ആൽഫ്രഡ്, ഫിഫാ മഞ്ചേരിയിൽ നിന്ന് ഇന്ത്യയിലെ മികച്ച വിദേശ താരം വരെ

- Advertisement -

ഇന്നലെ മിസോറാമിൽ വെച്ച് കളിക്കാരുടെ അസോസിയേഷൻ തിരഞ്ഞെടുത്ത മികച്ച വിദേശ താരം ആൽഫ്രഡ് കീമ ജാര്യനും മലബാറുമായും ഒരു ബന്ധമുണ്ട്. ഒരു പക്ഷെ ആൽഫ്രഡിന്റെ കരിയർ തന്നെ മാറ്റിമറിച്ച ബന്ധം. ഇന്ന് ഇന്ത്യയിലെ ഒന്നാം നിര ലീഗായ ഐ ലീഗ് കിരീടത്തിലേക്ക് ക്യാപ്റ്റൻ ആം ബാൻഡും ഇട്ട് ഐസോളിനെ നയിച്ച ആൽഫ്രഡിന്റെ കുറച്ച് പഴയ കാലം മഞ്ചേരിയുടെ മണ്ണിലായിരുന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിദേശതാരം ആകും മുമ്പ് മലപ്പുറത്തിന്റെ മണൽതട്ടിൽ ഫിഫാ മഞ്ചേരിയുടെ പച്ച ജേഴ്സിയും അണിഞ്ഞ് പന്തുതട്ടിയിട്ടുണ്ട് ഈ ആൽഫ്രഡ് എന്നത് പലരും മറന്നിരിക്കുന്നു. ലൈബീരിയയിൽ നിന്ന് കേരളത്തിൽ സെവൻസ് ഫുട്ബോൾ കളിക്കാൻ എത്തിയ നൂറു കണക്കിന് താരങ്ങളിൽ ഒരാളായിരുന്നു ആൽഫ്രഡും. 2008ൽ ഫിഫാ മഞ്ചേരിക്ക് വേണ്ടി ബൂട്ട് കെട്ടാൻ തുടങ്ങിയ ആൽഫ്രഡ് ഫിഫാ മുന്നേറ്റങ്ങളുടെ കൂന്തുമുനയായി. 2008-09 സീസണും 2009-10 സീസണിലും ഫിഫയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് നയിച്ച ആൽഫ്രഡ് 2010-11 സീസണിലും ഫിഫയ്ക്കു വേണ്ടി നാലു ടൂർണമെന്റുകൾ കളിച്ചു.

പിന്നീട് കൊൽക്കത്തൻ ക്ലബായ മുഹമ്മദൻസിലേക്ക് ചേക്കേറിയ ആൽഫ്രഡ് ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ നിർണ്ണായക ഭാഗമാവുക ആയിരുന്നു. അവിടെ നിന്ന് ഖാലിദ് ജമീലിന്റെ മുംബൈ എഫ് സിയിലേക്കും അവസാനം ഐസോളിലേക്കും ആൽഫ്രഡ് കീമ എത്തി. ഐസോളിൽ വെച്ച് ഖാലിദ് ജമീലിനൊപ്പം വീണ്ടും ഒരുമിച്ചു. സ്ട്രൈക്കറായിട്ടുള്ള തന്റെ പൊസിഷൻ ടീമിനു വേണ്ടി വിട്ടുകൊടുത്ത് മിഡ്ഫീൽഡിലേക്ക് ഇറങ്ങി ആയിരുന്നു ആൽഫ്രഡ് ഇത്തവണ ഐസോളിനു വേണ്ടി കളിച്ചത്.

ഐസോളിന്റെ മികച്ച കളിക്കാരനായി വാഴ്ത്തപ്പെട്ട ആമ്നയുടെ പ്ലേ മേക്കിംഗിന് കരുത്തായത് ഡിഫൻസീവ് മിഡിൽ ആൽഫ്രഡ് ഒരുക്കിയ സുരക്ഷയായിരുന്നു. ആമ്ന ഇഞ്ച്വറി ആയി കിടന്നപ്പോഴും ഐസോളിനെ പതറാതെ നിർത്തുന്നതിലും ആൽഫ്രഡിന്റെ പങ്ക് വലുതായിരുന്നു.ആൽഫ്രഡ് രാജ്യത്ത് കളിക്കുന്ന ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നത് ഇങ്ങ് കേരള മണ്ണിലുള്ള ഫിഫാ മഞ്ചേരി ആരാധകർ തന്നെയാകണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement