വിജയത്തോടെ അൽ മദീന ചെർപ്പുളശ്ശേരി തുടങ്ങി

- Advertisement -

തിങ്കളാഴ്ച രാത്രി സെവൻസ് മൈതാനങ്ങൾ കണ്ടത് ഏകപക്ഷീയമായ വിജയങ്ങളായിരുന്നു. ചാവക്കാട് പ്രചര ചാവക്കാട് ഒരുക്കിയ അഖിലേന്ത്യാ സെവൻസിൽ ഗംഭീര പോരാട്ടമായിരുന്നു കണ്ടത്. സീസണിലെ ആദ്യ മത്സരത്തിനെത്തിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് എതിരാളികൾ മണ്ണാർക്കാടു നിന്നുള്ള കരുത്തർ ലിൻഷാ മെഡിക്കൽസ് ആയിരുന്നു. കെ എഫ് സി കാളിക്കാവിനോടേറ്റ ദയനീയമായ പരാജയത്തിൽ നിന്നു കരകയറാനെത്തിയ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് പക്ഷെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയുടെ മിന്നുന്ന പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 3-1 എന്ന സ്കോറിന് വിജയം അൽ മദീന ചെർപ്പുളശ്ശേരിയോടൊപ്പം നിന്നു. മുസാഫിർ എഫ് സിക്കു വേണ്ടി ബിചുപ്പ രണ്ടു ഗോളുകളും ആസിഫ് ഒരു ഗോളും നേടി. ജിമ്മിയാണ് ലിൻഷാ മെഡിക്കൽസിന്റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ചാവക്കാട് അഖിലേന്ത്യാ സെവൻസിന്റെ പ്രീ ക്വാർട്ടറിലേക്ക് അൽ മദീന ചെർപ്പുളശ്ശേരി കടന്നു.
picsart_11-22-01-21-49മങ്കടയിൽ നടന്ന മൂന്നാം പ്രീ ക്വാർട്ടർ മത്സരത്തിൽ ബേസ് പെരുമ്പാവൂരിനെ ഏകക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് ടൗൺ ടീം അരീക്കോട് ക്വാർട്ടറിലേക്ക് കടന്നു. ടൗൺ ടീം അരീക്കോടിന്റെ അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ വിജയമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ കർക്കിടാംകുന്നിൽ ശാസ്താ മെഡിക്കൽസിനോട് എതിരില്ലാത്ത മൂന്നു ഗോളിന് ടൗൺ ടീം അരീക്കോട് അടിയറവു പറഞ്ഞിരുന്നു. അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ പരാജപ്പെടുത്തിയാണ് ബേസ് പെരുമ്പാവൂർ പ്രീ ക്വാർട്ടറിൽ എത്തിയത്. എന്നാൽ ഞായറാഴ്ചയിലെ പ്രകടനം മങ്കടയിൽ ആവർത്തിക്കാൻ ബേസ് പെരുമ്പാവൂരിനായില്ല. ടൗൺ ടീം അരീക്കോടിന്റെ അലെക്സി ഒരു ഗോളോടെ ഹീറോ ഒഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
picsart_11-22-01-25-26

കർക്കിടാംകുന്നിൽ പത്താം ദിവസം ഏകപക്ഷീയമായിരുന്നു മത്സരം. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഹണ്ടേഴ്സ് കൂത്തുപറമ്പിനേക്കാൾ വീറും ഊർജ്ജവും കളത്തിൽ പുറത്തെടുത്തത് ഞായറാഴ്ച ഉഷാ എഫ് സി തൃശ്ശൂരിനോട് പരാജയപ്പെട്ടതിന്റെ രോഷത്തിലിറങ്ങിയ റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് ആയിരുന്നു. ഹണ്ടേഴ്സ് കൂത്തുപറമ്പിനെ 4-1 എന്ന സ്കോറിനാണ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് തുരത്തിയത്. സ്റ്റീവിലൂടെ ഗോൾ വേട്ട തുടങ്ങിയ ബ്ലേക്ക് & വൈറ്റ് പിന്നെ കണ്ടത് അഡബയോറിന്റെ താണ്ടവമായിരുന്നു. തന്റെ സീസണിലെ ആദ്യ ഹാട്രിക്കോടെ കളിയിലെ താരമായി അഡബയോർ. ജയത്തോടെ പ്രീ ക്വാർട്ടർ ബർത്ത് റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് ഉറപ്പിച്ചു.
picsart_11-22-01-26-16

ഇന്ന് നടക്കുന്ന മത്സരത്തിൽ കർക്കിടാംകുന്നിൽ എഡ്വാർഡ് മെമ്മോറിയൽ ക്ലബ് എഫ് സി പെരിന്തൽമണ്ണ ജിംഗാന തൃശ്ശൂരിനെ നേരിടും. മങ്കടയിൽ മിന്നുന്ന ഫോമിലുള്ള റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് ആദ്യ വിജയത്തിനു ഇറങ്ങുന്ന അബഹ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടുമായി ഏറ്റുമുട്ടും. ചാവക്കാട് ഇന്നു നടൽകുന്ന തീപ്പൊരി പോരാട്ടത്തിലാകും എങ്കിലും എല്ലാവരുടേയും ശ്രദ്ധ. ചാവക്കാട് എഫ് സി ഗോവ സിദ്രാ വെഡ്ഡിംഗ് സ്കൈ ബ്ലൂ എടപ്പാൾ പോരാട്ടമാണ് ഇന്ന്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement