ആൻഡർ ഹെരേര, മൊറീന്യോയെ ഞെട്ടിച്ച മാഞ്ചസ്റ്റർ ആരാധകർ ആഗ്രഹിച്ച റെഡ് ഡെവിൾ

- Advertisement -

ആൻഡർ ഹെരേരയ്ക്ക് മാഞ്ചസ്റ്ററിനപ്പുറമുള്ള ക്ലബുകളുടെ ആരാധകരുടെ സ്വീകാര്യത ഉണ്ടായിരിക്കില്ല. പക്ഷെ എല്ലാ ക്ലബിലും ഒരു ആൻഡർ ഹെരേര ഇല്ലായെങ്കിൽ ആരാധകർക്ക് വൻ നഷ്ടമാണ്. കാരണം ഹെരേര ഒരു കളിക്കാരൻ എന്നതിലുപരി ആരാധകനാണ്. ഒരു ആരാധകൻ കളിക്കാരന്റെ ജേഴ്സി ധരിക്കുമ്പോൾ ആരാധകർക്ക് അവരെ തന്നെ കളത്തിൽ കാണാൻ കഴിയുന്നു. ലൂയി വാൻഹാൽ കാലഘട്ടത്തിൽ തനിക്ക് അവസരം കിട്ടാതെ ബെഞ്ചിലിരുന്ന സമയത്ത് വാറ്റ്ഫോർഡിനെതിരെ അവസാന നിമിഷത്തിൽ പിറന്ന വിജയഗോൾ ഹെരേര ബെഞ്ചിൽ നിന്നെഴുന്നേറ്റ് ആഘോഷിച്ച വിധം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒരിക്കലും മറക്കില്ല. കാരണം അന്ന് ഹെരേര ആ ആരാധകരിൽ ഒരാളായിരുന്നു. ഒരു ക്ലബിന്റെ വികാരമായി ഒരു കളിക്കാരൻ അങ്ങനെയാണ് വളരുക.

സർ അലക്സ് ഫെർഗൂസൺ യുഗം കഴിഞ്ഞ ശേഷം മാഞ്ചെസ്റ്ററിന് നഷ്ടമായത് വേഗതയുള്ള ഫുട്ബോളും ഫിയർ ഫാക്ടറും മാത്രമായിരുന്നില്ല. ക്ലബിനെ ആരാധകരുടെ അതേ പാഷനിൽ കണ്ടിരുന്ന കളിക്കാരെ കൂടെ ആയിരുന്നു. ഫെർഗൂസൺ യുഗത്തിലെ അവസാന‌ കാലത്ത് വരെ പാട്രിസ് എവ്രയും റിയോ ഫെർഡിനാൻഡും ഫ്ലച്ചറും ഷീസിയും തുടങ്ങി ക്ലബിനെ ആരാധകരെ പോലെ സ്നേഹിച്ചവരുടെ നീണ്ട നിര ഉണ്ടായിരുന്നു. ആ ഗണത്തിലേക്ക് ക്ലബിനെ സ്നേഹിച്ച ഒരു കളിക്കാരൻ ഫെർഗൂസൺ കാലത്തിനു ശേഷം ഹെരേര മാത്രമാകണം.

ഈ പാഷൻ സ്നേഹ പ്രകടനത്തിൽ മാത്രമല്ല പിച്ചിലെ പ്രകടനത്തിലും ഹെരേര എത്തിക്കുന്നു. തന്റെ മികവായ അറ്റാക്കിംഗ് മിഡ്ഫീൽഡ് പൊസിഷൻ വിട്ട് ഹോസെ മൗറീന്യോ ഡിഫൻസീഫ് മിഡ്ഫീൽഡ് കളിക്കാൻ പറഞ്ഞപ്പോൾ അവിടെയും ഹെരേര പകരക്കാരനില്ലാത്ത വിധം തിളങ്ങി. ലീഗിലെ മികച്ച ഡിഫൻസീഫ് മിഡായി വാഴ്ത്തപ്പെട്ട ചെൽസിയയുടെ കാന്റയെക്കാൾ മികവ് ഹെരേരയ്ക്കായിരുന്നെന്ന് സ്റ്റാറ്റസ്റ്റിക്സുകളും ഹെരേരയുടെ കളി കണ്ടവരും സമ്മതിക്കും. ഈ ഡിഫൻസീവ് മികവ് അതിന്റെ അങ്ങേയറ്റത്തെ ബ്രില്യൻസ് ആയി മാറിയത് കഴിഞ്ഞ സീസൺ രണ്ടാം പാദത്തിലെ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലായിരുന്നു.

ഹോസെ മൗറിന്യോയുടെ ടാക്റ്റിക്കൽ ബ്രില്ല്യൻസ് എന്ന് എല്ലാവരും വാതോരാതെ പറഞ്ഞ ആ മത്സരത്തിൽ ആ ഹോസെ തന്ത്രത്തിന്റെ മൂക്കുകയർ ഹെരെരയുടെ കയ്യിലായിരുന്നു. ഹസാർഡിനെ മാൻ മാർക്ക് ചെയ്ത് ഹെരേര പൂട്ടിയത് പണ്ട് ഇതിഹാസ താരം പിർലോയെ ജി സുങ് പാർക്ക് മാൻ മാർക്ക് ചെയ്ത് പൂട്ടിയതിനോട് വരെ ഉപമിക്കപ്പെട്ടു. രസം ഈ മാൻമാർക്ക് ചെയ്ത് ഡിഫൻസീവ് മിഡായി കളിച്ച ഹെരേര കളിയിൽ ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് ചെയ്യുകയും ചെയ്തു എന്നതാണ്. ഹെരേരയുടെ ബ്രില്യൻസ് അവിടെ തീരുന്നില്ല.

ഈയിടെ ജോസെ മൗറീന്യോ പറഞ്ഞത് താൻ കരിയറിൽ കണ്ട ഏറ്റവും സ്മാർടസ്റ്റ് കളിക്കാരനാണ് ഹെരേര എന്നാണ്. യൂറോപ്പ ലീഗ് ഫൈനലിൽ അയാക്സിനെതിരെ നടന്ന ഫൈനലിലെ തന്റെ തീരുമാനത്തെ ലംഘിക്കനുള്ള ഹെരേരയുടെ തീരുമാനമാണ് ഹോസെയെ ഇങ്ങനെ പറയിപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡിനു ലഭിച്ച കോർണർ കിക്ക് എടുക്കാൻ യുണൈറ്റഡ് അണിനിരന്നപ്പോൾ ബോക്സിനു പുറത്തുണ്ടായിരുന്ന മിഖിതാര്യനെ ബോക്സിലേക്ക് ഹെരേര പറഞ്ഞയക്കുക ആയിരുന്നു. ബോക്സിനു പുറത്ത് ആയിരുന്നു ഹോസെ മിഖിതാര്യനു ചുമതല കൊടുത്തിരുന്നത്. ഹെരേരയുടെ തീരുമാനം ഹോസെയെ ഞെട്ടിച്ചു. ഹെരേരയെ കേട്ട മിഖിതാര്യൻ ബോക്സിലേക്ക് നീങ്ങുകയും ആ കോർണറിൽ നിന്ന് തന്നെ മാഞ്ചസ്റ്ററിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടുകയും ചെയ്തു.

ഹെരേര എന്തിനാണ് മിഖിതാര്യനെ ബോക്സിലേക്ക് അയച്ചത് എന്ന് പിന്നെയാണ് മാനേജർക്ക് മനസ്സിലായത്. മഞ്ഞ കാർഡിലുള്ള മിഖിതാര്യൻ ബോക്സിനു പുറത്തു നിന്നാൽ അയാക്സിന്റെ ഒരു കൗണ്ടർ അറ്റാക്ക് വന്നാൽ രണ്ടാമതൊരു മഞ്ഞ കാർഡിനു സാധ്യത ഉള്ളതോർത്തായിരുന്നു ഹെരേര മിഖിതാര്യനെ ബോക്സിലേക്ക് അയച്ച് ആ ദൗത്യം സ്വയം ഏറ്റെടുത്തത്. ഗ്രൗണ്ടിലെ ഈ ബോധമാണ് ഹെരേരയാണ് താൻ കണ്ട സ്മാർടസ്റ്റ് കളിക്കാരൻ എന്ന് ഹോസെയെ കൊണ്ട് പറയിപ്പിച്ചത്.

ട്രാൻസ്ഫർ വിൻഡോയിൽ ഹെരേരയെ തേടി ബാഴ്സലോണ രംഗത്തുണ്ടെന്നാണ് വാർത്തകൾ. പക്ഷെ മാഞ്ചസ്റ്റർ ആരാധകർക്ക് പേടിയില്ല. ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡിനെ എത്ര സ്നേഹിക്കുന്നു എന്ന് ആരാധകർക്ക് അറിയാം. യുണൈറ്റഡിന്റെ ബാഡ്ജ് തന്നെയാകും ഹെരേരയുടെ നെഞ്ചിനു മുകളിൽ അടുത്ത സീസൺ തുടങ്ങുമ്പോഴും ഉണ്ടാവുക എന്ന് അവർ അതുകൊണ്ട് ഉറപ്പിക്കുന്നു. കൂടാതെ ഹെരേരയുടെ കൈകളിൽ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആം ബാൻഡും അവർ സ്വപ്നം കാണുന്നു. മാഞ്ചസ്റ്ററിനെ നയിക്കാൻ പിച്ചിലെ ഈ ആരാധകനെക്കാൾ ആർക്കാണ് അർഹത.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement