Picsart 23 09 29 22 35 30 012

അവസാനം രക്ഷകനായി റൊണാൾഡോ, അൽ നസർ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു

സൗദി പ്രൊ ലീഗിൽ അൽ നസറിന്റെ രക്ഷകനായി ഒരിക്കൽ കൂടെ റൊണാൾഡോ എത്തി. ഇന്ന് എവേ മത്സരത്തിൽ അൽ തായിയെ നേരിട്ട അൽ നസർ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്‌. ഒരു ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ കളം നിറഞ്ഞു കളിച്ചു. റൊണാൾഡോയുടെ വിജയ ഗോൾ വന്നത് 87ആം മിനുട്ടിൽ ആയിരുന്നു.

ഇന്ന് മികച്ച രീതിയിൽ കളി ആരംഭിച്ച അൽ നസർ 32ആം മിനുട്ടിൽ ടലിസ്കയുടെ ഗോളിലൂടെ ആണ് ലീഡ് എടുത്തത്. ആ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുക്കിയത് ആയിരുന്നു‌. പിന്നീടും അൽ നസർ ആധിപത്യം തുടർന്നു എങ്കിലും ലീഡ് ഇരട്ടിയാക്കാൻ ആയില്ല.

79ആം മിനുട്ടിൽ മിസിദാനിലൂടെ അൽ തയ് സമനില ഗോൾ കണ്ടെത്തിയത് അൽ നസറിനെ ഞെട്ടിച്ചു. അപ്പോഴാണ് റൊണാൾഡോ രക്ഷകനായി എത്തിയത്. 87ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി റൊണാൾഡോ ലക്ഷ്യത്തിൽ എത്തിച്ച് ടീമിന്റെ വിജയം ഉറപ്പിച്ചു‌.

ഈ ജയത്തോടെ അൽ നസർ 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള ഇത്തിഹാദുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമേ അൽ നസറിന് ഇപ്പോൾ ഉള്ളൂ‌.

Exit mobile version