ചെർപ്പുളശ്ശേരിയുടെ നീലപ്പട , ഈ സീസണിലെ സെവൻസിലെ രാജാക്കന്മാർ

- Advertisement -

2016-17 സീസണിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പകരം വെക്കാൻ ആരുമില്ല. പകരം വെക്കാൻ പോയിട്ട് അവരോടൊന്നു മുട്ടി നോക്കാൻ പോലും വിദൂരതയിൽ പോലും ആരുമുണ്ടായിരുന്നില്ല. എല്ലാവരൃഴും ബഹുദൂരം പിന്നിലാക്കി കൊണ്ട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സെവൻസ് ഫുട്ബോളിലെ കിരീടങ്ങളായ കിരീടങ്ങളും മൈതാനങ്ങളായ മൈതാനങ്ങളും കീഴടക്കി മുന്നേറി.

സീസണിൽ 14 കിരീടങ്ങളുമായി മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിൽ. കിരീട വേട്ടയിൽ അൽ മദീനയ്ക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള മെഡിഗാഡിനും ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനും ഈ സീസണിൽ നേടാനായത് ആറു കിരീടങ്ങൾ മാത്രം. കിരീടങ്ങൾ മാത്രമല്ല ഈ സീസണിൽ 18 ഫൈനലുകൾ കളിച്ച് ഏറ്റവും കൂടുതൽ ഫൈനൽ കളിക്കുന്ന ടീമും അൽ മദീന ചെർപ്പുള്ളശ്ശേരി ആയി. സീസണിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവും കൂടുതൽ വിജയം നേടിയതും സോക്കർ സിറ്റിയും ഫാൻ പോർട്ടും ഒരുക്കിയ പ്രഥമ സെവൻസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയതും അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെ.

 

ഈ സീസണിലെ ഒട്ടു മിക്ക റെക്കോർഡുകളും അൽ മദീന ചെർപ്പുള്ളശ്ശേരി സ്വന്തം പേരിൽ കുറിച്ചു.സീസണിലെ ഏറ്റവും വലിയ മാർജിനിൽ ഉള്ള വിജയം എഫ് സി ഗോവയ്ക്കെതിരെ 6-0 എന്ന സ്കോറിന് ,ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയ്ക്കു പുറമെ ഏറ്റവും മികച്ച ഡിഫൻസും അൽ മദീന ചെർപ്പുള്ളശ്ശേരിയുടേതായിരുന്നു.

സീസണിൽ 50 ക്ലീൻഷീറ്റാണ് അൽ മദീന ചെർപ്പുള്ളശ്ശേരി സ്വന്തമാക്കിയത്. സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് മാത്രമേ 50 ക്ലീൻ ഷീറ്റുകൾ നേടാൻ ഇത്തവണ ആയിട്ടുള്ളൂ. കളിച്ച മത്സരങ്ങളേക്കാൾ കുറവ് ഗോൾ വഴങ്ങിയ ഏകടീമും അൽ മദീന ചെർപ്പുള്ളശ്ശേരി ആണ്. 100 ഗോൾ വഴങ്ങാൻ ഏറ്റവും കൂടുതൽ മത്സരങ്ങൾ എടുത്ത ടീമും അൽ മദീന ചെർപ്പുള്ളശ്ശേരി ആണ്.

അൽ മദീനയുടെ താരങ്ങളും റെക്കേർഡുകൾ വാരി. 99 ഗോളുകൾ അടിച്ചു കൂട്ടിയ അൽ മദീനയുടെ വിദേശ സ്ട്രൈക്കർ ആൽബർട്ട് ആണ് ഇത്തവത്തെ സെവൻസ് ഫുട്ബോൾ സീസണിലെ ടോപ്പ് സ്കോറർ. 10 ടൂർണമെന്റിലധികം മികച്ച ഗോൾ കീപ്പർ പുരസ്കാരം സ്വന്തമാക്കിയ മദീനയുടെ സ്വന്തം അൻഷിദ് ഖാൻ സെവൻസിലെ മികച്ച ഗോൾ കീപ്പർ എന്ന പേരും നേടി. അൽ മദീനയ്ക്കു വേണ്ടി സ്ഥിരതയാന്ന പ്രകടനങ്ങൾ നടത്തിയവരുടെ പേരുകൾ ഇനിയും നീളുന്നു. ഹൈദർ, സഫീർ, സനൂബ്, മഹ്സൂം, ഡിമറിയ, സൽമാൻ ഷാ, ഷിബു തുടങ്ങിയവരൊക്കെ സീസണിലുടനീളം മദീനയ്ക്കു വേണ്ടി തിളങ്ങി നിന്നു.

അൽ മദീനയുടെ വിജയങ്ങളുടെ ക്രെഡിറ്റ് മാനേജർ ഹാരിസ് പാച്ചേരിക്കും അസിസ്റ്റന്റ് മാനേജർ ആസിഫിനും അവരുടെ തന്ത്രങ്ങൾക്കും കിട്ടിയ ഫലം കൂടിയാണ്. അടുത്ത സീസണിലും അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെയാകും കരുത്തരിൽ കരുത്തരാവുക എന്ന സൂചനകളാണ് അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ പുതിയ നീക്കങ്ങൾ ഉറപ്പു തരുന്നത്.

Advertisement