ഇറ്റാലിയൻ കോച്ച് സ്ഥാനത്തേക്കില്ല – കാർലോ ആൻസലോട്ടി

ഇറ്റാലിയൻ നാഷണൽ ടീമിന്റെ കോച്ചാവാൻ താത്പര്യമില്ലെന്ന് കാർലോ ആൻസലോട്ടി. താൻ ക്ലബ്ബ് ഫുട്ബോൾ കോച്ചിങ്ങിൽ സന്തുഷ്ടനാണെന്നും അതെ ഫീൽസിൽ തുടരാൻ തന്നെയാണ് താൽപര്യമെന്നും ആൻസലോട്ടി അറിയിച്ചു. 2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാത്തതിനെ തുടർന്നാണ് ഇറ്റലി കോച്ചായിരുന്ന ജിയാൻ പിയെറോ വെന്റുറയെ പുറത്താക്കിയത്. 1952 മുതൽ ലോകകപ്പിലെ നിറസാന്നിധ്യമായിരുന്ന ഇറ്റലിയുടെ ദുരവസ്ഥ ഫുട്ബോൾ ലോകത്തെ പിടിച്ച് കുലുക്കിയിരുന്നു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്ന് മുതൽക്കേ ചർച്ചയായിരുന്നു.

മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമായി ആൻസലോട്ടിയെ കോച്ച് സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നീക്കം. എന്നാൽ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനിലെ പ്രശ്നങ്ങൾ തനിക്ക് തീർക്കാനാവില്ലെന്നും ഇറ്റാലിയൻ ഫുട്ബോളിന്റെ ഉന്നമനത്തിനു ഫെഡറേഷൻ മുൻകയ്യെടുക്കണം എന്നുമാണ് കാർലോ ആൻസലോട്ടിയുടെ നിലപാട്. പിഎസ്ജിയോടേറ്റ വമ്പൻ പരാജയത്തിന് ശേഷമാണ് ബയേൺ മ്യൂണിക്കിൽ നിന്നും ആൻസലോട്ടി പുറത്തക്കപ്പെടുന്നത്. ആയിരത്തിലധികം മത്സരങ്ങൾ മാനേജ് ചെയ്ത ആൻസലോട്ടി പരിശീലിപ്പിച്ച എല്ലാ ലീഗുകളിലും കിരീടം നേടിയിട്ടുണ്ട്. 58 കാരനായ ആൻസലോട്ടി റയൽ മാഡ്രിഡിനും എസി മിലാനും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial