“കുട്ടി പ്രായത്തിൽ കിട്ടിയ കടുപ്പമാണെന്നെ ഇന്ത്യയിലെ മികച്ച ഡിഫന്ററാക്കിയത്” അനസ് എടത്തൊടിക

- Advertisement -

അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവരുന്ന മിഷൻ സോക്കർ അക്കാദമിയുടെ ഫുട്ബോൾ പരിശീലന ക്യാമ്പ് സന്ദർശിച്ച ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക അക്കാദമിയിലെ എൺപതോളം വരുന്ന കുരുന്നു പ്രതിഭകളോട് തന്റെ ഫുട്ബോൾ കരിയറിലെ അനുഭവങ്ങളും സൗഹൃദവും പങ്കിട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള താങ്കൾ മൈതാനത്ത് വളരെയധികം ടഫ്നസ്സ് പുറത്തെടുക്കുന്നല്ലോ എന്ന കുട്ടികളുടെ ചോദ്യത്തിന് പത്താം ക്ലാസ്സിൽ വച്ച് കളിയ്ക്കാനരംഭിച്ച അന്ന് തൊട്ടേ കിട്ടിയ കടുപ്പമേറിയ പരിശീലന മുറകൾ ശിരസ്സാ വഹിച്ചത്കൊണ്ടാണ് ഇപ്പോൾ വിദേശതാരങ്ങളുൾപ്പെടെയുള്ള മികച്ച മുന്നേറ്റ നിരക്കാരെ നിലക്ക് നിർത്തി തന്റെ ജോലി ഭംഗിയാക്കാൻ സാധിയ്ക്കുന്നതെന്നാണ് അനസ് എടത്തൊടിക മറുപടി പറഞ്ഞത്.

അടുത്ത മാസം മുംബൈയിൽ നടക്കുന്ന ചതുരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്ക് പോകാനൊരുങ്ങുന്ന തിരക്കിനിടയിലാണ് അനസ് എടത്തൊടിക അരിമ്പ്ര സ്കൂൾ മൈതാനത്ത് മിഷൻ സോക്കർ അക്കാദമിയുടെ സമ്മർ കോച്ചിംഗ് സന്ദർശിച്ചത്. രണ്ട് മണിക്കൂറോളം കുട്ടികളോടൊപ്പം ചിലവഴിച്ചതിന് ശേഷം ഗ്രൂപ്പു ഫോട്ടോയ്ക്കും പോസ് ചെയ്താണ് അനസ് ക്യാമ്പിൽ നിന്ന് തിരിച്ചു പോയത്.

കളി തുടങ്ങിയ കാലം മുതലേ മൈതാനത്തിനകത്ത് കളിയിലെയും, മൈതാനത്തിന് പുറത്ത് ജീവിതത്തിലെയും കടുത്ത വെല്ലുവിളികൾ അതിജീവിയ്ക്കാൻ കാണിച്ച കരുത്തും പോരാട്ട വീര്യവും, അർപ്പണബോധവും എല്ലാറ്റിനും ഉപരിയായി പിന്നിട്ട വഴികളെ മറക്കാത്ത പ്രകൃതവുമാണ് അനസിന്റെ ഉയർച്ചയുടെ പിന്നിലെന്ന് അനസിനെ ഫുട്ബോളിലേക്ക് കൈപിടിച്ച പരിശീലകൻ സി.ടി അജ്മലും അനസിനെ അടുത്തറിയുന്ന നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

അടുത്ത വർഷം യു.എ.ഇ.യിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാന പ്രതീക്ഷയായ അനസ് എടത്തൊടിക ഈ വരുന്ന ഐ.എസ്.എൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിയാൻ സാധ്യതകളേറെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement