Local Sports News in Malayalam

കേച്ചേരിയിലും അൽ മദീന തന്നെ, സീസണിലെ പതിമൂന്നാം കിരീടം

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ക്യാബിനിലേക്ക് സീസൺ അവസാനിച്ചാലും കിരീടം നിക്കുമെന്നു തോന്നുന്നില്ല. സീസൺ തുടങ്ങിയത് കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ കിരീടത്തോടെയാണ് എങ്കിൽ സീസൺ അവസാനിക്കാൻ ഇനി ഒരു ടൂർണമെന്റ് മാത്രം ബാക്കി ഇരിക്കുമ്പോഴും മദീന കിരീടങ്ങൾ ഉയർത്തികൊണ്ട് തന്നെ ഇരിക്കുകയാണ്. ഇന്ന് കേച്ചേരി അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിയാണ് അൽ മദീന ചെർപ്പുള്ളശ്ശേരി സീസണിലെ തങ്ങളുടെ പതിമൂന്നാം കിരീടം ഉയർത്തിയത്.

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തങ്ങളുടെ പ്രധാന താരങ്ങളൊന്നും ഇല്ലാതെയാണ് ഇന്ന് കേച്ചേരിയിൽ ഫൈനലിനിറങ്ങിയത്. പതിവ് മദീന ലൈനപ്പിൽ തിരിച്ചുവന്ന ഡി മറിയയുടെ സാന്നിദ്ധ്യം മാത്രം. ഡി മറിയയ്ക്കൊപ്പം സി സിയും ആസിഫും ആക്രമണത്തിന് കൂട്ടിനെത്തി. എ വൈ സി ഉച്ചാരക്കടവും ശക്തമായ ലൈനപ്പുമായാണ് ഇന്നെത്തിയത്. ഒലീവയും ആഷിഖ് ഉസ്മാനും ആയിരുന്നു എ വൈ സിയുടെ മുന്നിലുണ്ടായിരുന്നത്. കളിയിൽ ആദ്യ ലീഡെടുത്തത് സി സിയിലൂടെ അൽ മദീന ചെർപ്പുള്ളശ്ശേരി ആണ്.

എന്നാൽ ഗോൾ പോസ്റ്റിനു മുപ്പതു വാരെ അകലെ നിന്ന് ഒലീവ എടുത്ത ബുള്ളറ്റ് ഫ്രീകിക്ക് എ വൈ സിയെ മദീനയുടെ ഒപ്പം എത്തിച്ചു(1-1). ഒലീവയുടെ ഷോട്ട് ഗോൾ വലതുരന്നു പുറത്തേക്ക് പോകുന്നത്ര ബലത്തിലായിരുന്നു. കളി ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ തന്നെ അവസാനിച്ചു. രണ്ടാം പകുതിയിൽ ഡി മറിയയും ആസിഫും സീസിയും കൂടെ നടത്തിയ മിന്നും അറ്റാക്കിനറ്റത്ത് സീസി വീണ്ടും എ വൈ സി നെറ്റിലേക്ക് ബോളെത്തിച്ചു. കളി മദീന 2-1 എ വൈ സി. സഫീറും ഹൈദറും ഒന്നും ഡിഫൻസിൽ ഇല്ലായിരുന്നിട്ടും ആ ലീഡ് അൽ മദീന ഫൈനൽ വിസിൽ വരെ കാത്തു സൂക്ഷിച്ചു.

ഇതോടെ അൽ മദീനയ്ക്ക് 17 ഫൈനലുകളിൽ നിന്നായി 13 കിരീടങ്ങളായി. ഇനി സീസണിൽ ബാക്കിയുള്ള ഒരേയൊരു ടൂർണമെന്റായ എടവണ്ണപ്പാറ ടൂർണമെന്റിലും അൽ മദീന ഫൈനലിൽ എത്തിയിട്ടുണ്ട്.

You might also like