
മാഴ്സെലോ വിയേര. ഈ വർത്തമാന കാലഘട്ടത്തിൽ കളികാണുന്ന ഓരോ ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ കൊത്തിവെച്ച നാമം. ഫുട്ബോളിന്റെ ചരിത്രതാളുകളിൽ സുവർണലിപികളാൽ എഴുതപ്പെടേണ്ട വീരേതിഹാസ നായകൻ. ഇവന്റെ കാലടിപതിഞ്ഞ ഓരോ പുൽനാമ്പുകളും വീണ്ടും ആ മാന്ത്രിക സ്പർശമേകാൻ കൊതിക്കുന്നുണ്ടാവും. ആത്മാർത്ഥതയും വിനയവും കൈമുതലാക്കിയ അമാനുഷികൻ.
വർണിച്ചാലും വർണിച്ചാലും ഒരിറ്റ്പോലും ആ മഹത്യത്തിൽ നിന്ന് കുറയുകയില്ല.കളി പഠിക്കുന്ന ഓരോ കുരുന്നിനും മലർക്കെ തുറന്ന് വെച്ച ഒരു പാഠപുസ്തമാണ് ഈ മാലാഖ. കളിക്കളമെന്ന മാന്ത്രിക ലോകത്ത് പാറിപ്പറക്കുന്ന മാലാഖ. ആത്മാർത്ഥയുടെ തനി പര്യായം. കാനറിക്കിളികളുടെയും മാഡ്രിഡിസ്റ്റുകളുടെയും പൊന്നോമന പുത്രൻ. ദി റിയൽ ഹീറോ മാഴ്സെലോ.
കഠിനാദ്ധ്യാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരൂപമാണ് M12. ഒരുപാട് പ്രതിസന്ധികൾ നേരിട്ട ഒരു കരിയർ. അത്ര സുഖകരം ആയിരുന്നില്ല മാഴ്സെലോയുടെ ജീവിതം. 1988 ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു മാഴ്സെലോയുടെ ജനനം. ഒരു വികസ്വര രാജ്യമായ ബ്രസീലിൽ വളർന്നത് കൊണ്ട് തന്നെ ഒത്തിരി കഷ്ട്ടപ്പെട്ടാണ് കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. എല്ലാവരും പറയുന്നപോലെ ഓരോ വിജയത്തിന് പിന്നിലും ഓരോ വ്യക്തിത്യങ്ങൾ ഉണ്ടാവും, അത് പോലെ മാഴ്സെലോയുടെ ജീവിതത്തിലെ സ്വാധീനം ചെലുത്തിയ വ്യക്തി ആയിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛൻ പെഡ്രോ. മാഴ്സെലോയുടെ കാലുകളിലൊളിപ്പിച്ച മാന്ത്രികത തിരിച്ചറിഞ്ഞ മുത്തച്ഛൻ തന്റെ ജീവിത സമ്പാദ്യമായ തുച്ഛമായ തുക നൽകി അവനെ പറഞ്ഞയച്ചു. ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിലേക്ക്. മുത്തച്ചന്റെ പ്രതീക്ഷ അവൻ തെറ്റിച്ചില്ല. ഫ്ലുമിനെൻസ് അധികൃതർ അവന്റെ കഴിവിൽ സംതൃപ്തി പ്രകടപ്പിച്ചു കൊണ്ട് യൂത്ത് ടീമിലേക്ക് തിരഞ്ഞെടുത്തു. പിന്നെയങ്ങോട്ട് അവനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെച്ചടി വെച്ചടി കയറ്റമായിരുന്നു ഈ താരത്തിന്.
2005-2006 സീസണിൽ ഫ്ലുമിനെൻസിന്റെ സീനിയർ ടീമിൽ അത്യുജ്ജല പ്രകടനം കാഴ്ച്ചവെക്കാൻ മാഴ്സെലോക്ക് കഴിഞ്ഞു.ഈ താരത്തിന്റെ കഴിവ് മനസ്സിലാക്കിയ റയൽ മാഡ്രിഡ് താരത്തെ റാഞ്ചി. അതും 8 മില്ല്യൺ,റയലിൽ എത്തിയതോടെ മാഴ്സെലോയുടെ സമയം തെളിഞ്ഞു. പിന്നെ അങ്ങോട്ട് ആ ഇടതു വിങ്ങിലേക്ക് റയൽ മാഡ്രിഡിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അത്രക്കും സുരക്ഷിതമായിരുന്നു ഈ താരത്തിന്റെ കയ്യിൽ ഇടതു വിങ് ബാക് പൊസിഷൻ. പലപ്രമുഖ താരങ്ങളെയും കടത്തിവെട്ടി ആദ്യഇലവനിൽ തന്നെ സ്ഥിരസാന്നിദ്യമുറപ്പിച്ചു. അതിനൊത്ത മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ഇടതുവിങ്ങിൽ പിടിച്ചുകെട്ടാൻ കഴിയാത്ത കരുത്തുറ്റ പോരാളിയായി M12 മാറി.
M12 എന്ന് വിശേഷിച്ചപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്.മാഴ്സെലോ 12 എന്നാണ് ഇതിന്റെ മുഴുവൻ പേര്. അതായത് 12 മാഴ്സെലോയുടെ ജേഴ്സി നമ്പർ. എന്നാൽ 12 എന്ന നമ്പർ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് .അദ്ദേഹത്തിന്റെ ജന്മദിനം മെയ് 12 ന് ആയിരുന്നു. ചുരുക്കത്തിൽ M12 എന്നുള്ളത് മെയ് 12 എന്നും കൂടി ചേർത്ത് വായിക്കാം.
പ്രത്യേകമായി എടുത്ത് പറയേണ്ടത് ഈ മാലാഖയുടെ ക്രോസുകളാണ്. അളന്ന്മുറിച്ചു പാകപ്പെടുത്തിയ ക്രോസുകൾ മാഴ്സെലോയുടെ കാലുകളിൽ നിന്ന് പുറപ്പെടുന്നത് നാം ഏവരും കൺകുളിർക്കെ കാണുന്നവരാണ്. ബോക്സിനകത്തേക്ക് പോവുന്ന ആ ക്രോസിനെ കാലോ തലയോ ഉപയോഗിച്ചു വലയിലേക്ക് എത്തിക്കേണ്ട ജോലി മാത്രമേ സ്ട്രൈക്കേഴ്സിന് ഒള്ളൂ. അത്രയും മനോഹരമായ ക്രോസുകളുടെ ഉടമയാണ് ഈ താരം. ചില സന്ദർഭങ്ങളിൽ ഒരു അദൃശ്യശക്തി കിട്ടിയ പോലെ എതിർ താരങ്ങളെ എല്ലാം മറിക്കടന്ന് കുതിച്ചു പായുന്ന മാഴ്സെലോയെ നാം അത്ഭുതത്തോടെയ്യാണ് വീക്ഷിക്കാറുള്ളത്. അത്തരം മുന്നേറ്റങ്ങൾ തനിക്ക് ഗോളടിക്കാമായിരിന്നിട്ടും തന്റെ സഹകളിക്കാർക്ക് ഗോളവസരം ഒരുക്കികൊടുക്കുന്ന മാഴ്സെലോയെ ഓർത്തു ഓരോ ആരാധകനും അഭിമാനിക്കുന്നു. സ്വന്തം ടീമിന് വേണ്ടി മെയ്മറന്നു കളിക്കുന്ന മാഴ്സെലോ പല സന്ദർഭങ്ങളിലും റയലിന്റെ രക്ഷകനായിട്ടുണ്ട്. പലരും ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസിന്റെ പിൻഗാമിയായി വാഴ്ത്തുന്നു ഈ താരം ഒരേ സമയം പ്രതിരോധനിരയിലും മധ്യനിരയിലും മുന്നേറ്റനിരയിലും നിറഞ്ഞുകളിച്ച് പലഘട്ടങ്ങളിലും എതിർ ടീമുകളുടെ അന്തകനും പേടിസ്വപ്നവുമായിരുന്നു. കളിയുടെ തൊണ്ണൂറുമിനുട്ടും വിയർപ്പൊഴുക്കി അദ്ധ്യാനിച്ചു കളിക്കുന്ന M12 പലസമയത്തും റയലിന്റെ വീരനായകനായി.
ടീമിലെ എല്ലാവര്ക്കും പ്രിയപെട്ടവനാണ് മാഴ്സെലോ. അത് ബ്രസീലിൽ ആയാലും റയലിൽ ആയാലും. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഉള്ള ബന്ധമാണ്.രണ്ട് പേരും കളിക്കളത്തിലും പുറത്തും മാതൃകപരമായ കൂട്ടുകെട്ടാണ്. ടീം ക്യാമ്പിൽ ചിരിപടർത്തുന്ന, പലവിധ കൗശലങ്ങൾ കാട്ടുന്ന ഈ മാലാഖ എതിരാളികളെ പോലും ബഹുമാനിക്കുന്നു. കളിക്കളത്തിലെ ചെറിയ സംഘർഷങ്ങൾ പോലും രമ്യമായി പരിഹരിച്ചു വിടുന്ന മാഴ്സെലോയെ നാം കണ്ടിട്ടുണ്ട്. ദീർഘകാല പ്രണയിനി ആയിരുന്ന ക്ലാരിസ് ആൽവ്സിന്റെ കഴുത്തിൽ മിന്ന് കെട്ടുകയും അതിൽ രണ്ട് കൂട്ടികളുടെ പിതാവുമാണിപ്പോൾ. തന്റെ ഓരോ ഗോളും താൻ സമർപ്പിക്കുന്നത് തന്റെ ഭാര്യക്കാണ് എന്ന് പറഞ്ഞ ഈ M12 എത്രത്തോളം നല്ല കുടുംബനാഥൻ ആണെന്ന് നാം മനസിലാക്കണം. മാത്രമല്ല തനിക്ക് കളിയുടെ ബാലപാഠങ്ങൾ കേൾപ്പിച്ചു തന്ന മുത്തച്ഛന്റെ ടാറ്റു ഇപ്പോഴും നമുക്ക് താരത്തിന്റെ കയ്യിൽ കാണാം. എല്ലാം കൊണ്ടും തികഞ്ഞ ഒരു വ്യക്തിത്വമാണ് ഈ മാലാഖ.

ഒരു കാര്യം ഉറപ്പാണ്. ഈ താരം വിരമിച്ചാലും ഓരോ ബ്രസീൽ ആരാധകന്റെയും, ഓരോ മാഡ്രിഡ് ആരാധകന്റെയും, എന്തിന് ഓരോ ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ ചിരകാലപ്രതിഷ്ട നേടിയിരിക്കും. കാരണം ഇവൻ കളിക്കളത്തിൽ ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial