ഡാനി ആൽവസ് വിഡ്ഢിയെന്ന് ഡീഗോ മറഡോണ

ബ്രസീൽ റൈറ്റ് ബാക്ക് ഡാനി ആൽവസ് മണ്ടനും ഫുട്ബോളിൽ അത്രയൊന്നും കഴിവില്ലാത്ത ആളാണെന്നും ഡിയഗോ മറഡോണ.

നേരത്തെ ഒരു ബ്രസീലിയൻ ടി വി ഷോക്കിടെ മെസ്സിയോ മറഡോണയോ മികച്ച താരം എന്ന ചോദ്യത്തിന് ബ്രസീലിയൻ നൽകിയ മറുപടിയാണ് ഫുട്ബോൾ ഇതിഹാസത്തെ ചൊടിപ്പിച്ചത്. ” മെസ്സിയെയും മറഡോണയെയും തമ്മിൽ താരതമ്യം ചെയ്യാൻ ആവില്ല, ദൈവത്തിന്റെ കൈ സഹായത്തോടെ ഞാനൊരു ലോകകപ്പ് നേടി എന്ന് പറയാൻ ഞാൻ ഒരിക്കലും തയ്യാറാവില്ല, എന്റെ മകനോട് അതിനെ കുറിച്ചു സംസാരിക്കാൻ പോലും എനിക്ക് മടിയായിരിക്കും ” എന്നായിരുന്നു മറഡോണയെ ലക്ഷ്യം വച്ചുള്ള ആൽവസിന്റെ പ്രതികരണം. മറഡോണ ഒരിക്കലും യുവ താരങ്ങൾക്ക് മാതൃക അല്ല എന്നും ആൽവസ് പറയുകയുണ്ടായി. ബ്രസീലിയൻ ടെലിവിഷനായ കാൻഐസ് എസ്‌പോർട്ടയാണ് ആൽവസിന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്.

എന്നാൽ എന്നും വിമർശനങ്ങൾക്ക് ശരവേഗത്തിൽ പൊള്ളുന്ന മറുപടി കൊടുത്ത് ശീലമുള്ള മറഡോണ ആൽവസിനെ വ്യക്തിപരമായി കടന്നാക്രമിച്ചു ” ഡാനി ആൽവസ് ഒരു മണ്ടനാണ്, ഒരു മത്സരത്തിൽ അയാൾ 28 പാസ്സുകൾ നൽകിയാൽ അതിൽ 4 എണ്ണം മാത്രമാണ് ലക്ഷ്യം കാണാറുള്ളത്, ഒരു 4 (റൈറ്റ് ബാക്ക്) എന്ന നിലയിൽ ആൽവസിനെക്കാൾ മികച്ചവരായിരുന്നു കഫുവും മൈക്കോണും ” എന്നിങ്ങനെ നീളുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ വിമർശനം.

അതിനിടെ മറഡോണയുടെ മകൾ ഡൽമയും ആൽവസിന്റെ പരാമർശങ്ങൾക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി. ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോൾ പിറന്ന അതേ മത്സരത്തിൽ തന്റെ പിതാവ് നേടിയ ലോക പ്രസിദ്ധമായ രണ്ടാം ഗോൾ ആൽവസ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച ഡൽമ തന്റെ പിതാവ് ഒരിക്കലും യുവ താരങ്ങൾക്ക് മാതൃകയാണ് താനെന്ന് പറയാൻ മുതിർന്നിട്ടില്ലെന്നും അറിയിച്ചു. ഒരു അർജന്റീനക്കാരി എന്ന നിലയിൽ മെസ്സിയുടെ വളർച്ചയിൽ തനിക്കും സന്തോഷമുണ്ടെന്നും ഇതിഹാസ പുത്രി ഡാനി ആൽവസിനെ ഓർമിപ്പിച്ചു.

ഏതായാലും ചരിത്രപരമായ ബ്രസീൽ-അർജന്റീന വൈരാഗ്യത്തിൽ ഒരു പക്ഷെ ആദ്യമായാവും വ്യത്യസ്ത തലമുറകളിൽ കളിച്ച രണ്ടു കളിക്കാർ പരസ്യ വാക് പോരിന് മുതിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോഹ്‌ലിക്ക് വേണ്ടത് റബ്ബർ സ്റ്റാമ്പ്?
Next articleഇനി ഐ ലീഗിലും ഐ എസ്‌ എല്ലിലും തുല്യമായി വിദേശ താരങ്ങൾ