Local Sports News in Malayalam

അനസ് എടത്തൊടിക എന്ത് കൊണ്ട് സെവൻസ് കളിച്ചു? അനസിന്റെ ഗുരുവിന് പറയാനുള്ളത്

രണ്ട് ദിവസം മുമ്പ് കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോടിനു വേണ്ടി അനസ് എടത്തൊടിക, എം പി സക്കീർ, ആഷിഖ് കുരുണിയൻ എന്നിവർ ബൂട്ടുകെട്ടിയത് വലിയ വിവാദങ്ങളാണ് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയത്‌‌ സെവൻസ് – ഇലവൻസ് പ്രേമികൾ പരസ്പരം പോരാടുന്ന വലിയ സംവാദങ്ങളിൽ വരെ എത്തി. കേരള സന്തോഷ് ട്രോഫി കോച്ച് സതീവൻ ബാലൻ അനസിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തുവരികയും ചെയ്തു. ഈ സമയത്ത് അനസിന്റെ ഗുരുവായ,കുഞ്ഞു നാളിൽ അനസിലെ ഫുട്ബോളറെ കണ്ടെത്തിയ അധ്യാപകൻ അജ്മൽ സി.ടി ഫാൻപോർട്ടിനോട് ഈ വിഷയത്തിൽ സംസാരിയ്ക്കുകയാണ്.

അനസ് കൊടുവള്ളിയിൽ സെവൻസ് കളിച്ചത് താങ്കൾ അറിഞ്ഞില്ലേ…? എന്ത് പറയുന്നു…?

അവൻ അവിടെ കളിയ്ക്കുന്നതിന് മുമ്പ് തന്നെ കളിക്കും എന്ന് അറിഞ്ഞിരുന്നു. കൊടുവള്ളിയിലെ ആ മത്സരത്തിന് അവൻ വീട്ടിൽ നിന്നിറങ്ങുന്നതിന് തൊട്ട് മുമ്പ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. എന്റെ കളി കാണാൻ ആഗ്രഹിയ്ക്കുന്ന അകലങ്ങളിൽ വന്ന് എന്റെ കളി നേരിൽ കാണാൻ സാധിയ്ക്കാത്തവർക്ക് വേണ്ടി ഞാനിന്ന് ഒരിടത്ത് ബൂട്ടണിയുകയാണ് സാർ എന്നാണവൻ പറഞ്ഞത്, പിന്നെ എന്ത് പറയാൻ, ഓർത്ഥത്തിൽ ധാർമ്മികമായി അത് ശരി തന്നെയാണ് എന്നാണെന്റെ അഭിപ്രായം.

സെവൻസ് പരിക്കിന് സാധ്യത ഏറെയുള്ള കളിയല്ലേ?

പ്രോപ്പർ റെസ്റ്റോ, പ്രോപ്പർ വാം അപ്പോ, ഭക്ഷണമോ ഇല്ലാതെ എന്നാൽ അത് പക്കാ തൊഴിൽ ആയി കളിയ്ക്കുന്നതാണ് സെവൻസിനെ പരിക്കനാക്കുന്നത്, ഇവിടെ അനസിന്റെ കാര്യത്തിൽ അങ്ങിനെ അല്ലല്ലോ.

അനസ് എടത്തൊടികയും പരിശീലകൻ അജ്മൽ മാഷും

താങ്കൾ അനസിനെ ചെറുപ്പക്കാലത്ത് സെവൻസ് കളിപ്പിച്ചിട്ടുണ്ടോ?

ഉണ്ട്..,അവനെ ഹയർ സെക്കന്ററി വിദ്യാർത്ഥിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയിലെ പല മൈതാനങ്ങളിലും ഇടയ്ക്കെല്ലാം ഞാൻ കളിയ്ക്കുന്ന കൂട്ടത്തിലും അല്ലാതെയും സെവൻസ് കളിപ്പിച്ചിട്ടുണ്ട്, എന്നാൽ അവന് പരിക്കേൽക്കും എന്നുള്ളിടത്ത് ബെഞ്ചിലിരുത്തും, അല്ലങ്കിൽ കളിയ്ക്കരുത് എന്ന് നിർദ്ദേശം കൊടുക്കും അവനത് അപ്പടി അനുസരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അവന്റെ കളിയിലെ ഇപ്പോഴത്തെ ടഫ്നെസ്സ് നല്ലൊരു ശതമാനം സെവൻസിലൂടെ കിട്ടിയതാണ്.

കൊടുവള്ളിയിലെ കളി സന്തോഷ് ട്രോഫി കോച്ചടക്കം പലരും അനസിനെ പ്രതിക്കൂട്ടിലാക്കിയിരിയ്ക്കയാണല്ലോ?

എഴുതാനും പറയാനും ഒരു വിഷയം കിട്ടുമ്പോൾ ആരാ എഴുതാത്തതും പറയാത്തതും, അവർ അവനെ അങ്ങിനെ പ്രതിക്കൂട്ടിലാക്കി എന്ന് പറയാനാകില്ല, ഇപ്പോൾ അനസ് ഒരു ടീമുമായും കരാറിലല്ല, ഒരു പക്ഷേ അനസിന് പരിക്കേൽക്കും, അത് ഇന്ത്യൻ ടീമിൽ പ്രയാസം ഉണ്ടാക്കും എന്ന അവരുടെ ആധികൊണ്ട് പറഞ്ഞതോ എഴുതിയതോ ആകാം….!

ഇന്ത്യയിലെ ഫുട്ബോൾ നിയമപ്രകാരം തെറ്റല്ലേ ചെയ്തിട്ടുള്ളത്?

ജനങ്ങൾക്ക് വേണ്ടിയല്ലേ രാജ്യത്തെ എല്ലാ കളികളും? അനസിനെ സ്നേഹിയ്ക്കുന്ന ഇന്നാട്ടിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി അവൻ കളിച്ചതിനെ ധാർമ്മികമായും നമുക്ക് കാണാമല്ലോ, ഞാനേതായാലും അതിനെ ധാർമ്മികമായി തന്നെ കാണുന്നു, അതോടൊപ്പം പ്രത്യേക സാഹചര്യത്തിൽ സൂക്ഷിയ്ക്കണം എന്ന ഉപദേശവും കൊടുക്കാനുണ്ട്.

സന്തോഷ് ട്രോഫി കോച്ച് സതീവൻ ബാലന്റെ അഭിപ്രായത്തെ കുറിച്ച് എന്ത് പറയുന്നു?

അദ്ദേഹം വലിയ ഒരു കോച്ചാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ കുറിച്ച് എനിയ്ക്ക് എന്ത് പറയാൻ കഴിയും? അനസ് കളിച്ചു കഴിഞ്ഞതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ പറഞ്ഞതിന് പകരം അദ്ദേഹത്തിന് അനസിനെ തന്നെ നേരിട്ട് വിളിച്ച് ഉപദേശിയ്ക്കാമായിരുന്നു എന്ന അഭിപ്രായം എനിയ്ക്കുണ്ട്.

ഈ വർഷത്തെ സന്തോഷ് ട്രോഫി നേടിയ താരങ്ങളെയും ആദ്യ റൗണ്ട് കഴിഞ്ഞ് മലബാറിലെ സെവൻസ് മൈതാനങ്ങളിൽ കണ്ടിരുന്നതായി പറഞ്ഞു കേട്ടിരുന്നോ?

കേട്ടിരുന്നു എന്ന് മാത്രമല്ല ഈ വർഷത്തെ സന്തോഷ് ട്രോഫിയിലെ നമ്മുടെ നിർണ്ണായക ഗോൾ സ്കോറർമാരടക്കം പലരും അങ്ങിനെ ചെയ്തിട്ടുണ്ട് എന്നറിയാം, അത് കേവലം പണത്തിനു വേണ്ടിയോ അധികാരികളെയും കോച്ചിനെയും ധിക്കരിക്കാൻ വേണ്ടിയോ അല്ല എന്നും മറിച്ച് അവരെ സ്നേഹിയ്ക്കുന്ന കൽക്കത്തയിലോ ബാംഗ്ലൂരിലോ പോയി അവരുടെ കളി കാണാൻ സാധിയ്ക്കാത്ത ഇന്നാട്ടിലെ പാവം കാൽപന്തു പ്രേമികൾക്കൊരു ആശ്വാസത്തിന് വേണ്ടിയായിരിയ്ക്കും ചെയ്തിട്ടുണ്ടാക്കുക എന്ന് വിശ്വസിയ്ക്കയും ചെയ്യുന്നു….

ഇനിയും ഇത്തരത്തിൽ വലിയ താരങ്ങൾ സെവൻസിൽ ഇറങ്ങുന്നതിനെ അനുകൂലിക്കുക തന്നെയാണോ?

ഇവിടെ ഫുട്ബോളാണ് കളിച്ചിട്ടുള്ളത് അതിന് അനുകൂലം പ്രതികൂലം എന്നൊന്നില്ല, മുമ്പും ഐ ലീഗിൽ കത്തി നിന്നിരുന്ന കാലത്ത് ഐ.എം വിജയനും, ജോ പോളും, സുനിൽ ചേത്രിയും അതിനും ഒരു പാട് കാലങ്ങൾ മുമ്പ് പ്രേംനാഥ് ഫിലിപ് സാറും എല്ലാം ഇവിടെ ജനങ്ങളിൽ സോക്കർ ആരാധന നില നിർത്താനായി സെവൻസ് കളിച്ചിരുന്നതായി ഓർക്കുന്നു. അവർക്കും എന്തെങ്കിലും ഒക്കെ കിട്ടിയിട്ടുണ്ടാകില്ല എന്നു പറയുന്നില്ല.

ഇന്ത്യയിൽ അറിയപ്പെടുന്ന അനസിനെ പോലുള്ള താരങ്ങളുടെ കളി മലയാളികൾക്ക് നേരിൽ കാണാൻ ഇനി എന്തു വേണം എന്നു ചോദിച്ചാൽ?

അനസ്, ആശിഖ് കുരുണിയൻ, സക്കീർ, റാഫി, നമ്മുടെ സന്തോഷ് ട്രോഫി നേടിയ യുവതാരങ്ങൾ ഇവരുടെയൊക്കെയും പുതിയ തലമുറയിലെ വളർന്നു വരുന്നവരുടെയും ഒക്കെ കളി മലയാളികൾക്ക് നേരിൽ കാണാൻ നാഗ്ജി, മാമൻ മാപ്പിള, ചാക്കോളാസ് തുടങ്ങിയ ടൂർണ്ണമെന്റുകൾ പുനരുജ്ജീവിപ്പിയ്ക്കണം എന്നും നമ്മുടെ ഡിപ്പാർട്ട്മെന്റ്കൾ അഞ്ച് വർഷത്തിലൊരിക്കലെങ്കിലും പുതിയ താരങ്ങളെ റിക്രൂട്ട് ചെയ്ത് ടീമുണ്ടാക്കണം എന്നും ആ ടീമുകളെയെല്ലാം പങ്കെടുപ്പിച്ച് പഴയ കേരളാ കൗമുദി പോലുള്ള ചാമ്പ്യൻഷിപ്പുകൾ ആധുനിക രീതിയിൽ നടത്തണം എന്നും എല്ലാവരെപ്പോലെയുള്ള അഭിപ്രായം എനിയ്ക്കുമുണ്ട്. അല്ലങ്കിൽ മുപ്പത് പിന്നിട്ട അനസും സക്കീറും അൻപതോടടുത്ത ഐ.എം വിജയനും മാത്രമാകില്ല നമ്മുടെ പ്രമുഖ യുവ താരങ്ങളും ഇനിയും സെവൻസ് മൈതാനങ്ങളിലിറങ്ങാൻ ജനങ്ങളാൽ നിർബന്ധിതാരാകും എന്നുറപ്പാണ്…
സെവൻസ് സംഘാടകർ നടത്തുന്ന ശ്രമങ്ങൾ ഔദ്യോഗിക ഫുട്ബോൾ നിയപ്രകാരം തെറ്റാണെങ്കിലും ജനകീയമായും ധാർമ്മികമായും എടുത്താൽ അതാണ് കേരളാ ഫുട്ബോളിൽ ഇന്നത്തെ ശരി എന്നു അനുമാനിയ്ക്കുന്നു.

ഇന്ത്യയുടെ പ്രധാന മത്സരങ്ങൾ മുന്നിൽ വന്നു നിൽക്കുന്ന അവസരത്തിൽ അനസ് ഇനിയും സെവൻസ് കളിയ്ക്കണമെന്നാണോ?

 

ഒരിക്കലും അങ്ങിനെയല്ല, ഇന്ത്യയുടെ മത്സരങ്ങൾ തന്നെയാണ് പരമ പ്രധാനമായത്. അത് മാസങ്ങൾ മുൻകൂട്ടി തന്നെ താരങ്ങളെ അറിയ്ക്കും എന്നാണെന്റെ അറിവ്, ആ അറിയിപ്പ് കിട്ടി കഴിഞ്ഞാൽ അനസിനെപോലെ ഫുട്ബോൾ കളിച്ചു തുടങ്ങിയ കാലം മുതലേ അങ്ങേയറ്റം ഡെഡിക്കേറ്റഡായ താരങ്ങൾ പൂർണ്ണമായും ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിലായിരിയ്ക്കും എന്നുറപ്പല്ലേ? അദ്ദേഹം സമർത്ഥനായ ഒരു കോച്ചാണ്, ആ ക്യാമ്പിൽ ഫിറ്റായിട്ടുള്ള ടീമിന് അത്യാവശ്യമുളളവരെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തും, ഫുട്ബോൾ,അതല്ലേ വേണ്ടൂ ഇവിടെ 140 കോടി ജനങ്ങളിൽ എത്രയോ താരങ്ങളില്ലേ!!

പിന്നെ നമ്മൾ തന്നെ എല്ലാം എഴുതിയും പറഞ്ഞും കാര്യങ്ങൾ പ്രതികൂലമാക്കുന്നത് എന്തിനാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like