കാമറൂണിനു ജയം, സമനില കുരുക്കിൽ ഗാബോണും ബുർക്കിന ഫാസോയും

ഗ്രൂപ്പ് എ യിൽ നടന്ന ആദ്യ മത്സരത്തിൽ കാമറൂണിനു വിജയം. ഒരു ഗോളിന് പിറകിൽ പോയതിനുശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് കാമറൂൺ ഗിനിയക്കെതിരെ വിജയം നേടിയത്. മത്സരംമികച്ച നിലയിൽ തുടങ്ങിയ കാമറൂൺ പക്ഷെ 13ആം മിനുട്ടിൽ പിക്വിറ്റിയുടെ ഉജ്ജ്വല ഗോളിൽ പിറകിലായി.  ഗ്രൗണ്ടിന്റെ മധ്യ നിരയിൽ നിന്ന് പന്തുമായി കുതിച്ച പിക്വിറ്റി മൂന്ന് കാമറൂൺ കളിക്കാരെ കബളിപ്പിച്ചുകൊണ്ടു ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ  മികച്ച ആക്രമണം കാഴ്ചവെച്ച കാമറൂൺ കളിയുടെ 60മിനുറ്റിൽ സെബാസ്റ്യൻ സിയാനിയിലൂടെ സമനില നേടിയെടുത്തു. കളി തീരാൻ 12 മിനിറ്റ് ബാക്കി നിൽക്കെ മിഖായേൽ ങ്കഡ്യൂ കാമറൂണിനു വിജയ ഗോൾ നേടി കൊടുത്തു. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്തു വിട്ട ഷോട്ട് ഗിനിയൻ ഗോൾ കീപ്പർക്കു ഒരു അവസരവും നൽകാതെ ഗോളിൽ കലാശിക്കുകയായിരുന്നു.

ഈ ജയത്തോടെ കാമറൂൺ ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തി. ഗാബോണിനെതിരെയുള്ള മത്സരത്തിൽ സമനില മാത്രം മതി കാമറൂണിനു ക്വാർട്ടർ ഫൈനലിലെത്താൻ. അതെ സമയം ഗിനിയക്ക് ബുർക്കിന ഫസോയെ തോൽപ്പിച്ചാൽ മാത്രമേ ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിക്കു.

ഗ്രൂപ്പ് എ യിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഗാബോണും ബുർക്കിന ഫാസോയും ഓരോ ഗോൾ വീതം നേടി  സമനിലയിൽ പിരിഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഗാബോൺ തുടർച്ചയായ രണ്ടാം മത്സരത്തിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.    മത്സരം നന്നായി തുടങ്ങിയ ഗാബോൺ പക്ഷെ അവരുടെ തന്നെ ഒരു കോർണറിൽ നിന്ന് വന്നു ഒരു നീണ്ട പാസിൽ നിന്ന്  ഗോൾ വഴങ്ങി. കളിയുടെ 23ആം മിനുട്ടിൽ പ്രെജുസ് നകൗൽമയാണ്  ബുർക്കിന ഫാസോക്ക് അപ്രതീക്ഷിത ലീഡ് നൽകിയത്. എന്നാൽ കളിയുടെ 38ആം മിനുട്ടിൽ  ബുർക്കിന ഫാസോ താരം കൗഅകൗ ഹെർവേ കോഫീ അനാവശ്യമായി പെനാൽറ്റി വഴങ്ങി ഗാബോണിന് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള അവസരം ഒരുക്കി. ജർമൻ ക്ലബ് ഡോർട്മോണ്ടിന്റെ താരം എമെറിക്  ഔബാമയാങ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു മത്സരം സമനിലയിലാക്കി.  ഔബാമയാങിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും രണ്ടു ടീമിന്റെയും കീപ്പർമാരുടെ മികച്ച പ്രകടനം സ്കോർ നില 1 – 1 എന്ന നിലയിൽ നിലനിർത്തി.