
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻസർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ. ഫുട്ബോൾ ലോകത്തെ മുഴുവൻ സങ്കടത്തിലും ഞെട്ടലിലും ആക്കിയിരിക്കുന്ന വാർത്തയാണ് മാഞ്ചസ്റ്ററിൽ നിന്ന് വരുന്നത്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് എത്തിച്ച അലക്സ് ഫെർഗൂസന്റെ നില അതീവ ഗുരുതരമാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ.
മസ്തിഷ്കത്തിൽ ഉണ്ടായിരിക്കുന്ന ഇന്റേണൽ ബ്ലീഡ് കാരണമാണ് ഫെർഗൂസണെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും സ്ഥിതീകരിച്ചിട്ടുണ്ട്. പക്ഷെ കൂടുതൽ വിവരം ക്ലബും നൽകിയില്ല.
ശസ്ത്രക്രിയ കഴിഞ്ഞെന്നും കോമയിലാണ് ഇപ്പോൾ ഫെർഗൂസൺ ഉള്ളത് എന്നും ചില മാധ്യമപ്രവർത്തകർ ട്വിറ്ററിൽ പറഞ്ഞു എങ്കിലും അത്തരം വാർത്തകൾ സത്യാമകല്ലെ എന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകം. കഴിഞ്ഞ ആഴ്ച ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിന് സാക്ഷിയായി ഫെർഗൂസൺ ഉണ്ടായിരുന്നു. അന്ന് ആഴ്സൺ വെങ്ങറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപഹാരവും ഫെർഗി സമ്മാനിച്ചിരുന്നു.
ഫെർഗൂസൺ എന്ന പോരാളി ഈ വിഷമഘട്ടവും മറികടക്കുമെന്നു തന്നെയാണ് ഫുട്ബോൾ ലോകം ഒന്നാകെ ഇപ്പോൾ വിശ്വസിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial