സ്

 • 2014 – അൽജീരിയ
 • 2010 – അൽജീരിയ
 • 2006 – സൗദി , തുനീസ്യ
 • 2002 – സൗദി , തുനീസ്യ
 • 1998 – സൗദി തുനീസ്യ ,മൊറോക്കോ
 • 1994 – സൗദി ,മൊറോക്കോ
 • 1990 – ഈജിപ്ത് , യു.എ.ഇ
 • 1986 – ഇറാഖ്, അൽജീരിയ , മൊറോക്കോ
 • 1982 – കുവൈത്ത് ,അൽജീരിയ
 • 1978 – തുനീസ്യ
 • 1974 –
 • 1970 – മൊറോക്കോ
 • 1966 –
 • 1962 –
 • 1958 –
 • 1954 –
 • 1950 –
 • 1938 –
 • 1934 – ഈജിപ്ത്
 • 1930 –

മൊറോക്കൊ

കളിച്ച ലോകകപ്പുകൾ – 4
വിജയം – 2
തോൽവി – 6
സമനില – 4
അടിച്ച ഗോളുകൾ – 12
വഴങ്ങിയ ഗോളുകൾ – 18
മികച്ച റിസൾട്ട് – 1986 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് –
അബ്ദർ റസാക്ക് ഖൈരി( 2 Goal)
അബ്ദൽ ജലീൽ ഹദ്ദാ(2 Goal)
സലാഹദ്ദീൻ ബസിർ (2 Goal)

അൽജീരിയ

കളിച്ച ലോകകപ്പുകൾ – 4
വിജയം – 3
തോൽവി – 7
സമനില – 4
അടിച്ച ഗോളുകൾ – 13
വഴങ്ങിയ ഗോളുകൾ – 17
മികച്ച റിസൾട്ട് – 2014 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് –
സലാഹ് അസദ് – 2 ഗോൾ
ഇസ്ലാം സ്ലിമാനി – 2 ഗോൾ
അബ്ദുൽമൗമനെ ജാബൂ – 2 ഗോൾ

സൗദി അറേബ്യ

കളിച്ച ലോകകപ്പുകൾ – 4
വിജയം – 2
തോൽവി – 9
സമനില – 2
അടിച്ച ഗോളുകൾ – 10
വഴങ്ങിയ ഗോളുകൾ – 31
മികച്ച റിസൾട്ട് – 1994 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് ( >2) –
അൽ ജബർ – 3
ഫുവാദ് അമീൻ – 2

തുണീഷ്യ

കളിച്ച ലോകകപ്പുകൾ – 4
വിജയം – 1
തോൽവി – 7
സമനില – 4
അടിച്ച ഗോളുകൾ – 8
വഴങ്ങിയ ഗോളുകൾ – 17
മികച്ച റിസൾട്ട് – 1978 & 2006 ( Group 3rd)
ഗോൾ സ്കോറേഴ്സ് (>2) –

ഈജിപ്ത്

കളിച്ച ലോകകപ്പുകൾ – 2
വിജയം –
തോൽവി – 2
സമനില – 2
അടിച്ച ഗോളുകൾ – 3
വഴങ്ങിയ ഗോളുകൾ – 6
മികച്ച റിസൾട്ട് – 1934 ആദ്യ റൗണ്ട്
ഗോൾ സ്കോറേഴ്സ്(>2) –
അബ്ദുൾറഹ്മാൻ ഫൗസി – 2 ഗോൾ
(ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ ആഫ്രിക്കൻ താരം, 1970 വരെ ആഫ്രിക്കയിൽ നിന്നും ഒരു രാഷ്ട്രവും ലോകകപ്പിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല.1970 വരെ ഗോളടിച്ച ഒരേയൊരു ആഫ്രിക്കൻ താരമായി ഫൗസി നില നിന്നിരുന്നു. ഹംഗറിക്കെതിരെ ആദ്യ റൗണ്ടിൽ ഇരട്ട ഗോളടിച്ചതിന് ശേഷം മൂന്നാം ഗോൾ നേടിയെങ്കിലും റഫറി അനുവദിക്കാത്തത് കാരണം ഫൗസിക്ക് നഷ്ടപ്പെട്ടത് ഹാട്രികായിരുന്നു)

ഇറാഖ്

കളിച്ച ലോകകപ്പുകൾ – 1
വിജയം –
തോൽവി – 3
സമനില –
അടിച്ച ഗോളുകൾ – 1
വഴങ്ങിയ ഗോളുകൾ – 4
മികച്ച റിസൾട്ട് – 1986 Group
ഗോൾ സ്കോറേഴ്സ്(>2) –

കുവൈത്ത്

കളിച്ച ലോകകപ്പുകൾ – 1
വിജയം –
തോൽവി – 2
സമനില – 1
അടിച്ച ഗോളുകൾ – 2
വഴങ്ങിയ ഗോളുകൾ – 6
മികച്ച റിസൾട്ട് – 1982( Group )
ഗോൾ സ്കോറേഴ്സ്(>2) –

യു.എ.ഇ

കളിച്ച ലോകകപ്പുകൾ – 1
വിജയം –
തോൽവി – 3
സമനില –
അടിച്ച ഗോളുകൾ – 2
വഴങ്ങിയ ഗോളുകൾ – 11
മികച്ച റിസൾട്ട് – 1990( Group)
ഗോൾ സ്കോറേഴ്സ്(>2) –

2018 റഷ്യൻ ലോകകപ്പ് സൗദിയുടെയും മൊറോക്കയുടെയും തുണീഷ്യയുടെയും അഞ്ചാം ലോകകപ്പും ഈജിപ്തിന്റെ മൂന്നാം ലോകകപ്പുമായിരിക്കും. സലാവിയും ബെനാത്യയും സാക്കിനിയും മുഹമ്മദ് സലാഹും തങ്ങളുടെ ടീമുകളെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള താരങ്ങളാണ്. പ്രത്യേകിച്ചും യുവൻറസ് സൂപ്പർ താരം ബെനാത്യയുടെ മൊറോക്കോയെയും ലിവർപൂൾ വിംഗർ സലാഹിന്റെ ഈജിപ്തിനെയും കരുതിയിരിക്കുക. റഷ്യയിലെകറുത്ത കുതിരകളാകാൻ സാധ്യതയുള്ള രണ്ടു  ടീമുകളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial