ആദ്യ പരിശീലകന് അനസ് എടത്തൊടികയുടെ ഒരു ഗംഭീര സമ്മാനം

കൊണ്ടോട്ടി മുണ്ടപ്പലത്ത് നിന്നും ഇന്ത്യൻ ഫുട്ബോളിന്റെ അത്യുന്നതിയിലെത്തിയ അനസ് എടത്തൊടിക ഐ.എസ്.എൽ നാലാം സീസൺ , ഏഷ്യൻ കപ്പ് യോഗ്യതാ മത്സര ക്യാമ്പ് എന്നിവയ്ക്കായി ഇന്നലെ രാവിലെ കലിക്കറ്റ് എയർപോർട്ട് വഴി പുറപ്പെട്ടു. ഇന്ത്യൻ ക്യാമ്പ് മുംബൈലും, ടാറ്റാ ടീമിന്റെ ക്യാമ്പ് തായ്ലാന്റിലുമാണ്. ഒട്ടും വിശ്രമമില്ലാത്ത ഒഴിവു ദിനങ്ങളായിരുന്നു അനസിന് കഴിഞ്ഞ ഒന്നു രണ്ട് മാസക്കാലം. നാട് മുഴുവനും അനസിനേർപ്പെടുത്തിയ സ്വീകരണ പരിപാടികളും ഉൽഘാടന ചടങ്ങുകളും നൂറുകണക്കിനായിരുന്നു. ഇത്ര വലിയ തിരക്കുകൾക്കവസാനം അനസ് തന്റെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും യാത്ര പുറപ്പെട്ടത്.

ഓരോ സീസണു വേണ്ടിയും ദീർഘ കാല പരിശീലനത്തിന് പുറപ്പെടാനൊരുങ്ങുമ്പോൾ തന്നെ ഫുട്ബോളിലേക്ക് കൈ പിടിച്ച് ബാല പാഠങ്ങൾ നൽകി വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച തന്റെ പഴയ സാമൂഹ്യ ശാസ്ത്രാധ്യാപകനും ഫുട്ബോൾ ആശാനുമായ സി.ടി അജ്മൽ മാഷെ അദ്ദേഹത്തിന്റെ പുതിയ കുട്ടികളുടെ പരിശീലന ക്യാമ്പിൽ ചെന്ന് കാണുക എന്നതാണ് ആ പതിവ്. ഇപ്രാവശ്യം എല്ലാ വർഷങ്ങളെ അപേക്ഷിച്ച് ഏറെ തിരക്കായിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് രാവിലെ പത്ത് മണിക്ക് കടുത്ത വെയിലിനെ വക വെക്കാതെ അരിമ്പ്ര ജി.വി.എച്ച്. എസ്. എസ് മൈതാനിയിൽ അജ്മൽ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന കൊണ്ടോട്ടി ഉപ ജില്ലാ സ്കൂൾ ഫുട്ബോൾ ക്യാമ്പിലാണ് അനസ് യാത്ര ചോദിക്കാൻ എത്തിയിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്ഥമായി അനസ് തന്റെ ഗുരു നാഥന് നൽകാൻ വളരെ വിലപ്പെട്ട ഒരു സമ്മാനവും കയ്യിലേന്തിയാണ് വന്നത്.
താൻ ഇന്ത്യാ രാജ്യത്തിനായി ആദ്യമായണിഞ്ഞ ഔദ്യോഗിക കളിക്കുപ്പായമായിരുന്നു ആ സമ്മാനം.

 

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അനസ് മുംബൈ എഫ്.സി ക്ലബ്ബിലൂടെ പ്രൊഫഷണൽ കളിക്കാരനായി മാറിയ സന്ദർഭത്തിൽ അജ്മൽമാഷ് അനസിനോട്
ആദ്യം ചോദിച്ചത് നിനക്ക് മുംബൈ എഫ്.സി എത്ര പണം തരും എന്നായിരുന്നില്ല മറിച്ച് നീ ഇന്ത്യൻ ദേശീയ ജേഴ്സി അണിയാതെ കാലിൽ അണിഞ്ഞ ഫുട്ബോൾ ബൂട്ട്സ് അഴിച്ചു വെക്കരുത് എന്നായിരുന്നു. ഈ അഭ്യർത്ഥന അനസിന്റെ സ്വന്തം മുണ്ടപ്പലത്ത് അനസിനേർപ്പെടുത്തിയ സ്വീകരണ ചടങ്ങിന് ആശംസയർപ്പിക്കാനെത്തിയിരുന്ന ഈ അധ്യാപകൻ വേദിയിൽ നിന്ന് സദസ്സിനെ മുൻ നിർത്തി തന്നെ ആവർത്തിക്കുകയും ചെയ്തിരുന്നു. അതാണ് അനസ് കഴിഞ്ഞ മാർച്ച് ഇരുപത്തി രണ്ടിന് സാക്ഷാൽക്കരിച്ചത്.

തന്നെ കുഞ്ഞു നാളിൽ സ്വന്തം കുട്ടികളെ പോലെ സ്നേഹിച്ച അധ്യാപകന്റെ വാക്കുകൾക്ക് അനസ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതികരിച്ചത് ഇത്തരം അമൂല്യമായ ഒരു സമ്മാനം പുതിയ തലമുറയിലെ കുട്ടികൾക്ക് മുമ്പിൽ വച്ചു തന്നെ തന്റെ പ്രിയപെട്ട അധ്യാപകന്റെ കയ്യിലേൽപ്പിച്ചു കൊണ്ടായിരുന്നു.

 

അദ്ദേഹം അധ്യാപകന് നൽകിയ സമ്മാനവും അതിന് തിരെഞ്ഞെടുത്ത സന്ദർഭവും സ്ഥലവും അനസ് എടത്തൊടിക എന്ന ഇന്ത്യൻ ഫുട്ബോളിലെ മഹാപ്രതിഭയുടെ ലാളിത്യത്തിന്റെയും മികച്ച വീക്ഷണത്തിന്റെയും തെളിവായി വിലയിരുത്തപെടത്തകതായിരുന്നു.

ലളിതമായ ചടങ്ങിൽ അനസിനെ കൊണ്ടോട്ടി ഉപ ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റൻമാരും, ഉപ ജില്ലാ സ്പോർട്സ് ഭാരവാഹികളും അരിമ്പ്ര ഗവ. വി.എച്ച്.എസ്.എസ് പി.ടി.എ ഭാര വാഹികളും നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകി. ചടങ്ങിൽ ഈ വർഷം ഇറാനിൽ നടന്ന ഏഷ്യൻ സ്കൂൾ ഫുട്ബോളിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ ജുനൈൻ അരിമ്പ്രയെ അനസ് പൊന്നാടയണിയിച്ച് ഉപഹാരം നൽകുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുശക്തം ദക്ഷിണാഫ്രിക്ക
Next articleഅഫ്ഗാൻ ഹീറോ നാദിയ നദീം ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ